Saturday, December 8, 2012

ഇടവിളയായി ആദായ പുഷ്‌പങ്ങള്‍

ഇടവിളയായി ആദായ പുഷ്‌പങ്ങള്‍
http://www.mathrubhumi.com/agriculture/story-323229.html


തെങ്ങിന് ഇടവിളയായി ഹെലിക്കോണിയ നട്ടുവളര്‍ത്തിയാല്‍ അത്. നല്ലൊരു വരുമാന മാര്‍ഗമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് മേഴ്‌സിജോണി എന്ന വീട്ടമ്മ. ഒരാഴ്ച കുറഞ്ഞത് അയ്യായിരം രൂപയുടെ ഹെലിക്കോണിയാ പൂക്കള്‍ ഇവരിന്ന് വിറ്റഴിക്കുന്നു. 

ഗുരുവായൂര്‍ മുനിസിപ്പല്‍ പ്രദേശത്തുതാമസിക്കുന്ന മേഴ്‌സി ഹോബിയെന്ന നിലയില്‍ 2006-ലാണ് പുഷ്പകൃഷി തുടങ്ങിയത്. തെങ്ങിന്‍ തോപ്പില്‍ കുറേസ്ഥലത്ത് ഹെലിക്കോണിയ നട്ടുവളര്‍ത്തി. അവ പൂവിട്ടതോടെ വില്പനസാധ്യത അന്വേഷിച്ചെങ്കിലും വജയിച്ചില്ല. എന്നാല്‍ രണ്ടുമൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കഥ മാറി. തൃശ്ശൂര്‍ നഗരത്തില്‍നിന്ന് പുഷ്പവ്യാപാരികള്‍ ഹെലിക്കോണിയ പൂക്കള്‍ വാങ്ങാനെത്തി. അവരുടെ ഡിമാന്റനുസരിച്ച് പൂക്കള്‍ നല്‍കാനാവാത്ത സ്ഥിതിയായി. ഇതിനിടെ ഭര്‍ത്താവായ ജോണി ഗള്‍ഫ് സേവനം അവസാനിപ്പിച്ചു മടങ്ങിയെത്തി. രണ്ടുപേരും ചേര്‍ന്ന് ഒന്നര ഏക്കര്‍ തെങ്ങിന്‍ തോപ്പ് മുഴുവന്‍ഹെലിക്കോണിയ നട്ട് ആദായം പതിന്‍മടങ്ങായി.

തെങ്ങിന്‍തോപ്പില്‍ 24 ഇനം ഹെലിക്കോണിയകളാണ് ഇവരിന്ന് നട്ടുവളര്‍ത്തുന്നത്. തെങ്ങുകള്‍ക്കിടയില്‍ കൂനകൂട്ടി ഒന്നര മീറ്ററോളം അകലത്തിലാണ് ഹെലിക്കോണിയയുടെ കിഴങ്ങുകളോ കന്നുകളോ നടുക. ഈര്‍പ്പം നല്ലതോതില്‍ ആവശ്യമുള്ള വിളയാണെങ്കിലും വെള്ളക്കെട്ടുണ്ടായാല്‍ കിഴങ്ങുകള്‍ അഴുകാനിടയുണ്ട്. അതുകൊണ്ട് തുള്ളി നനയാണ് അനുയോജ്യമെന്ന് മേഴ്‌സി അഭിപ്രായപ്പെടുന്നു. തോട്ടത്തിലെ ഹെലിക്കോണിയകളുടെ ചുവടൊക്കെ സ്വിപ്പ് സംവിധാനം ഉപയോഗിച്ച് നനയ്ക്കുന്നുണ്ട്. പുതയിടാനും നിഷ്‌കര്‍ഷിക്കുന്നു. കൃഷിയിടത്തിലെ അവശിഷ്ടങ്ങളും ഗൃഹാവശിഷ്ടങ്ങളും മണ്ണിരക്കമ്പോസ്റ്റാക്കുന്നുണ്ട്. ഇതാണ് ഹെലിക്കോണിയയ്ക്ക് പ്രധാന വളം. പുറമെ സാധാരണ കമ്പോസ്റ്റും ചാണകവും നല്‍കുന്നു. നട്ട് ഒന്നര രണ്ട് മാസംകൊണ്ട് പൂവിടല്‍ ആരംഭിക്കും. 3 മുതല്‍ 4 വര്‍ഷം വരെയേ ഒരു ഹെലിക്കോണിയ ചെടി ലാഭകരമായ തോതില്‍ പൂക്കള്‍ തരികയുള്ളൂ. അപ്പോഴേയ്ക്ക് അവയുടെ ചുവട്ടില്‍ ധാരാളമായുണ്ടാകുന്ന ചെറിയ കന്നുകള്‍ വളര്‍ന്ന് പൂത്ത് തുടങ്ങിയിരിക്കും. ഇങ്ങനെ കുറ്റിവിളയായി ഹെലിക്കോണിയ വളര്‍ത്തുന്നു. ഒന്നര ഏക്കറില്‍ നിന്ന് അയ്യായിരത്തോളം രൂപയുടെ പൂക്കള്‍ ഓരോ ആഴ്ചയും വിളവെടുക്കും. തൃശ്ശൂരില്‍ നിന്നുള്ള പുഷ്പവ്യാപാരികള്‍ കൃഷിയിടത്തിലെത്തിത്തന്നെ പൂക്കള്‍ വാങ്ങുന്നുണ്ട്. നല്ല ഇനങ്ങളുടെ പൂക്കള്‍ക്ക് 25 രൂപവരെ വില കിട്ടും. കന്നുകള്‍ക്ക് നല്ല പ്രിയമാണ്, നല്ല ഇനങ്ങളുടെ കന്ന് 500 രൂപയ്ക്കുവരെ വില്‍ക്കാനാകുന്നു.

മേഴ്‌സി, വീട്ടുവളപ്പില്‍ ആന്തൂറിയം ചെടികളും വളര്‍ത്തുന്നുണ്ട്. ട്രോപ്പിക്കല്‍ റെഡ് ഇനത്തില്‍പ്പെട്ട 3000-ഓളം ചെടികളെ ഗ്രീന്‍ഹൗസില്‍ പരിപാലിക്കുന്നു. ആവി നനയാണ് ഇവയ്ക്കുനല്‍കുക. മണ്ണിരക്കമ്പോസ്റ്റിനു പുറമെ, ഇതിന്റെ സത്തും കടലപ്പിണ്ണാക്കും പുളിപ്പിച്ച് നേര്‍പ്പിച്ചതും വളമായി നല്‍കുന്നു. മാസത്തില്‍ കുറഞ്ഞത് 400 പൂക്കള്‍ വിളവെടുക്കാം. വലിപ്പമനുസരിച്ച് 8 മുതല്‍ 12 രൂപവരെ പൂവിന് ലഭിക്കും.

നാഗരികര്‍ക്കിടയില്‍ പ്രിയമേറിവരുന്ന പൂച്ചെടിയാണു മിനി ആന്തൂറിയം. വ്യത്യസ്തങ്ങളായ പലവര്‍ണങ്ങളില്‍ ഇതു കാണപ്പെടുന്നു. ഇവയുടെ തൈകളും മേഴ്‌സി വില്‍ക്കുന്നുണ്ട്. കൂടാതെ പലയിനം ഓര്‍ക്കിഡുകളുടെ തൈകളും.

ഗുരുവായൂരില്‍ ഒരു സസ്യനഴ്‌സറിക്ക് മേഴ്‌സി ജോണി അടുത്തിടെ തുടക്കം കുറിച്ചു. മേഴ്‌സിയുടെ മാതൃക പിന്‍തുടര്‍ന്ന് ഈ പ്രദേശത്തെ ഒട്ടേറെ വീട്ടമ്മമാര്‍ പുഷ്പകൃഷിയില്‍ ചുവടുവെച്ചിട്ടുണ്ട്. 

Wednesday, October 3, 2012

കേരകൃഷിയുടെ രക്ഷയ്ക്ക് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍

കേരകൃഷിയുടെ രക്ഷയ്ക്ക് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍

Posted on: 03 Oct 2012
ബി.രാജേഷ്‌കുമാര്‍


നാളികേരത്തിന്റെ സ്വന്തം നാടാണ് കേരളം.നാളികേര ഉത്പാദനത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനവും ഉത്പാദനക്ഷമതയില്‍ രണ്ടാം സ്ഥാനവും നമുക്ക് സ്വന്തം. കേരകൃഷി കേരളത്തിലെ കര്‍ഷകജീവിതത്തിന്റെ നട്ടെല്ലാകേണ്ടതാണെങ്കിലും കൃഷിയിടങ്ങളിലും വിപണിയിലും വിളയുന്നതിലേറെയും നഷ്ടത്തിന്റെയും നിരാശയുടെയും കഥകള്‍ മാത്രം. വെളിച്ചെണ്ണ വിപണിയിലെ തിരിച്ചടികള്‍ നാളികേരവിലയെ സാരമായി ബാധിക്കുന്നത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മാറാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

കേരളത്തിന്റെ കല്പവൃക്ഷമാണ് തെങ്ങ്. എല്ലാഭാഗങ്ങളും ഉപയോഗപ്പെടുത്താവുന്ന അപൂര്‍വ വൃക്ഷം. പക്ഷേ കേരകൃഷി ഉപജീവനമാക്കിയ 42 ലക്ഷത്തോളം പേര്‍ പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന കാഴ്ചയാണിന്ന്. തെങ്ങ് ചതിക്കില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. പക്ഷേ ആഴത്തില്‍ ചിന്തിച്ചാല്‍ ഒന്നു വ്യക്തമാകും, തെങ്ങിനെ നമ്മള്‍ ചതിക്കുകയായിരുന്നുവെന്ന്. അനന്തസാധ്യതകള്‍ ഉണ്ടായിട്ടും അതുപയോഗപ്പെടുത്താനാവാതെ മാറി നിന്നതിന്റെ തിക്തഫലം കാര്‍ഷികരംഗത്തിന് മാത്രമല്ല, വ്യവസായ, സാമ്പത്തിക മേഖലകള്‍ക്കും തിരിച്ചടിയായി. ഈ പശ്ചാത്തലത്തില്‍ മൂല്യവര്‍ധിത നാളികേരോത്പന്നങ്ങളുടെ ഉത്പാദനത്തിനും വിപണനത്തിനും വിപുലമായ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് നാളികേര വികസന ബോര്‍ഡ്.

കൊപ്ര, വെളിച്ചെണ്ണ, പാചകം.... കേരളത്തിന്റെ നാളികേര ഉപയോഗത്തിന്റെ സിംഹഭാഗവും ഇങ്ങനെ. വിളഞ്ഞ നാളികേരം കേരളത്തില്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് രണ്ട് ശതമാനമാണെന്നാണ് നാളികേര വികസന ബോര്‍ഡിന്റെ കണക്ക് . വെളിച്ചെണ്ണവില ഇടിഞ്ഞാല്‍ തേങ്ങാ വിലയും താഴോട്ടാവും. അഞ്ച് രൂപയില്‍ താഴേക്കുവരെ തേങ്ങാവില കൂപ്പുകുത്തുമ്പോള്‍ കര്‍ഷകന്‍ കണ്ണീര്‍ക്കയത്തില്‍ പിടയുന്ന കാഴ്ചയാണ് വര്‍ത്തമാന കേരളത്തില്‍. വെളിച്ചെണ്ണയുടെ വില നിശ്ചയിക്കുന്ന കുത്തക കമ്പനികള്‍ കേരളത്തിന് കനത്ത ആഘാതം സൃഷ്ടിക്കുമ്പോള്‍ ശ്രീലങ്ക, തായ്‌ലന്റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കര്‍ഷകരാവട്ടെ വൈവിധ്യമാര്‍ന്ന നാളികേരോത്പന്നങ്ങളിലൂടെ സാമ്പത്തിക ഭദ്രത നിലനിര്‍ത്തുന്നു.

നാളികേര ഉത്പാദനത്തില്‍ കേരളത്തേക്കാള്‍ പിന്നിലായ ചില രാജ്യങ്ങളുടെ പോലും കയറ്റുമതിയില്‍ നിന്നുള്ള വരുമാനം, ഇന്ത്യയുടെ നാളികേരോത്പന്നങ്ങളുടെ കയറ്റുമതി വരുമാനത്തിന്റെ പല മടങ്ങാണ്. ഈ രാജ്യങ്ങളിലൊന്നും വെളിച്ചെണ്ണയുടെ വിലയിടിവ് തേങ്ങയുടെ വിലയെ ബാധിക്കാറില്ല. കാരണം ലളിതം. തേങ്ങയില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് നാളികേരവിലയെയും കൃഷിക്കാരുടെ വരുമാനത്തെയും നിര്‍ണിയിക്കുന്നത്.

കൊപ്രയ്ക്ക് താങ്ങുവില നിശ്ചയിച്ചത് കൊണ്ടോ നാഫെഡ് കൊപ്ര സംഭരിച്ചതിനാലോ മാത്രം വിലസ്ഥിരതയെന്ന ലക്ഷ്യം പൂര്‍ണമായി നേടാനാകില്ലെന്ന് നാളികേര വികസനബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ് പറയുന്നു. പതിനെട്ട് കോടിയോളം തെങ്ങുകളുള്ള കേരളത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണവും വിപണനവും വഴി മാത്രമേ തേങ്ങയ്ക്ക് സ്ഥിരവിലയും കര്‍ഷകര്‍ക്ക് സ്ഥിരവരുമാനവും ഉണ്ടാകൂയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ രീതിയിലുളള നീക്കങ്ങള്‍ക്ക് നാമേറെ വൈകിയെന്നതാണ് തിരിച്ചടികള്‍ ഇത്ര രൂക്ഷമാകാന്‍ കാരണം. നാളികേരോത്പാദനത്തിന്റെ ഇരുപത്തിയഞ്ച് ശതമാനമെങ്കിലും കരിക്കായും വിളഞ്ഞ നാളികേരത്തിന്റെ നാല്‍പത് ശതമാനമെങ്കിലും കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും പുറമെയുള്ള ഉത്പന്നങ്ങളുമാക്കാന്‍ കഴിയുകയും ചെയ്താല്‍ വിലസ്ഥിരത നേടാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൊപ്ര, വെളിച്ചണ്ണ, മറ്റ് മൂല്യവര്‍ധിത നാളികേരോത്പന്നങ്ങള്‍ എന്നിവയ്ക്കായി തൊണ്ണൂറോളം യൂണിറ്റുകള്‍ മാത്രമാണ് കേരളത്തില്‍ ഉള്ളത്.

പ്രകൃതിയുടെ വരദാനമെന്ന് വിശേഷിപ്പിക്കാവുന്ന കരിക്കിന്‍ വെള്ളത്തിന് ആഗോളതലത്തില്‍ തന്നെ വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പോഷകസമൃദ്ധമെന്നതിന് പുറമെ പരിശുദ്ധിയുടെ പ്രതീകവുമായ കരിക്കിന്‍ വെള്ളത്തിന്റെ മാര്‍ക്കറ്റ് ഇനിയും ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ആകെ ഉത്പാദിപ്പിക്കുന്ന 580 കോടി നാളികേരത്തിന്റെ നാലിലൊന്നുപോലും കരിക്കെന്ന നിലയില്‍ വിപണനം നടത്താന്‍ കഴിയുന്നില്ല. കേരളത്തിന്റെ ദാഹം ശമിപ്പിക്കാന്‍ തമിഴ്‌നാടിന്റെ കരിക്ക് വേണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കരിക്കിന്‍ വെള്ളം പായ്ക്കറ്റിലാക്കി വിപണിയിലെത്തിക്കുന്ന ഒരു യൂണിററ് മാത്രമാണ് നിലവില്‍ കേരളത്തിലുള്ളത്. ബഹുരാഷ്ട്ര കമ്പനികള്‍ പോലും കരിക്കിന്‍വെള്ളത്തിനായി കേരളത്തിലേക്ക് ഉററുനോക്കുമ്പോള്‍ അവസരങ്ങളുപയോഗപ്പെടുത്താനാകാതെ നാം പകച്ചുനില്‍ക്കുന്നു.

കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്ര, ഗുജറാത്ത്, ഒറീസ്സ എന്നീ സംസ്ഥാനങ്ങളില്‍ കരിക്കിന്‍വെള്ളം ബോട്ടിലിലാക്കി ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ പലതുണ്ട്.തമിഴ്‌നാട്ടില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതിയുമുണ്ട്. ബഹുരാഷ്ട്ര കമ്പനികള്‍ തമ്മില്‍ വരും നാളുകളില്‍ ഇളനീരിനായുള്ള മത്സരം തന്നെ ഉണ്ടാവുമെന്നാണ് വിപണിയില്‍ നിന്നുള്ള വര്‍ത്തമാനം.

ബ്രിട്ടന്‍, നെതര്‍ലന്‍ഡ്, കാനഡ, മെക്‌സിക്കോ, യു.എ.ഇ, ജപ്പാന്‍, കൊറിയ, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് നാളികേരോത്പന്ന കയറ്റുമതിക്ക് അനന്തസാധ്യതകളാണുള്ളത്. കരിക്കിന്‍വെള്ളവും നാളികേരവും സംസ്‌കരിച്ച് വില്‍പ്പനയും കയറ്റുമതിയും നടത്തുന്ന അഞ്ഞൂറിലേറെ കമ്പനികള്‍ ശ്രീലങ്കയിലും ആയിരത്തിലേറെയെണ്ണം ഫിലിപ്പൈന്‍സിലുമുണ്ട്.

ചെത്തിയൊരുക്കി സംസ്‌കരിച്ച (മിനിമല്‍ പ്രോസസ്സിംഗ്) കരിക്കുകള്‍ക്കും കയറ്റുമതി സാധ്യത ഏറെയാണ്. ഇങ്ങനെ സംസ്‌കരിക്കുന്ന കരിക്ക് 24 ദിവസം വരെ അഞ്ചു മുതല്‍ ഏഴു വരെ ഡിഗ്രി സെല്‍ഷ്യസ് ശീതീകരിച്ച അവസ്ഥയില്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്.
മധുരപലഹാര നിര്‍മാണത്തിനും ഭക്ഷ്യവ്യവസായത്തിനും ഏറെ പ്രാധാന്യമുള്ള തൂള്‍ത്തേങ്ങ, പായ്ക്ക് ചെയ്ത തേങ്ങാപ്പാല്‍, കൊഴുപ്പകറ്റിയ ശേഷമുള്ള സ്‌കിംഡ് തേങ്ങാപ്പാല്‍, പശുവിന്‍ പാലിന് പകരം ഉപയോഗിക്കാവുന്ന കുപ്പിയിലാക്കിയ തേങ്ങാപ്പാല്‍, തേങ്ങാപ്പാലില്‍ നിന്ന് ജലാംശം അകറ്റിയ തേങ്ങപ്പാല്‍ പൊടി, വിറ്റമിന്‍ ഇ സമ്പുഷ്ടമായ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, കോക്കനട്ട് ഐസ്‌ക്രീം, കോക്കനട്ട് ഷുഗര്‍ തുടങ്ങിയവ ഏറെ പ്രാധാന്യമുള്ള മൂല്യവര്‍ധിത കേരോത്പന്നങ്ങളാണ്.

ഒരു ലക്ഷം തേങ്ങ സംസ്‌കരിക്കുന്ന യൂണിറ്റില്‍ ഏഴര ടണ്‍ വെര്‍ജിന്‍ വെളിച്ചെണ്ണ, 9 ടണ്‍ തൂള്‍ തേങ്ങ, 11500 ലിറ്റര്‍ തേങ്ങാവെള്ളം, 16.5 ടണ്‍ സ്‌കിം മില്‍ക്ക്, 11.5 ടണ്‍ ചിരട്ട എന്നിവ ലഭിക്കുമെന്നാണ് നാളികേര വികസന ബോര്‍ഡിന്റെ കണക്ക്.ചിരട്ടയില്‍ നിന്ന് ചിരട്ടപ്പൊടി, ചിരട്ടക്കരി, ആക്ടിവേറ്റഡ് കാര്‍ബണ്‍ എന്നിവയും നിര്‍മിക്കാം.
മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട്, ബാംഗ്‌ളൂരിലെ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറി എന്നിവയുമായി ചേര്‍ന്നാണ് ഗുണമേന്മയുള്ള പല മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. കരിക്കിന്‍വെള്ളവും കാമ്പും കലര്‍ത്തിയ കരിക്ക് പാനീയം (കോക്കനട്ട് ലസ്സി), കോക്കനട്ട് ഹണി, ഗാഢ തേങ്ങാവെള്ളം ഉപയോഗിച്ചുള്ള കോക്കനട്ട് സ്‌പ്രെഡ് എന്നിവയ്ക്കും വിപണിയില്‍ അനന്തസാധ്യതകളുണ്ട്.

തേങ്ങാവെള്ളത്തില്‍ നിന്നും തേങ്ങാപ്പാലില്‍ നിന്നും തയ്യാറാക്കാവുന്ന സസ്യവളര്‍ച്ചാ ഹോര്‍മോണായ കൊക്കോഗ്രോ, തേങ്ങാപ്പാല്‍ യോഗര്‍ട്ട്, തേങ്ങ പഞ്ചസാര (പാം ഷുഗര്‍), പുളിപ്പിച്ച തേങ്ങാവെള്ളം ഉപയോഗിച്ച് നിര്‍മിക്കുന്ന നാളികേര വിനാഗിരി ... ഉത്പന്ന നിര അങ്ങനെ നീളുകയാണ്. പുറമെ തെങ്ങിന്‍ തടിയില്‍ നിന്നുള്ള ഉത്പന്നങ്ങളും.
മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ സാങ്കേതികവിദ്യയും 25 ശതമാനം സാമ്പത്തിക സഹായവും നാളികേരവികസനബോര്‍ഡ് നല്‍കുന്നുണ്ടെന്ന് ചെയര്‍മാന്‍ ടി.കെ. ജോസ് പറഞ്ഞു. ചെറുകിട കര്‍ഷക, കാര്‍ഷിക ബിസിനസ് കണ്‍സോര്‍ഷ്യത്തില്‍ നിന്നും 10 ശതമാനം വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടിങ്ങും ലഭ്യമാണ് . കര്‍ഷകരുടെ ഉത്പാദകകമ്പനികള്‍ക്ക് നബാര്‍ഡിന്റെയും വിവിധ പദ്ധതികളില്‍ സഹായം ലഭ്യമാണ്. പുതിയ സംരംഭങ്ങള്‍ക്ക് വിപണന പ്രചാരണ ചെലവിന്റെ 50 ശതമാനം തുകയും ബോര്‍ഡ് നല്‍കുന്നുണ്ട്. ഇതിന് പുറമെ സംസ്ഥാനസര്‍ക്കാരും 25 ശതമാനം തുക സബ്‌സിഡിയായി നല്‍കും. ഇത്തരം നടപടികളുടെ ഭാഗമായി നിരവധി സംരംഭകര്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിനും വിതരണത്തിനും താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്.

നാളികേര ഉത്പാദകസംഘങ്ങളും, അവയുടെ ഫെഡറേഷനുകളും മൂല്യവര്‍ധിത ഉത്പാദനരംഗത്തേക്ക് കടന്നാല്‍ ഏറെ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ പിന്തുണ നല്‍കുകയും വേണം. നാളികേരോത്പന്നങ്ങളുടെ അന്തരാഷ്ട്ര വിപണി കണ്ടെത്തുന്നതിനും ബോര്‍ഡ് സഹായം നല്‍കുന്നുണ്ട്. അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ഉത്പന്ന നിര്‍മാണ മേഖലയിലേക്ക് കടന്ന് കേരകൃഷിരംഗത്തിന്റെ രക്ഷക്ക് അടിയന്തിരശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്.

Mathrubhumi - Agriculture - കേരകൃഷിയുടെ രക്ഷയ്ക്ക് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ -

Mathrubhumi - Agriculture - കേരകൃഷിയുടെ രക്ഷയ്ക്ക് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ -:

'via Blog this'

Thursday, March 1, 2012

Mathrubhumi - Agriculture - കാട്ടാനകളെ ഓടിക്കാന്‍ തേന്‍മതില്‍ -

Mathrubhumi - Agriculture - കാട്ടാനകളെ ഓടിക്കാന്‍ തേന്‍മതില്‍ -: "തിവര്‍ഷം കോടികളുടെ കൃഷിനാശം വരുത്തുന്ന കാട്ടാനകള്‍ മ"

'via Blog this'

Manorama Online | Environment | Save Earth |

Manorama Online | Environment | Save Earth |: "J ÎÞÜßÈcÎÞµáçOÞZ ²øá µáÝW ÈßùÏá¢. ÉßæK ¥¿áJ µáÝW ©ÉçÏÞ·ßAáµ. §Äá ÈßùEáÕøáçOÞçÝAᢠ¦ÆcæJ µáÝÜßçÜÄí Ȉ Õ{ÎÞÏß ÎÞùßÏßGáIÞÕá¢."

'via Blog this'

Saturday, February 18, 2012

Mathrubhumi - Agriculture - ആദായത്തിന് ലെയറിങ്‌ -

Mathrubhumi - Agriculture - ആദായത്തിന് ലെയറിങ്‌ -: "രുത്താര്‍ജിച്ചശേഷം മണ്ണിലേക്ക് മാറ്റിന"

'via Blog this'

333 വര്‍ഷംമുമ്പ് സംഭവിച്ചത്‌ - Mathrubhumi Books

333 വര്‍ഷംമുമ്പ് സംഭവിച്ചത്‌ - Mathrubhumi Books: "333 വര്‍ഷംമുമ്പ് സംഭവിച്ചത്‌"

'via Blog this'

ജോസഫ് ആന്റണി
കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് എഴുതപ്പെട്ട ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന മഹദ്ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ട് 333 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. ഈ ബൃഹദ്ഗ്രന്ഥത്തിന്റെ പഠനത്തിനും വിവര്‍ത്തനത്തിനുമായി സ്വജീവിതം സമര്‍പ്പിച്ച ഡോ.കെ.എസ്.മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞന്റെ അതുല്യമായ ജീവിതത്തിന്റെ നാള്‍വഴികളാണ് മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ 'ഹരിതഭൂപടം' എന്ന കൃതിയില്‍ . 'ഹരിതഭൂപട'ത്തില്‍ നിന്ന് ഒരു ഭാഗം ചുവടെ.



ഏതാണ് കൂടുതല്‍ ഫലഭൂയിഷ്ടമായ പ്രദേശം- മലബാറോ സിലോണോ? ഇങ്ങനെയൊരു ചോദ്യംതന്നെ എത്ര അപ്രസക്തമാണെന്ന് നമുക്കറിയാം. കേരളമെന്നും ശ്രീലങ്കയെന്നും ഇന്നറിയപ്പെടുന്ന ഈ പ്രദേശങ്ങള്‍ ഓരോന്നും അവയുടേതായ നിലയില്‍ ഫലഭൂയിഷ്ടങ്ങളാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. മൂന്നു നൂറ്റാണ്ടു മുമ്പ് ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയിലെ ഉന്നതരായ അഡ്മിറല്‍ റിജ്‌ലോഫ് വാന്‍ ഗൊന്‍സും, മലബാര്‍ കമാണ്ടര്‍ ഹെന്‍ട്രിക് ആന്‍ഡ്രിയന്‍ വാന്‍ റീഡും തമ്മില്‍ ഇത്തരമൊരു വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, അതത്ര അപ്രസക്തമായ ഒന്നായി ആരും കണ്ടില്ല. മറിച്ച്, ഡച്ച് കൊളോണിയല്‍ ചേരിയെ പിടിച്ചു കുലുക്കാന്‍ പോന്ന ഒരു രാഷ്ട്രീയപ്രശ്‌നമായി അത് വളര്‍ന്നു. കമ്പനിയുടെ നേതൃത്വത്തെപ്പോലും ആ വിവാദം ധര്‍മസങ്കടത്തിലാക്കി. കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍ സ്ഥാനത്തുനിന്നുള്ള വാന്‍ റീഡിന്റെ രാജിയില്‍ കലാശിച്ച ആ തര്‍ക്കത്തിന്റെ യഥാര്‍ഥ ഫലം ശരിക്കു പറഞ്ഞാല്‍ ഇതൊന്നുമായിരുന്നില്ല. തര്‍ക്കമില്ലാത്ത വിധം മഹത്തായ ഒരു വിശിഷ്ടഗ്രന്ഥത്തിന്റെ രൂപത്തില്‍ അതിന്നും നമുക്ക് മുന്നിലുണ്ട്. 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' ആണ് ആ ഗ്രന്ഥം. മലബാറാണ് ലോകത്തെ ഏറ്റവും ഫലഭൂയിഷ്ടമായ പ്രദേശമെന്ന് സ്ഥാപിക്കാന്‍, ഇവിടെ കുരുമുളക് പോലുള്ള സുഗന്ധദ്രവ്യങ്ങള്‍ മാത്രമല്ല ഉള്ളതെന്ന് സ്വന്തം കമ്പനിയെ ബോധ്യപ്പെടുത്താന്‍, രാഷ്ട്രീയ പ്രതിയോഗികള്‍ക്കുള്ള മറുപടിയായി വാന്‍ റീഡ് അണിയിച്ചൊരുക്കിയ ആ ഗ്രന്ഥത്തിലാണ് മലയാള അക്ഷരങ്ങള്‍ ആദ്യമായി അച്ചടിക്കപ്പെട്ടത്. ഒരു ഉഷ്ണമേഖലാ പ്രദേശത്തെ, പ്രത്യേകിച്ചും കേരളത്തിലെ, പ്രകൃതിസമ്പത്തിനെക്കുറിച്ച് തയ്യാറാക്കപ്പെട്ട ആദ്യ ആധികാരികഗ്രന്ഥവും മറ്റൊന്നല്ല.

ലാറ്റിന്‍ ഭാഷയില്‍ രചിക്കപ്പെട്ട ഹോര്‍ത്തൂസ് 1678-1693 കാലത്ത് 12 വാല്യങ്ങളായി ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്നാണ് പുറത്തിറങ്ങിയതെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. മുന്നൂറ് വര്‍ഷം കഴിഞ്ഞും സസ്യശാസ്ത്രജ്ഞരെ അമ്പരിപ്പിക്കാനും അതിശയിപ്പിക്കാനും പോന്ന വിഭവങ്ങള്‍ ഹോര്‍ത്തൂസില്‍ 742 അധ്യായങ്ങളിലായി വാന്‍ റീഡ് ഒരുക്കിവെച്ചു. ഒരോ അധ്യായവും കേരളത്തില്‍ വളരുന്ന ഓരോ ചെടികളെക്കുറിച്ചുള്ള വിവരണമാണ്, സചിത്ര വിവരണം. ഇരട്ടഫോളിയോ വലിപ്പത്തിലുള്ള ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുടെ അകമ്പടിയോടെ, ഫോളിയോ വലിപ്പത്തില്‍ പുറത്തിറങ്ങിയ ഹോര്‍ത്തൂസ് ഏത് മാനദണ്ഡമനുസരിച്ച് അളന്നാലും ഇതിഹാസതുല്യമാണ്. പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ അത്തരമൊരു ഗ്രന്ഥം തയ്യാറാക്കാന്‍ വാന്‍ റീഡ് നടത്തിയ ശ്രമവും ഇതിഹാസതുല്യം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. മറിയന്‍ ഫൗര്‍ണിയറുടെ വാക്കുകള്‍ കടമെടുത്താല്‍, 'ഇന്ത്യക്കാര്‍, പശ്ചാത്യര്‍, സസ്യശാസ്ത്രജ്ഞര്‍, വൈദികര്‍, ശിപായിമാര്‍, സൈനികര്‍ - എന്നിങ്ങനെ വൈവിധ്യമേറിയ ജീവിത പശ്ചാത്തലമുള്ള ഒട്ടനേകം പേരെ, അക്കാലത്ത് ആറ് മാസം കൊണ്ടുമാത്രം യാത്ര ചെയ്‌തെത്താവുന്ന രണ്ട് സ്ഥലങ്ങളില്‍ (രണ്ട് ഭൂഖണ്ഡങ്ങളില്‍), സഹകരിപ്പിക്കുക'യെന്ന തികച്ചും അസാധ്യമെന്ന് കരുതാവുന്ന ദൗത്യമാണ് ഹോര്‍ത്തൂസിന്റെ നിര്‍മിതിക്കായി വാന്‍ റീഡിന് നിര്‍വഹിക്കേണ്ടിയിരുന്നത്. മലബാറിനെയും ഇവിടുത്തെ ജനങ്ങളെയും ഏറെ വിലമതിച്ച വാന്‍ റീഡ് യഥാര്‍ത്തില്‍ ഭാവിക്ക് വേണ്ടി ഒരുക്കിവെച്ച ഒരു സമ്മാനമായിരുന്നു ആ ഗ്രന്ഥം. അതിന് അന്നത്തെ രാഷ്ട്രീയസാഹചര്യം നിമിത്തമായി എന്നുമാത്രം.

സസ്യശാസ്ത്ര വിദ്യാര്‍ഥികള്‍, കേരളചരിത്രം പഠിക്കുന്നവര്‍, മലയാള ഭാഷയുടെയും ലിപിയുടെയും പരിണാമം അറിയാനാഗ്രഹിക്കുന്നവര്‍, കേരളത്തിലെ പരമ്പരാഗത വൈദ്യവിജ്ഞാനം മനസിലാക്കാന്‍ ശ്രമിക്കുന്നവര്‍, അതുമല്ലെങ്കില്‍ അച്ചടിവിദ്യയുടെയും മുദ്രണ സങ്കേതങ്ങളുടെയും വികാസപരിണാമം തേടിപ്പോകുന്നവര്‍ - ഇതില്‍ ആര്‍ക്കാണ് ഹോര്‍ത്തൂസ് കൂടുതല്‍ പ്രയോജനം ചെയ്യുകയെന്ന് പറയാനാകില്ല. ഈ മേഖലയിലെല്ലാം വിലപ്പെട്ട ഉള്‍ക്കാഴ്ച്ച നല്‍കാന്‍ പോന്ന ഗ്രന്ഥമാണിത്. അതുകൊണ്ടും തീരുന്നില്ല ഹോര്‍ത്തൂസ് മുന്നോട്ടുവെയ്ക്കുന്ന സാധ്യതകള്‍. പതിനേഴാം നൂറ്റാണ്ടില്‍ മലബാറിലും ഇന്ത്യയില്‍ പൊതുവെയും നിലനിന്നിരുന്ന സാമൂഹിക സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രധാനപ്പെട്ട വിവരങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്. മലയാള ഭാഷയുടെ മാത്രമല്ല, കൊങ്കിണി ഭാഷയുടെയും ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഹോര്‍ത്തൂസ്. അറിബി ഭാഷയുടെ ചരിത്രത്തെക്കുറിച്ചും അത് പുതിയ ഉള്‍ക്കാഴ്ച പ്രദാനം ചെയ്യുന്നു. മലബാറിലെ ചെടികളെക്കുറിച്ചുള്ള ആ ഗ്രന്ഥം, ഇന്ത്യയിലെയും നെതര്‍ലന്‍ഡ്‌സിലെയും രാഷ്ട്രീയചരിത്രത്തില്‍ അടയാളം പതിപ്പിക്കുക മാത്രമല്ല, മലബാറിലെ പ്രകൃതിവിഭവങ്ങള്‍ എത്ര സമ്പന്നമാണെന്ന് പറഞ്ഞുവെയ്ക്കുക വഴി ഡച്ചുകാര്‍ക്ക് പിന്നാലെ ഇതര യൂറോപ്യന്‍ ശക്തികള്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ പ്രലോഭനമാകുകയും ചെയ്തിരിക്കണം. ചരിത്രത്തിലും രാഷ്ട്രീയത്തിലും ഒരുപോല കൊടിയടയാളം പതിപ്പിച്ച ഇത്തരമൊരു സസ്യശാസ്ത്രഗ്രന്ഥം അധികം കാണാന്‍ വഴിയില്ല. ഇങ്ങനെയൊരു ബൃഹത്ഗ്രന്ഥം തയ്യാറാക്കുന്നതിലേക്ക് വാന്‍ റീഡ് എത്തിച്ചേര്‍ന്നത് എങ്ങനെയെന്നറിയാന്‍ അദ്ദേഹത്തിന്റെ ജീവചരിത്രം ഹൃസ്വമായ രീതിയില്‍ ഒന്ന് പരിശോധിക്കേണ്ടതുണ്ട്.

ഒരു സസ്യശാസ്ത്രഗ്രന്ഥം തയ്യാറാക്കാന്‍ വേണ്ട യോഗ്യതയുള്ള വിദഗ്ധനായിരുന്നില്ല വാന്‍ റീഡ്. അത് അദ്ദേഹം തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട് . ഡച്ച് റിപ്പബ്ലിക്കില്‍ കാര്യമായി സ്വാധീനം ചെലുത്തിയിരുന്ന ഒരു കുലീന പ്രഭു കുടുംബത്തിലെ അംഗമായിരുന്നു വാന്‍ റീഡ്. ആംസറ്റര്‍ഡാമില്‍ 1636 ല്‍ ജനിച്ച അദ്ദേഹത്തിന് പ്രാഥമിക വിദ്യാഭ്യാസം പോലും കാര്യമായി ലഭിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഏണസ്റ്റ് വാന്‍ റീഡിന്റെയും എലിസബത്ത് യുട്ടെന്‍ഹൊവിന്റെയും 12 മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു വാന്‍ റീഡ്. കുടുംബക്കാര്‍ പരമ്പരാഗതമായി ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരായിരുന്നെങ്കിലും, ഏണസ്റ്റ് വാന്‍ റീഡ് 'അര്‍മിനിയനിസം' (Arminianism) എന്ന വിശ്വാസരീതി പിന്തുടരുന്ന വ്യക്തിയായിരുന്നു. ഇതര വിശ്വാസികളോട് തുറന്ന മനസോടെയുള്ള സമീപനമായിരുന്നു അര്‍മിനിയന്‍സുകളുടെ സവിശേഷത. പില്‍ക്കാലത്ത് കൊച്ചിയില്‍ ഹോര്‍ത്തൂസിന്റെ നിര്‍മിതിക്കായി വിവിധ വിശ്വാസധാരയില്‍ പെട്ടവരെ സഹകരിപ്പിക്കാന്‍, പിതാവ് വഴി കുടുംബത്തിന് ലഭിച്ച തുറന്ന സമീപനരീതി വാന്‍ റീഡിനെ സഹായിച്ചിട്ടുണ്ടാകണം. വാന്‍ റീഡിന് ഒരു വയസുള്ളപ്പോള്‍ മാതാവ് എലിസബത്തും നാലാമത്തെ വയസ്സില്‍ പിതാവ് ഏണസ്റ്റും മരിച്ചു. കുട്ടികളുടെ സംരക്ഷണ ചുമതല അമ്മാവന്‍ ഗൊദാര്‍ദ് വാന്‍ റീഡ് വാന്‍ നെഡര്‍ഹോസ്റ്റിന്റെ ചുമലിലായി. വാന്‍ റീഡിന് 12 വയസുള്ളപ്പോള്‍ അമ്മാവനും മരിച്ചു. പിന്നീട് മൂത്ത സഹോദരന്‍ ജെറാര്‍ദിനായി മേല്‍നോട്ടം. ഇത്തരം ചില വസ്തുതകളല്ലാതെ, വാന്‍ റീഡിന്റെ ബാല്യകാലത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പതിനാലാം വയസില്‍ താന്‍ വീടുവിടുകയും വിദേശപര്യടനം ആരംഭിക്കുകയും ചെയ്തതായി വാന്‍ റീഡ് പില്‍ക്കാലത്ത് സൂചിപ്പിക്കുന്നുണ്ടെങ്കിലും, അതിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. വീടുവിട്ട വാന്‍ റീഡ് ഇരുപതാം വയസില്‍, 1656 ല്‍ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയില്‍ സൈനികനായി ചേര്‍ന്നു. കുറച്ച് വര്‍ഷങ്ങള്‍ ഒഴിവാക്കിയാല്‍, വാന്‍ റീഡിന്റെ ശിഷ്ടജീവിതം മുഴുവന്‍ കമ്പനിയുടെ സേവനത്തിനുള്ളതായിരുന്നു.

ലോകത്തെ ഏറ്റവും പ്രതാപമുള്ള കോര്‍പ്പറേഷനായി ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി പരിണമിക്കുന്ന സമയത്താണ് വാന്‍ റീഡ് അതില്‍ ചേരുന്നത്. 1602 ല്‍ ലോകത്തെ ആദ്യ ബഹുരാഷ്ട്ര കോര്‍പ്പറേഷനായി നിലവില്‍ വന്ന ആ കമ്പനി 1670 ഓടെ ഭൂമുഖത്തെ ഏറ്റവും പ്രതാപമേറിയ കമ്പനിയായി വളര്‍ന്നു. ഓഹരിയുടമകള്‍ക്ക് പ്രതിവര്‍ഷം 40 ശതമാനം ലാഭവിഹിതം നല്‍കാന്‍ പോന്നത്ര ഉന്നത നിലയിലായി അപ്പോഴേക്കും കമ്പനി. ആ സമയത്ത് കമ്പനിക്ക് കീഴില്‍ അരലക്ഷം ജീവനക്കാരും 30000 സൈനികരും 200 കപ്പലുകളും ഉണ്ടായിരുന്നു. ഏഷ്യയില്‍ സുഗന്ധദ്രവ്യക്കച്ചവടത്തെ സംബന്ധിച്ച് രണ്ട് സുപ്രധാന കേന്ദ്രങ്ങള്‍ -സിലോണും മലബാറും-പോര്‍ച്ചുഗീസുകാരുടെ അധീനതയില്‍ നിന്ന് ഡച്ചുകാര്‍ വരുതിയിലാക്കിയ സമയമാണത്. സിലോണിലും മലബാറിലും ഡച്ച് മേധാവിത്വമുറപ്പിച്ച അഡ്മിറല്‍ റിജ്‌ലോഫ് വാന്‍ ഗൊന്‍സിന് കീഴിലായിരുന്നു സൈനികന്‍ എന്ന നിലയ്ക്ക് വാന്‍ റീഡ് നിയമിക്കപ്പെട്ടത്. കിഴക്കന്‍ മേഖല കീഴടക്കാന്‍ അഡ്മിറല്‍ വാന്‍ ഗൊന്‍സിന്റെ നേതൃത്വത്തില്‍ 1656 ഒക്ടോബര്‍-നവംബര്‍ കാലയളവില്‍ ഡച്ച് തുറമുഖങ്ങളില്‍ നിന്ന് പുറപ്പെട്ട കപ്പലുകളിലൊന്നില്‍ വാന്‍ റീഡും തന്റെ സമുദ്രസഞ്ചാരം ആരംഭിച്ചു. ആദ്യം ആഫ്രിക്കയിലെ ശുഭപ്രതീക്ഷാ മുനമ്പിലും (Cape of Good Hope), അവിടെ നിന്ന് 1657 മെയ്-ആഗസ്ത് സമയത്ത് ബട്ടേവ്യയിലും (ഇപ്പോഴത്തെ ജക്കാര്‍ത്ത) കപ്പലുകള്‍ എത്തി. വാന്‍ ഗൊന്‍സ് സഞ്ചരിച്ചിരുന്ന പതാകവാഹക കപ്പലായ 'ഒരാന്‍ജെ'യില്‍ തന്നെയാകാം വാന്‍ റീഡും ഉണ്ടായിരുന്നതെന്നും, അഡ്മിറലുമായി അടുപ്പമുണ്ടാക്കാന്‍ അത് വാന്‍ റീഡിന് അവസരമൊരുക്കിയിരിക്കാമെന്നും ഹെനിഗര്‍ അഭിപ്രായപ്പെടുന്നു. ഏങ്ങനെയായിരുന്നാലും, സൈനികനെന്ന നിലയ്ക്ക് വാന്‍ റീഡിന്റെ പ്രവര്‍ത്തനത്തെ വാന്‍ ഗൊന്‍സ് ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നതിന് തെളിവാണ് ആ യുവസൈനികന് തുടരെ ലഭിച്ച സ്ഥാനക്കയറ്റങ്ങളും പദവികളും.

1658-1663 കാലത്താണ് പോര്‍ച്ചുഗീസ് നിയന്ത്രണത്തില്‍ നിന്ന് മലബാര്‍ പിടിച്ചെടുക്കാനുള്ള സൈനികനീക്കം അഡ്മിറല്‍ വാന്‍ ഗൊന്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. മലബാര്‍ ആക്രമണങ്ങളില്‍ വാന്‍ ഗൊന്‍സിന്റെ തന്ത്രങ്ങള്‍ക്ക് വാന്‍ റീഡ് മികച്ച പിന്തുണ നല്‍കി. ആ കാലയളവില്‍ ഡച്ച് സേന മലബാര്‍ തീരത്ത് അഞ്ച് ആക്രമണങ്ങള്‍ നടത്തി. ആദ്യത്തെ മൂന്നെണ്ണം അത്ര വിജയകരമായിരുന്നില്ലെങ്കിലും, നാലാമത്തെ ആക്രമണവേളയില്‍ ഒരു നിര്‍ണായക മുന്നേറ്റം ഡച്ചുകാര്‍ക്ക് സാധ്യമായി. കൊച്ചിയുടെ കിരീടാവകാശി വീര കേരളവര്‍മ അപ്പോഴേക്കും ഡച്ച് പക്ഷത്ത് ചേര്‍ന്നിരുന്നു. പോര്‍ച്ചുഗീസുകാരുടെ പിന്തുണയോടെ കൊച്ചി രാജാവ് രാമവര്‍മ ഡച്ച് സേനയ്‌ക്കെതിരെ പൊരുതി. 1662 ഫിബ്രവരി ആദ്യവാരത്തില്‍ നടന്ന രക്തരൂക്ഷിതമായ പോരാട്ടത്തില്‍ രാമവര്‍മ രാജാവും രണ്ട് സഹോദരന്‍മാരും കൊല്ലപ്പെട്ടു. എന്നാല്‍, രാജ്ഞി ഗംഗാധര ലക്ഷ്മിയെ വാന്‍ ഗൊന്‍സിന്റെ നിര്‍ദേശപ്രകാരം വാന്‍ റീഡ് സാഹസികമായി മരണത്തില്‍ നിന്ന് രക്ഷിച്ച് തടവിലാക്കി. 1661 ല്‍ ലഫ്ടനന്റ് പദവിയിലേക്കുയര്‍ന്ന വാന്‍ റീഡിന്, റാണി ഗംഗാധര ലക്ഷ്മിയെ ജീവനോടെ പിടികൂടിയാല്‍ ക്യാപ്ടന്‍ സ്ഥാനം വാന്‍ ഗൊന്‍സ് വാഗ്ദാനം ചെയ്തിരുന്നു. രാജാവ് കൊല്ലപ്പെട്ടതിനാല്‍ രാജ്യത്തിന്റെ അനന്തരവകാശിയെ നിശ്ചയിക്കുന്നതിലും, ഭാവിയിലെ ഡച്ച് ബന്ധങ്ങളിലും റാണിക്ക് വലിയ സ്വാധീനം ചെലുത്താനാകുമായിരുന്നു. അതിനാല്‍, വാന്‍ റീഡിന്റെ നേട്ടം കമ്പനിയെ സംബന്ധിച്ച് ഏറെ വിലമതിക്കുന്നതായി.

നാലാമത്തെ സൈനിക നടപടിയില്‍ പോര്‍ച്ചുഗീസുകാര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും വലിയ ആഘാതമേല്‍പ്പിക്കാന്‍ സാധിച്ചെങ്കിലും, കൊച്ചി കോട്ട പിടിക്കാന്‍ ഡച്ച് സേനയ്ക്ക് കഴിഞ്ഞില്ല. അതിന് അഞ്ചാമതൊരു സൈനിക നീക്കം വേണ്ടിവന്നു. നിര്‍ണായകമായ ആ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത് വാന്‍ റീഡായിരുന്നു. 1663 ജനവരി ഏഴിന് കൊച്ചിയില്‍ പോര്‍ച്ചുഗീസ് ആധിപത്യം അവസാനിച്ചു, കൊച്ചികോട്ട ഡച്ച് അധീനതയിലായി. യൂറോപ്യന്‍ വംശജരായ റോമന്‍ കത്തോലിക്കാ വൈദികരുള്‍പ്പടെ പോര്‍ച്ചുഗീസുകാരായ എല്ലാവരും കൊച്ചി വിട്ടുപോകാനായിരുന്നു കീഴടങ്ങല്‍ ഉപാധി. കൊച്ചി കീഴടക്കി മലബാറില്‍ ആധിപത്യമുറപ്പിക്കാന്‍ സാധിച്ചെങ്കിലും, തങ്ങളുടെ പക്ഷത്ത് ചേര്‍ന്ന കൊച്ചി കിരീടാവകാശി വീര കേരളവര്‍മയെ അധികാരത്തിലെത്തിക്കാന്‍ ഡച്ചുകാര്‍ക്ക് സാധിച്ചില്ല. അദ്ദേഹം അസുഖം മൂലം അകാലത്തില്‍ മരിച്ചു. മരിച്ചയാളുടെ സഹോദരനെ (അദ്ദേഹവും വീര കേരളവര്‍മ എന്നാണറിയപ്പെട്ടത്) കിരീടാവകാശിയായി റാണി അംഗീകരിച്ചത് ഭാഗ്യമായി. 1663 മാര്‍ച്ച് ആറിന് കൊച്ചി രാജാവായി വീര കേരളവര്‍മയെ വാഴിച്ചു (66). വാന്‍ റീഡിനെ സംബന്ധിച്ച് മറ്റൊരര്‍ഥത്തിലും പ്രധാന്യമര്‍ഹിക്കുന്നതായിരുന്നു മലബാറിലെ സൈനിക നടപടിയുടെ കാലഘട്ടം. മലബാറിലെ ജനങ്ങളുമായി, പ്രത്യേകിച്ചും വിവിധ പ്രദേശങ്ങളിലെ അധികാരികളുമായി അദ്ദേഹത്തിന് ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നത് ആ സമയത്താണ്.

1663 ല്‍ ഡച്ച് മേധാവിത്വം ഉറപ്പിച്ചയുടന്‍ തന്നെ, കമാണ്ടര്‍ വാന്‍ ഗൊന്‍സിന്റെ അനുഗ്രഹാശിസുകളോടെ മലബാര്‍ കൗണ്‍സിലറും കൊച്ചി രാജാവിന്റെ സ്റ്റേറ്റ് ഓഫീസറുമായി വാന്‍ റീഡിനെ ഡച്ച് കമ്പനി നിയമിച്ചു. മലബാറിലെ പ്രാദേശിക ഭരണാധികാരികളുമായി ചര്‍ച്ച ചെയ്ത് കുരുമുളക് വ്യാപാരത്തിന്റെ കുത്തക ഡച്ച് കമ്പനി സ്വന്തമാക്കണം, അതിന് തടസ്സം നില്‍ക്കുന്നവരെ ആവശ്യമെങ്കില്‍ ബലംപ്രയോഗിച്ച് സമ്മതിപ്പിക്കണം എന്നതായിരുന്നു അപ്പോഴേക്കും സിലോണ്‍ ഗവര്‍ണറായി ചുമതലയേറ്റ വാന്‍ ഗൊന്‍സിന്റെ നിലപാട്. 1670 വരെ സിലോണിന് കീഴിലായിരുന്നു മലബാറിന്റെ സ്ഥാനം. അതിനാല്‍, മലബാറിന്റെ കാര്യങ്ങളില്‍ വാന്‍ ഗൊന്‍സിന് കാര്യമായി ഇടപെടാന്‍ സാധിച്ചിരുന്നു. മേല്‍പ്പറഞ്ഞ നിര്‍ദേശം 1663 ല്‍ ഒരു ഉത്തരവായി വാന്‍ ഗൊന്‍സ് പുറത്തിറക്കി. ഭരണത്തിലെ ദൈനംദിന കാര്യങ്ങളില്‍ കൊച്ചി രാജാവിനെ സഹായിക്കുക കൂടാതെ, ഈസ്റ്റിന്ത്യാ കമ്പനിയുമായുള്ള ഇടപാടുകളില്‍ മാധ്യസ്ഥം വഹിക്കുക എന്ന കര്‍ത്തവ്യവും വാന്‍ റീഡിനായി. കൊച്ചി രാജാവ് വീര കേരളവര്‍മയുമായി അടുപ്പമുണ്ടാക്കാനും, അതുവഴി മലബാര്‍ സമൂഹത്തിന്റെ സങ്കീര്‍ണതകളില്‍ ഇടപെടാനും വാന്‍ റീഡിന് പുതിയ സ്ഥാനലബ്ധി അവസരം നല്‍കി. തുടര്‍ന്നുള്ള ഏഴ് വര്‍ഷങ്ങള്‍ സൈനികന്‍ എന്നതിനൊപ്പം നയതന്ത്രജ്ഞന്‍ എന്ന നിലയ്ക്കുള്ള തന്റെ കഴിവുകള്‍ കൂടി മൂര്‍ച്ചകൂട്ടാന്‍ വാന്‍ റീഡിന് സാധിച്ചു.

നാട്ടുരാജാക്കന്‍മാരുമായി സന്ധിസംഭാഷണം നടത്താനും വാണിജ്യ ഇടപാടുകള്‍ക്കും മറ്റുമായി മലബാറിന്റെ വിവിധഭാഗങ്ങളില്‍ ആ സമയത്ത് തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടി വന്നു വാന്‍ റീഡിന്. ആ യാത്രകളിലാണ് കേരളത്തിലെ സസ്യസമ്പത്ത് ആ സൈനികനെ പ്രലോഭിപ്പിക്കാന്‍ ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ ശ്രദ്ധിക്കുക : 'ഇന്ത്യയില്‍ കഴിഞ്ഞുപോന്ന വര്‍ഷങ്ങള്‍ക്കിടയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയ്ക്ക് നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. കൃഷിയിടങ്ങളിലൂടെയുള്ള യാത്രയ്ക്കിടയ്ക്ക്, ഇടതൂര്‍ന്ന വളരെ ഉയരത്തിലുള്ള വനങ്ങള്‍ കാണുകയുണ്ടായി. ഒരേ ഇനത്തിലുള്ള രണ്ട് മരങ്ങള്‍ കാണാന്‍ സാധിക്കാത്ത തരത്തില്‍ വൈവിധ്യം നിറഞ്ഞ കാടുകളായിരുന്നു അവ. ഒരുകൂട്ടം ചെടികളെ വലയം ചെയ്ത് വോറൊരു കൂട്ടം ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതായി കണ്ടു. പടര്‍ന്നു കയറി വലയം ചെയ്തിരിക്കുന്ന ചെടികള്‍ പലതും ഭൂമിയുമായി ബന്ധപ്പെടാതെ നില്‍ക്കുന്നവയായിരുന്നു. ഇത്തരത്തില്‍ നിരവധി വള്ളിപ്പടര്‍പ്പുകള്‍ ഒരു മരത്തിന്റെ ചുറ്റുമായി പടര്‍ന്നു കയറി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു....പടര്‍ന്നു കയറുന്ന ഈ ചെടികള്‍ താങ്ങുമരത്തിന് ഒരു തരത്തിലും ഉപദ്രവം ഏല്‍പ്പിച്ചിരുന്നില്ല. ഏകദേശം 80 അടിയോളം ഉയത്തില്‍ ഇലകളും ശിഖരങ്ങളും പുല്‍പ്പടര്‍പ്പുകളും കൂടിചേര്‍ന്ന് സംപുഷ്ടമായ ഒരു പച്ചപ്പ് ഇവ സൃഷ്ടിച്ചിരുന്നു......ഇത്തരത്തില്‍ ഇടതൂര്‍ന്ന് വളരുന്ന മരങ്ങള്‍ മാത്രമല്ല, പരുപരുത്ത പാറകളും മലഞ്ചെരുവുകളും വനത്തിനുള്ളില്‍ കാണാവുന്നതാണ്. പല പാറക്കെട്ടുകളിലും ചെറിയ ചെടികളും കുറ്റിച്ചെടികളും കാണാവുന്നതാണ്. ചെടികളുടെ വേരുകള്‍ പാറകള്‍ക്കിടയിലേക്ക് ആഴ്ന്നിറങ്ങുകയും അവയില്‍ വിള്ളലുണ്ടാക്കുകയും ചെയ്യുന്നു.....ഈ മണ്ണില്‍ ഓരോ ഇഞ്ചിലും ചെടികള്‍ കാണപ്പെടുന്നു. കുളങ്ങളിലും ചതുപ്പു നിലങ്ങളിലും അനുയോജ്യമായ നിരവധി സസ്യങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു. എന്തിനധികം പറയുന്നു, ഇവിടെയുള്ള തരിശുഭൂമിയില്‍ പോലും സസ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതായി കാണാം!'(67) വെറുമൊരു സൈനികന്‍ മാത്രമായിരുന്നില്ല, മികച്ച പ്രകൃതി നിരീക്ഷകന്‍ കൂടിയായിരുന്നു താനെന്ന് വാന്‍ റീഡിന്റെ ഈ വിവരണം വ്യക്തമാക്കുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ മനസില്‍ കേരളത്തിലെ സസ്യവൈവിധ്യം എത്ര വലിയ മതിപ്പാണുളവാക്കിയത് എന്നതിന്റെ തെളിവുകൂടിയാണ് ഈ വാക്കുകള്‍.

ഹോര്‍ത്തൂസിന്റെ നിര്‍മിതിയിലേക്ക് നയിച്ച മറ്റൊരു സുപ്രധാന നിരീക്ഷണം വാന്‍ റീഡ് നടത്തുന്നതും ഈ കാലയളവിലാണ്. 1670 ആയപ്പോഴേക്കും 30000 സൈനികര്‍ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിക്ക് കീഴിലുണ്ടായിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. ഏഷ്യയിലെ പല സ്ഥലങ്ങളിലായി ക്യാമ്പു ചെയ്യുകയും പുതിയ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും ചെയ്യുന്ന സൈനികര്‍ക്ക് അസുഖങ്ങളും പരിക്കുകളും പതിവായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഔഷധങ്ങള്‍ അയച്ചു തരാന്‍ ആംസ്റ്റര്‍ഡാമിലേക്ക് അറിയിപ്പ് പോവുകയായിരുന്നു പതിവ്. ആറുമാസം അകലെ കഴിയുന്ന ആംസ്റ്റര്‍ഡാമില്‍ നിന്ന് ഔഷധങ്ങള്‍ കടല്‍മാര്‍ഗം ഏഷ്യയിലെത്തുമ്പോഴേക്കും, രോഗം ബാധിച്ചയാള്‍ ജീവനോടെയുണ്ടെന്ന് തന്നെ വരില്ല. ആധുനിക ഔഷധങ്ങളൊന്നും രംഗത്തെത്തിയിട്ടില്ലാത്ത കാലമാണത്. പച്ചിലകളും സസ്യഭാഗങ്ങളുമടങ്ങിയ 'ഹെര്‍ബല്‍ മെഡിസിന്‍' തന്നെയാണ് ശരണം. പച്ചില മരുന്നകളില്‍ മിക്കതും ഇത്രയും നാളത്തെ കപ്പല്‍ യാത്രയില്‍ ഉപയോഗശൂന്യമായിട്ടുണ്ടാകും. ആ മരുന്നുകള്‍ യൂറോപ്യന്‍ കമ്പോളത്തിലെത്തിയിരുന്നത് അറബി കച്ചവടക്കാര്‍ മുഖേനയാണ്. 'അറബി ഔഷധങ്ങള്‍' എന്നറിയപ്പെട്ടിരുന്ന ആ പച്ചില മരുന്നുകളുടെ യഥാര്‍ഥ ഉറവിടം പശ്ചാത്യര്‍ക്ക് അറിയില്ലായിരുന്നു എന്നതാണ് വാസ്തവം. 'മിക്കവാറും മലബാര്‍ തീരത്ത് വളരുന്ന ഔഷധസസ്യങ്ങളാണ് അറബി കച്ചവടക്കാര്‍ വഴി പല കൈ മറിഞ്ഞ് ഭീമമായ വിലയ്ക്ക് യൂറോപ്പിലെത്തിയിരുന്നത്'-ഹോര്‍ത്തൂസിനെപ്പറ്റി പഠിക്കുന്നതിനിടയില്‍ ഇക്കാര്യം മനസിലാക്കാന്‍ ശ്രമിച്ച ഡോ. മണിലാല്‍ ചൂണ്ടിക്കാട്ടുന്നു (68). യഥാര്‍ഥത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് കുരുമുളക് അടക്കമുള്ള സുഗന്ധദ്രവ്യങ്ങളുടെ കാര്യത്തിലും അറബി കച്ചവടക്കാര്‍ ഇതേ തന്ത്രം വിജയകരമായി പയറ്റിയിരുന്നു. മലബാറില്‍ നിന്നുള്ളതാണെന്ന് വെളിപ്പെടുത്താതെയാണ് അവര്‍ യൂറോപ്യന്‍ കമ്പോളത്തില്‍ സുഗന്ധദ്രവ്യങ്ങളെത്തിച്ചിരുന്നത്. തങ്ങളുടെ വാണിജ്യ രഹസ്യം അവര്‍ നൂറ്റാണ്ടുകളോളം കാത്തു (69). മലബാറിലേക്ക് പാശ്ചാത്യര്‍ കപ്പല്‍മാര്‍ഗം കണ്ടെത്തിയതോടെ അത് പൊളിഞ്ഞു. അപ്പോഴും കുരുമുളക് പോലുള്ള ചരക്കുകള്‍ മാത്രമേ പാശ്ചാത്യര്‍ ശ്രദ്ധിച്ചിരുന്നുള്ളു. പതിനേഴാം നൂറ്റാണ്ടില്‍ പോലും അറബി കച്ചവടക്കാര്‍ക്ക് ഇവിടുത്തെ ഔഷധസസ്യങ്ങള്‍ യൂറോപ്പിലെത്തിച്ച് ലാഭം കൊയ്യാന്‍ കഴിഞ്ഞിരുന്നതിന് കാരണം അതാകണം.

സൂക്ഷ്മദൃക്കായ വാന്‍ റീഡ് ഇക്കാര്യം നിരീക്ഷിച്ചു. ആംസ്റ്റര്‍ഡാമില്‍ നിന്നെത്തുന്ന 'അറബി ഔഷധങ്ങള്‍' മിക്കതും മലബാറില്‍ വളരുന്നവയാണ്! മറ്റൊരു സംഗതി കൂടി ആ സൈനികന്റെ ശ്രദ്ധയാകര്‍ഷിച്ചു. യൂറോപ്യന്‍ സൈനികര്‍ക്ക് മാത്രമേ ഔഷധം കടല്‍കടന്ന് എത്തേണ്ടതായിട്ടുള്ളൂ. വാന്‍ റീഡ് പറയുന്നത് ഇങ്ങനെ : 'ഇവിടെയുള്ളവരുടെ ആയുര്‍ദൈര്‍ഘ്യം പൊതുവെ കൂടുതലാണ്. തദ്ദേശീയരായ വൈദ്യന്‍മാരാണ് ഇവരുടെ ആരോഗ്യം സംരക്ഷിക്കുന്നത്. ഇവര്‍ക്കാവശ്യമായ ഔഷധമൊന്നും പുറമേ നിന്ന് കൊണ്ടുവരുന്നവയല്ല. തദ്ദേശീയമായി ലഭിക്കുന്ന ഔഷധക്കൂട്ടുകളെ അടിസ്ഥാനമാക്കിയാണ് ഇവരുടെ ചികിത്സാരീതി......ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ കീഴില്‍ താമസിക്കുന്ന ഡച്ചുകാരാകട്ടെ-ഈ രീതി പിന്തുടരുന്നില്ല. ഇവിടെ നിന്നുതന്നെ ലഭിക്കുന്ന മരുന്നുകള്‍ പേര്‍ഷ്യവഴി അറേബ്യയിലേക്കും അവിടെ നിന്ന് യൂറോപ്പിലേക്കും അവിടെ നിന്ന് ഇവ കടല്‍മാര്‍ഗം വീണ്ടും ഇന്ത്യയിലേക്കും അയയ്ക്കുന്നു. മരുന്നുകള്‍ അപ്പോഴേക്കും അഴുകി ഉപയോഗശൂന്യമായിരിക്കുമെന്ന് മാത്രമല്ല, വലിയൊരു തുകയുടെ ദുര്‍വ്യയവും സംഭവിക്കുന്നു' (70). വാന്‍ റീഡ് ആത്യന്തികമായി ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ ജീവനക്കാരനാണ്. കമ്പനിയുടെ പ്രഥമദൗത്യം സസ്യശാസ്ത്രപഠനമോ പര്യവേഷണമോ അല്ല, മറിച്ച് കച്ചവടമാണ്. ലാഭത്തിലാണ് കമ്പനിയുടെ കണ്ണ്. കമ്പനിയുടെ ഭാഗമെന്ന നിലയ്ക്ക് ലാഭകരമാകാവുന്ന ഒരു സംരംഭത്തിന് തന്റെ ഈ നിരീക്ഷണം സഹായിക്കുമെന്ന് വാന്‍ റീഡ് കണ്ടു. വന്‍വില നല്‍കി അറബി ഔഷധങ്ങള്‍ വാങ്ങുകയും, അത് ശ്രമകരമായ വിധത്തില്‍ മാസങ്ങളെടുത്ത് ആംസ്റ്റര്‍ഡാമില്‍ നിന്ന് ഏഷ്യയിലേക്ക് എത്തിക്കുകയും ചെയ്യുന്നത് ഒഴിവാക്കാനും, ഏല്ലാറ്റിലുമുപരി രോഗബാധിതരായ സൈനികര്‍ക്ക് വേഗം ചികിത്സ ലഭിക്കാനും സഹായിക്കുന്ന ഒരു പദ്ധതി വാന്‍ റീഡിന്റെ മനസില്‍ രൂപപ്പെട്ടു. കമ്പനിക്ക് തന്നെയാകും ആ പദ്ധതി മുതല്‍ക്കൂട്ടാവുകയെന്നും വാന്‍ റീഡ് കണ്ടു.

1663-ന് ശേഷം കമ്പനിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കത്തക്ക വിധം മലബാറിലെ വിവിധ ഭരണാധികാരികളുമായി വാന്‍ റീഡ് വിജയകരമായ ഇടപാടുകള്‍ നടത്തി. അതിന്റെ ഫലമായി അദ്ദേഹത്തിന് പല തവണ സ്ഥാനക്കയറ്റം കിട്ടി. എല്ലാറ്റിനും തന്റെ മേലധികാരിയായ വാന്‍ ഗൊന്‍സിന്റെ പിന്തുണയുണ്ടായിരുന്നു. 1667-1669 കാലത്ത് സിലോണിന്റെ പ്രഥമ ക്യാപ്ടനായി വാന്‍ റീഡ് നിയമിക്കപ്പെട്ടു. മലബാറിലേത് ഉള്‍പ്പടെ മേഖലയിലെ മുഴുവന്‍ ഡച്ച് സൈന്യത്തിന്റെയും ചുമതല അദ്ദേഹത്തിനായി. 1668 ല്‍ സര്‍ജന്റ്-മേജര്‍ പദവി കൂടി കമ്പനി വാന്‍ റീഡിന് നല്‍കി. മധുര നായ്ക്കന്‍മാര്‍ക്കെതിരെ, വാന്‍ റീഡിന്റെ നേതൃത്വത്തില്‍ തൂത്തുക്കുടി കോട്ട ഡച്ച് സൈന്യം ആക്രമിക്കുന്നത് ആ സമയത്താണ്. പരിക്കേറ്റ സൈനികരെ ചികിത്സിക്കാന്‍ ഔഷധങ്ങള്‍ വേണ്ടത്രയില്ലാത്തതിന്റെ ബുദ്ധിമുട്ട് ആ വേളയില്‍ വാന്‍ റീഡ് നല്ലവണ്ണം മനസിലാക്കി. ഹോര്‍ത്തൂസിന്റെ നിര്‍മിതിയിലേക്ക് നയിച്ച മറ്റൊരു സംഗതി കൂടി ആ സമയത്ത് സംഭവിച്ചു. തദ്ദേശിയമായി കിട്ടുന്ന ഔഷധസസ്യങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍, ഏഷ്യന്‍ മേഖലയിലെ ഭരണാധികാരികളോട് കമ്പനി ഔദ്യോഗികമായി ശുപാര്‍ശ ചെയ്തു- 1669 ലായിരുന്നു അത്. ആ നയത്തിന്റെ ഭാഗമായാണ് പ്രശസ്ത സസ്യശാസ്ത്രജ്ഞന്‍ പോള്‍ ഹെര്‍മാന്‍ 1672-1680 കാലത്ത് സിലോണില്‍ പ്രവര്‍ത്തിക്കുന്നത്. അവിടുത്തെ സസ്യസമ്പത്തിനെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. നേരിട്ടല്ലെങ്കിലും ഹോര്‍ത്തൂസിന്റെ നിര്‍മിതിയില്‍ വലിയൊരു സ്വാധീനം പോള്‍ ഹെര്‍മാന്‍ ചെലുത്തിയ കാര്യം പിന്നീട് നമ്മുക്ക് കാണാം.

ഈയവസരത്തില്‍ ഡച്ച് കമ്പനി കൈക്കൊണ്ട ഒരു സുപ്രധാന രാഷ്ട്രീയ തീരുമാനം ഒരര്‍ഥത്തില്‍ വാന്‍ റീഡിന്റെ ജീവിതത്തെ മാറ്റി മറിച്ചു. ശാസ്ത്രചരിത്രത്തില്‍ അനശ്വരമായ സ്ഥാനം നേടുന്നതിലേക്ക് അദ്ദേഹത്തെ അത് നയിച്ചു. മലബാര്‍ കമാണ്ടറായി വാന്‍ റീഡിനെ നിയമിച്ചതിനൊപ്പം, മലബാറിനെ സിലോണ്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് പൂര്‍ണമായി മുക്തമാക്കിക്കൊണ്ട് ഡച്ച് കമ്പനി കൈക്കൊണ്ട തീരുമാനമായിരുന്നു അത്. വാന്‍ റീഡിനെ പുതിയ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത് സിലോണ്‍ ഗവര്‍ണര്‍ വാന്‍ ഗൊന്‍സ് തന്നെയായിരുന്നു. എന്നാല്‍, ആ നിയമനത്തിനൊപ്പം സിലോണിന്റെ പിടിയില്‍ നിന്ന് മലബാര്‍ പൂര്‍ണമായും മുക്തമായിരിക്കുന്നുവെന്ന വസ്തുത വാന്‍ ഗൊന്‍സിനെ അക്ഷരാര്‍ഥത്തില്‍ നടുക്കി. ഇനി മുതല്‍ മലബാര്‍ ഗവര്‍ണര്‍ക്ക് സിലോണിനോട് മറുപടി പറയേണ്ട കാര്യമില്ല, ബട്ടേവ്യയിലെ ഗവര്‍ണര്‍-ജനറലിനോടും ഇന്ത്യ കൗണ്‍സിലിനോടും മാത്രമേ ഉത്തരം പറയേണ്ടതുള്ളു. അന്നുവരെ അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളുമായിരുന്നവര്‍ ഒറ്റയടിക്ക് വാന്‍ റീഡിനെ എതിര്‍ചേരിയില്‍ പ്രതിഷ്ഠിക്കാന്‍ ഈ രാഷ്ട്രീയമാറ്റം കാരണമായി. ഈസ്റ്റിന്ത്യാ കമ്പനിയുടെ ഉത്തരവനുസരിച്ച് 1670 ജനവരി 11 ന് കൊച്ചിയില്‍ മലബാര്‍ കമാണ്ടര്‍ പദവി വാന്‍ റീഡ് ഏറ്റെടുത്തു. മലബാര്‍ കമാണ്ടര്‍ കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍ കൂടിയാണ്. വാന്‍ റീഡിന് അന്ന് പ്രായം 33 വയസ്സ്.

ബട്ടേവ്യ കഴിഞ്ഞാല്‍ ഡച്ച് സാമ്രാജ്യത്തിന്റെ പൗരസ്ത്യദേശത്തെ രണ്ടാം തലസ്ഥാനമാകുവാന്‍ സിലോണിലെ കൊളംബോ നഗരമാണോ, മലബാറിലെ കൊച്ചിയാണോ ഏറ്റവും യോഗ്യം എന്ന തര്‍ക്കം മുറുകുന്നത് ഈ പശ്ചാത്തലത്തിലാണ്. അത്രകാലവും വാന്‍ റീഡിന്റെ രക്ഷകനായിരുന്ന വാന്‍ ഗൊന്‍സ് എതിര്‍ചേരിയിലെ നായകനായി. കൊളംബോ നഗരത്തിനായി വാന്‍ ഗൊന്‍സും കൂട്ടരും ഒരു ഭാഗത്ത് നിലയുറപ്പിച്ചപ്പോള്‍, അതിനെക്കാള്‍ എന്തുകൊണ്ടും പിന്നിലല്ല കൊച്ചിയെന്ന് വാന്‍ റീഡ് വാദിച്ചു. ലോകത്തെ ഏറ്റവും ഫലഭൂയിഷ്ടമായ പ്രദേശം സിലോണ്‍ ആണെന്ന വാദം വാന്‍ റീഡിന് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. തന്റെ മനസില്‍ അപ്പോഴേക്കും വേരുപിടിച്ചു തുടങ്ങിയ മലബാറിലെ സസ്യസമ്പത്ത് ഈ വാദഗതിക്ക് മറുപടി നല്‍കുമെന്ന് വാന്‍ റീഡ് കണക്കുകൂട്ടി. അങ്ങനെ 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന സസ്യശാസ്ത്ര ഗ്രന്ഥത്തിന്റെ നിര്‍മിതിയിലേക്ക് കൊച്ചി ഗവര്‍ണറായ വാന്‍ റീഡ് എത്തി. കുരുമുളക് പോലുള്ള സുഗന്ധദ്രവ്യങ്ങള്‍ മാത്രമല്ല, വാണിജ്യപ്രധാനമായ മറ്റ് വിഭവങ്ങളും മലബാറില്‍ സുലഭമാണെന്ന് കമ്പനിയുടെ നേതൃത്വത്തെ ബോധ്യപ്പെടുത്താനും, സിലോണാണ് ലോകത്തെ ഏറ്റവും ഫലഭൂയിഷ്ടമായ പ്രദേശമെന്നുള്ള പ്രതിയോഗകളുടെ വാദത്തെ ഖണ്ഡിക്കാനും ഹോര്‍ത്തൂസ് ഉപകരിക്കുമെന്ന് വാന്‍ റീഡിന് ബോധ്യമുണ്ടായിരുന്നു. പൗരസ്ത്യദേശത്തെ ഔഷധസസ്യങ്ങളെക്കുറിച്ച് പഠനം നടത്താനുള്ള കമ്പനിയുടെ ശുപാര്‍ശയും വാന്‍ റീഡിന് തുണയ്ക്കുണ്ടായിരുന്നു.

യൂറോപ്പിലെ ഡച്ച് റിപ്പബ്ലിക്കിന്റെ നാലഞ്ച് മടങ്ങ് വിസ്തൃതി വരുന്ന ഒരു പ്രദേശത്ത് ഡച്ച് വാണിജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വമാണ് മലബാറിന്റെ കമാണ്ടറായി ചുമതലയേറ്റ വാന്‍ റീഡിന് പ്രാഥമികമായി നിര്‍വഹിക്കേണ്ടിയിരുന്നത്. അറുന്നൂറോളം വരുന്ന യൂറോപ്യന്‍ സൈന്യവും വാന്‍ റീഡിന്റെ തുണയ്ക്ക് മലബാറിലുണ്ടായിരുന്നു. ഭൂരിപക്ഷം സൈനികരും കൊച്ചിയിലാണ് ക്യാമ്പ് ചെയ്തിരുന്നത്. കൊച്ചി, കൊല്ലം, കണ്ണൂര്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രമാക്കിയാണ് ഡച്ച് വാണിജ്യം പ്രധാനമായും നടന്നിരുന്നത്. മലബാറിലെ എല്ലാ നാട്ടുരാജാക്കന്‍മാരുടെയും പക്കല്‍ നിന്ന് കുരുമുളക് കച്ചവടത്തിന്റെ കുത്തക നേടാനായാല്‍, വര്‍ഷംതോറും 2000 ടണ്‍ കുരുമുളക് ലഭിക്കുമെന്ന് കമ്പനി കണക്കു കൂട്ടി. വാന്‍ റീഡിന് മേല്‍ ഏല്‍പ്പിക്കപ്പെട്ട ചുമതല ഈ ലക്ഷ്യം കൈവരിക്കുക എന്നതായിരുന്നു. എന്നാല്‍, കോഴിക്കോട് സാമൂതിരി ഭാഗികമായ കുത്തക മാത്രമേ ഡച്ചുകാര്‍ക്ക് അനുവദിച്ചുള്ളൂ. അതിനാല്‍ മലബാറിലെ സുഗന്ധദ്രവ്യ വിപണനത്തില്‍ നല്ലൊരു പങ്ക് ഡച്ചുകാര്‍ക്ക് നഷ്ടമായി. കൊടുങ്ങല്ലൂരിന് മേലുള്ള അവകാശത്തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചിയും കോഴിക്കോടും തമ്മില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്ന കാലമായിരുന്നു അത്. മാത്രമല്ല, കൊച്ചിയിലും കാര്യങ്ങള്‍ അത്ര പന്തിയായിരുന്നില്ല. 1673 ല്‍ മലബാറില്‍ ഡച്ചുകാരുടെ കുരുമുളക് വിപണനം മുടങ്ങുക പോലുമുണ്ടായി! ഇത്തരം സംഗതികളിലും സന്ധിസംഭാഷണങ്ങളിലും ഏര്‍പ്പെടുന്നതിനൊപ്പം മലബാറിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഡച്ച് കോട്ടകള്‍ സ്ഥാപിക്കുവാനുമായി 1670 കളിലെ ആദ്യവര്‍ഷങ്ങള്‍ വാന്‍ റീഡിന് ചെലവിടേണ്ടി വന്നു. സംഘര്‍ഷഭരിതമായ ഈ അവസ്ഥയില്‍ മലബാറിലെ സസ്യങ്ങളെക്കുറിച്ച് പഠിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിന് മനസില്‍ സൂക്ഷിക്കേണ്ടി വന്നു.

1674 ആയപ്പോഴേക്കും കാര്യങ്ങള്‍ കുറെയൊക്കെ നിയന്ത്രണത്തിലായി. മാത്രമല്ല, തന്റെ മനസിലുള്ള പദ്ധതിയില്‍ സഹായിക്കാന്‍ അനുയോജ്യനായ ഒരാളുമായി അതിന് മുമ്പത്തെ വര്‍ഷം വാന്‍ റീഡ് ചങ്ങാത്തത്തിലാവുകയും ചെയ്തിരുന്നു. സസ്യശാസ്ത്രത്തില്‍ തത്പരനും ഫിസിഷ്യനുമായ ഫാ.മാത്യു ഓഫ് സെന്റ് ജോസഫ് എന്ന കത്തോലിക്കാ വൈദികനായിരുന്നു ആ ചങ്ങാതി. മലബാറിലെ വ്യാപാരം മുടങ്ങുന്നതുമായി ബന്ധപ്പെട്ട് വാന്‍ റീഡിനെതിരെ പ്രതിയോഗികള്‍ വിമര്‍ശനത്തിന്റെ മൂര്‍ച്ച കൂട്ടാന്‍ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍, അധികം വൈകിയാല്‍ തന്റെ പദ്ധതി നടപ്പാക്കാന്‍ സമയം കിട്ടുമോ എന്ന സംശയം ആ സൈനികനെ പിടികൂടിയിട്ടുണ്ടാവണം. അങ്ങനെയാണ് 1674 ല്‍ ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ നിര്‍മിതി വാന്‍ റീഡ് ആരംഭിക്കുന്നത്. ഗുണനിലവാരത്തില്‍ അല്‍പ്പവും വിട്ടുവീഴ്ച ചെയ്യാത്ത തരത്തില്‍ ഒരു ഗ്രന്ഥം- അതാണ് വാന്‍ റീഡ് മനസില്‍ കണ്ടത്. മലബാറിലെ സസ്യസമ്പത്തിന്റെ മഹത്വത്തെപ്പറ്റി ആ ഗ്രന്ഥം കാണുന്ന ആര്‍ക്കും ഒരു സന്ദേഹവും ഉണ്ടാകാന്‍ പാടില്ല. ഔഷധഗുണങ്ങള്‍ മാത്രമല്ല ചെടികള്‍ക്കുള്ളത്, മറ്റനേകം വാണിജ്യ ഉപയോഗങ്ങളുമുണ്ട്. അതെല്ലാം സമഗ്രമായി തന്റെ ഗ്രന്ഥത്തില്‍ വരണം എന്നും ആ സൈനികന് നിര്‍ബന്ധമുണ്ടായിരുന്നു. പക്ഷേ 20 വര്‍ഷം നീളുന്ന, വന്‍വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന ഒരു പദ്ധതിക്കാണ് താന്‍ തുടക്കമിടുന്നതെന്ന കാര്യം വാന്‍ റീഡ് അന്ന് ചിന്തിച്ചു പോലുമുണ്ടാകില്ല. 300 വര്‍ഷത്തിന് ശേഷം കെ.എസ്.മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞന് തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം സമര്‍പ്പിക്കാനുള്ള വകയായിരിക്കും ആ ഗ്രന്ഥമെന്നും ആര്‍ക്കാണ് അന്ന് പ്രവചിക്കാന്‍ കഴിഞ്ഞിരിക്കുക!

(ഹരിതഭൂപടം എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം

Sunday, January 29, 2012

നഗരമധ്യത്തിലെ ഹരിതഗാഥ


നഗരമധ്യത്തിലെ ഹരിതഗാഥ
Posted on: 29 Jan 2012
ജി.എസ്. ഉണ്ണികൃഷ്ണന്‍നായര്‍


നഗരകൃഷിക്ക് പ്രസക്തിയേറിവരുന്ന കാലമാണിത്. പച്ചക്കറികളുടെ തീവില, വിഷലിപ്തമായ പച്ചക്കറികളും ഹോര്‍മോണടങ്ങിയ കോഴിയിറച്ചിയും വ്യായാമമില്ലാത്ത നാഗരികജീവതശൈലി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ് നഗരകൃഷി.

തിരുവനന്തപുരത്തെ വഞ്ചിയൂര്‍, അത്താണി ലൈനിലുള്ള അഡ്വക്കേറ്റ് ശ്രീകുമാറിന്റെ നഗരമധ്യത്തിലെ വീട് അക്ഷരാര്‍ഥത്തില്‍ സ്വാശ്രയ ഭക്ഷ്യോത്പാദന യൂണിറ്റാണ്. ശ്രീകുമാറും ഭാര്യ ഗായത്രിയും നഗരകൃഷി തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടാകുന്നു. 750 ചതുരശ്രയടി വിസ്തൃതിയിലുള്ള മട്ടുപ്പാവും വീടിനും മതിലിനുമിടയ്ക്കുള്ള സ്ഥലവുമാണ് ഇവരുടെ കൃഷിയിടം. വലിയ ചട്ടികളിലായി 50 ഇനം പച്ചക്കറികളാണ് മട്ടുപ്പാവിലെ വെയിലേല്‍ക്കുന്ന ഭാഗത്തുവളര്‍ത്തുന്നത്. ചെറുനാരകം, കറിവേപ്പ്, മണത്തക്കാളി ഉള്‍പ്പെടെ മൂന്നിനം തക്കാളി, കോഴിപ്പയര്‍, അമരപ്പയര്‍, കാബേജ്, നാലിനം ചീര, നിത്യവഴുതന തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. മണ്ണും മണലും നിറച്ച ചട്ടികളില്‍ ജൈവവളം മാത്രം നല്കിയാണ് പച്ചക്കറി മുന്നേറുന്നത്. മട്ടുപ്പാവിനു വാട്ടര്‍പ്രൂഫ് കോട്ടിങ് നല്കിയിട്ടുണ്ട്. തുള്ളിനനയ്ക്കു പുറമെ സീസണനുസരിച്ച് ഹോസ് നനയും അനുവര്‍ത്തിക്കുന്നു. ശേഖരിച്ചുനശിപ്പിക്കല്‍ മുതല്‍ ജൈവകീടനാശിനി പ്രയോഗം വരെ ഷഡ്പദകീടങ്ങളെ നശിപ്പിക്കാന്‍ ശ്രീകുമാര്‍ ചെയ്യുന്നുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ചട്ടിയിലെ മിശ്രിതം മാറ്റി പുതിയത് നിറയ്ക്കും.

ടെറസ്സില്‍ ഒരു ഭാഗത്തു മേല്‍ക്കൂര കെട്ടി തണല്‍ നല്കിയിരിക്കുന്നു. ഇവിടെ പത്തോളം കോഴികളെ കൂടുകളില്‍ വളര്‍ത്തുന്നുണ്ട്. കൂടാതെ 30 കാടകളുള്ള ഒരു ബാച്ചും ഒരു സമയത്ത് വളര്‍ത്തുന്നു. ടാങ്കില്‍ വളര്‍ത്തുന്ന അസോളയാണ് ഇവയ്ക്കു മുഖ്യതീറ്റ. ടെറസ്സില്‍ത്തന്നെ ഫൈബര്‍ ഗ്ലാസ് ബയോഗ്യാസ് പ്ലാന്റുണ്ട്. വളര്‍ത്തുപക്ഷികളുടെ കാഷ്ഠം മുതല്‍ അടുക്കളയിലെ അവശിഷ്ടം വരെയുള്ളത് ഈ പ്ലാന്റില്‍ നിക്ഷേപിക്കുന്നു. വീട്ടിലെ പാചകം പൂര്‍ണമായും ഈ പ്ലാന്റിലെ ഗ്യാസുപയോഗിച്ചു ചെയ്യാം. ഗ്യാസുത്പാദനം കഴിഞ്ഞ് ശേഷിക്കുന്ന സ്ലറിയാണ് പച്ചക്കറികള്‍ക്ക് പ്രധാന വളം. ഇതിനുപുറമെ മണ്ണിരക്കമ്പോസ്റ്റും ഉണ്ടാക്കുന്നുണ്ട്. ''ഈ പ്ലാന്റില്‍ ദിവസവും രണ്ടരകിലോ ഗ്രാം മാലിന്യം നിക്ഷേപിച്ചാല്‍ത്തന്നെ ഞങ്ങള്‍ നാലുപേരുടെ പാചകാവശ്യത്തിനുള്ള ഗ്യാസ് ലഭിക്കും. സോളാര്‍ വാട്ടര്‍ഹീറ്ററും ടെറസ്സില്‍ വെച്ചിട്ടുണ്ട്. ദിവസവും 500 ലിറ്റര്‍ ചൂടുവെള്ളം ലഭിക്കും. ഊര്‍ജലാഭത്തിനുള്ള ഇത്തരം കാര്യങ്ങള്‍ ഏതു നാഗരികനും ചെയ്യാവുന്നതേയുള്ളൂ''- ശ്രീകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

വീടിനും മതിലിനുമിടയ്ക്കുള്ള സ്ഥലത്ത് പപ്പായയും മുരിങ്ങയും മാവുമൊക്കെ വളരുന്നുണ്ട്.
''വീട്ടാവാശ്യത്തിനുള്ള പച്ചക്കറി മുഴുവനായും വിളയിക്കാനാകുന്നു. കൂടാതെ മുട്ടയും കോഴിയിറച്ചിയും കാടയിറച്ചിയും പപ്പായയും മാങ്ങയും പോലുള്ള നാട്ടുപഴങ്ങളും ദിവസവും ഒരു മണിക്കൂര്‍ മാറ്റിവെച്ചാല്‍ ഏതു നാഗരികനും ഇതുചെയ്യാം. കൃഷി തരുന്ന ശാരീരികവും മാനസികവുമായ മെച്ചമാണ് 52-ാം വയസ്സിലും ചുറുചുറുക്കോടെ കഴിയാന്‍ എന്നെ പ്രാപ്തനാക്കുന്നത്. പിന്നെ മാസ ബജറ്റില്‍ നല്ലൊരു കുറവും ഇതിലൂടെ സാധ്യമാകുന്നുണ്ട്-ശ്രീകുമാര്‍ പറഞ്ഞു.

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മട്ടുപ്പാവിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബൃഹദ്പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഓരോ നാഗരികനും മനസ്സുവെച്ചാല്‍ നഗരഗ്രഹങ്ങള്‍ ഭക്ഷ്യസ്വാശ്രയത്വത്തിന്റെ ഉത്തമ മാതൃകകളാക്കാം.
ശ്രീകുമാര്‍-9447070278.

Monday, January 23, 2012

തിരുവനന്തപുരത്ത് പെട്രോള്‍ വാഹനങ്ങള്‍ വന്നിട്ട് ഒരുനൂറ്റാണ്ട്

തിരുവനന്തപുരത്ത് പെട്രോള്‍ വാഹനങ്ങള്‍ വന്നിട്ട് ഒരുനൂറ്റാണ്ട് 
Posted on: 22 Jan 2012

മൂന്നു മണിക്കൂര്‍കൊണ്ട് അനന്തപുരിയില്‍നിന്നും കാസര്‍കോട് എത്താവുന്ന അതിവേഗ തീവണ്ടി സര്‍വീസിന്റെ ആലോചനയിലാണ് ഇന്ന് കേരളം. റോഡിലൂടെയും കനാലുകളിലൂടെയും കാളവണ്ടിയിലും കുതിരവണ്ടിയിലും വഞ്ചിയിലും വള്ളത്തിലും സഞ്ചരിച്ചിരുന്ന കാലം പഴമക്കാരുടെ മനസില്‍ ഇപ്പോഴുമുണ്ട്. കുതിരവണ്ടിയും കാളവണ്ടിയും വരുന്നതിന് മുമ്പ് മഞ്ചല്‍, മേനാവ്, പല്ലക്ക് തുടങ്ങിയവയായിരുന്നു പ്രധാന വാഹനങ്ങള്‍. മഞ്ചലും മേനാവും പല്ലക്കും എല്ലാം ചുമന്നുകൊണ്ടായിരുന്നു പോയിരുന്നത്. അതിന് പരിചയസമ്പന്നരുണ്ടായിരുന്നു. റോഡുകള്‍ വികസിച്ചതോടെയാണ് രാജാക്കന്മാര്‍ സഞ്ചരിച്ച കുതിര പൂട്ടിയ രഥങ്ങളും കുതിരവണ്ടികളും കാളവണ്ടികളും മനോഹരമായ വില്ലുവണ്ടികളും രംഗത്ത് എത്തിയത്.



പിന്നീട് കൂടുതല്‍ കുതിരകളെ പൂട്ടിയ ഫീറ്റണ്‍ വണ്ടികള്‍ വന്നു. ഒരുകാലത്ത് ദീര്‍ഘദൂര യാത്രയ്ക്ക് ആകെയുള്ള മാര്‍ഗം ജലപാതകളായിരുന്നു. വള്ളക്കടവ് (മുമ്പ് കല്പാലക്കടവ്), ചാക്ക എന്നിവിടങ്ങള്‍ജലയാത്രക്കുള്ള കേന്ദ്രങ്ങളായിരുന്നു. അതിലൂടെ വള്ളത്തിലും ബോട്ടിലും (വര്‍ക്കലവരെ യന്ത്രബോട്ട് ഇല്ലായിരുന്നു) ആയിരുന്നു യാത്ര. രാജാക്കന്മാരും രാജകുടുംബങ്ങളും പ്രത്യേകതരം ബോട്ടുകള്‍-പള്ളി ബോട്ടുകളിലാണ് സഞ്ചരിച്ചിരുന്നത്. കൂടുതല്‍ തുഴയല്‍ക്കാര്‍ ഉള്ളതനുസരിച്ച് ബോട്ടുകളെ ഇരുപത്തിനാല് തണ്ട്, പതിനാറ് തണ്ട്, 12 തണ്ട്, നാലു തണ്ട് എന്നിങ്ങനെ തരംതിരിച്ചിരുന്നു. വള്ളക്കടവിലും ചാക്കയിലും എത്തുന്നവര്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍ കാളവണ്ടികളും കുതിരവണ്ടികളും വാടകയ്ക്ക് കിട്ടുമായിരുന്നു. അക്കാലത്ത് നഗരത്തിന്റെ പല ഭാഗങ്ങളിലും ഇന്നത്തെ ടാക്‌സിസ്റ്റാന്‍ഡ്‌പോലെ കുതിരവണ്ടികള്‍ക്കും കാളവണ്ടികള്‍ക്കും സ്റ്റാന്‍ഡുകള്‍ ഉണ്ടായിരുന്നു. സെക്രട്ടേറിയറ്റ് അഥവാ ഹജൂര്‍കച്ചേരിയില്‍ എത്തുന്ന ഉദ്യോഗസ്ഥന്മാരുടെ കാളവണ്ടികളും കുതിരവണ്ടികളും പാര്‍ക്ക്‌ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സ്ഥലം ഇപ്പോഴത്തെ വൈ.എം.സി.എ. കെട്ടിടം സ്ഥിതിചെയ്യുന്ന വിശാലമായ സ്ഥലത്തായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു.

റോഡ് ഗതാഗതരംഗത്ത് ആദ്യം എത്തിയ വേഗതകൂടിയ വാഹനം കരിയില്‍ ഓടുന്ന മോട്ടോര്‍ ബസുകളായിരുന്നു. നാല് ചക്രങ്ങള്‍ ഉണ്ടായിരുന്ന ഈ വാഹനം ആദ്യം നഗരത്തില്‍ കൊണ്ടുവന്നത് അരുമന ശ്രീനാരായണന്‍തമ്പിയായിരുന്നു. ഇരുപത് കരിബസ്സുകള്‍ ആണ് ആദ്യം കൊണ്ടുവന്നതെന്ന് പറയുന്നു. ഇതില്‍ പത്തെണ്ണം തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലും പത്തെണ്ണം കൊല്ലം റൂട്ടിലും സര്‍വീസ് നടത്തി. (ഇതേപ്പറ്റി നഗരപ്പഴമയില്‍ മുമ്പ് എഴുതിയിട്ടുണ്ട്) ഗതാഗതരംഗത്ത് വിപ്ലവം സൃഷ്ടിച്ച അരുമന ശ്രീനാരായണന്‍തമ്പി അവസാനം കടക്കാരനായി.

1934-ല്‍ തൃശ്ശൂരില്‍ തീവണ്ടിയില്‍വെച്ചാണ് അദ്ദേഹം അന്തരിച്ചത്. കരിവണ്ടിയില്‍ യാത്രക്കാര്‍ക്ക് ദേഹം മുഴുവന്‍ കരിയാകുമായിരുന്നു. അതിന് അധികം വേഗതയും ഇല്ലായിരുന്നു. പെട്രോള്‍ മോട്ടോര്‍ വാഹനങ്ങളുടെ വരവ് ഈ പ്രശ്‌നം പരിഹരിച്ചു. 1911-ല്‍ 'ദി മലബാര്‍ കമേഴ്‌സ്യല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്' എന്ന കമ്പനിയാണ് തിരുവിതാംകൂറില്‍ വ്യാപകമായി പെട്രോള്‍ ബസ്സുകളും കാറുകളും കൊണ്ടുവന്നത്. ലോകത്തുതന്നെ ഇത്തരം വാഹനങ്ങള്‍ വന്നിട്ട് അപ്പോഴേക്കും അധികകാലമായില്ല. മോട്ടോര്‍വാഹനങ്ങളെപ്പറ്റി നൂറ്റാണ്ടുകളായി നടന്ന പരീക്ഷണങ്ങള്‍ക്ക് പ്രധാന വഴിത്തിരിവ് ഉണ്ടായത് 1884-85 കാലത്ത് ജര്‍മന്‍ എന്‍ജിനീയറായ ഡെയിംലറുടെ കണ്ടുപിടിത്തം ആയിരുന്നു. ഗ്യാസോ, പെട്രോളോ ഉപയോഗിച്ചുള്ള ആദ്യത്തെ എന്‍ജിന്‍ രൂപകല്പനചെയ്തതിനുള്ള അംഗീകാരം അദ്ദേഹത്തിനായിരുന്നു. ഒരു സൈക്കിളിലായിരുന്നു ഇത് ആദ്യം പരീക്ഷിച്ചത്. 1886-ല്‍ ഈ പരീക്ഷണം പൂര്‍ണമായി വിജയിച്ചതായി തെളിഞ്ഞു. ഈ രംഗത്ത് പിന്നീടും പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ക്രമേണ മോട്ടോര്‍ വാഹനങ്ങളുടെ നിര്‍മാണം തുടങ്ങി. ഫ്രാന്‍സിലാണ് ആദ്യം കൂടുതല്‍ മോട്ടോര്‍ വാഹനങ്ങള്‍ നിലത്തിറക്കിയത്. ഇതേ തുടര്‍ന്ന് മോട്ടോര്‍ വാഹനങ്ങളെ നിയന്ത്രിക്കാനുള്ള നിയമങ്ങളും ഏര്‍പ്പെടുത്തി. പോലീസ് കൊണ്ടുവന്ന ഈ നിയമ പ്രകാരം ഫ്രാന്‍സ് നഗരത്തില്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ ഏഴരമൈല്‍ ആയിരുന്നു. അത്ര ചെറിയ വേഗതയേ അന്ന് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ.

ഡെയിംലര്‍ കമ്പനിയുടെ സഹായത്തോടെയാണ് മലബാര്‍ കമ്മേഴ്‌സ്യല്‍ കോര്‍പ്പറേഷന്‍ തിരുവിതാംകൂറില്‍ പെട്രോള്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയത്. യാത്രയ്ക്കുള്ള വാഹനങ്ങള്‍ മാത്രമല്ല കോട്ടയത്തും മുണ്ടക്കയത്തും സാധനങ്ങള്‍ കൊണ്ടുപോകാനുള്ള ലോറി സര്‍വീസുകളും അവര്‍ക്കുണ്ടായിരുന്നു. ആലപ്പുഴയായിരുന്നു കമ്പനിയുടെ ആസ്ഥാനം. കമ്പനി മാനേജര്‍ ആര്‍.എം.സേവെല്‍ 1911-ല്‍ ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവന്ന രണ്ട് പെട്രോള്‍ ബസുകളാണ് തിരുവനന്തപുരത്ത് നിന്നും നാഗര്‍കോവിലിലേക്കും കൊല്ലത്തേക്കും ആദ്യം സര്‍വീസ് നടത്തിയ പെട്രോള്‍ വാഹനങ്ങള്‍. ഈ വാഹനങ്ങള്‍ കൂടുതല്‍ ജനപ്രീതി നേടിയതോടെ കമ്പനി കൂടുതല്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചു. പിന്നീട് നാഗര്‍കോവിലിനും കൊല്ലത്തിനും ഇടയ്ക്ക് പാഴ്‌സല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത് കച്ചവടക്കാര്‍ക്ക് അനുഗ്രഹമായി. കാറുകള്‍ വാടകയ്ക്ക് കൊടുക്കാന്‍ തുടങ്ങിയതും ഈ കമ്പനിയാണ്. ബസുകള്‍ നന്നാക്കാന്‍ വര്‍ക്ക്‌ഷോപ്പുകളും, പാര്‍ക്ക് ചെയ്യാനുള്ള സ്ഥലങ്ങളും കമ്പനിയ്ക്കുണ്ടായിരുന്നു. മോട്ടോര്‍ വാഹനരംഗത്ത് തെക്കേ ഇന്ത്യയില്‍ ആദ്യമായി വിപുലമായ ആധുനിക യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും മലബാര്‍ കമ്മേഴ്‌സ്യല്‍ കോര്‍പ്പറേഷനാണ്. ഇതോടെ കാളവണ്ടിയിലും വള്ളത്തിലും ഒതുങ്ങി നിന്നിരുന്ന ആളുകളുടെ യാത്ര വേഗതയുള്ള പുതിയ വാഹനങ്ങളിലായി. ക്രമേണ മോട്ടോര്‍ വാഹന വ്യവസായ രംഗം തഴച്ചുവളര്‍ന്നു. ധാരാളം ആളുകള്‍ ബസ് സര്‍വീസ് വന്‍ വരുമാനമായി കണ്ടു. അതോടെ പുതിയ പുതിയ കമ്പനികള്‍ ഉണ്ടായി. ഇതിന്റെ എല്ലാം പരിണിത ഫലമാണ് 1938-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് രൂപവത്കരണം. മറ്റ് ബസുകളെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും കൃത്യനിഷ്ഠയും ഉള്ള ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ ബസ്സുകളും അവരുടെ വിശ്രമ കേന്ദ്രങ്ങളും എല്ലാം ജനങ്ങള്‍ക്ക് അനുഗ്രഹമായി മാറി. ഈ സര്‍വീസാണ് ഇപ്പോഴത്തെ കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി മാറിയത്.

Sunday, January 1, 2012

അദ്യ ഇന്ത്യന്‍ സ്‌കൂട്ടറിന്റെ മുഖ്യശില്‍പ്പി അന്തരിച്ചു

അദ്യ ഇന്ത്യന്‍ സ്‌കൂട്ടറിന്റെ മുഖ്യശില്‍പ്പി അന്തരിച്ചു 
Posted on: 31 Dec 2011




ചാത്തന്നൂര്‍: ആദ്യ ഇന്ത്യന്‍ സ്‌കൂട്ടറായ അറ്റ്‌ലാന്റയുടെ മുഖ്യശില്പിയും എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റും വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റുമായ കൊല്ലം ചാത്തന്നൂര്‍ കാരംകോട് ഏറം ശിവഗംഗയില്‍ പി.എസ്.തങ്കപ്പന്‍ (80) അന്തരിച്ചു. ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സ്‌കൂട്ടറായ അറ്റ്‌ലാന്റ യാഥാര്‍ഥ്യമാക്കിയ മുഖ്യശില്പികളില്‍ ഒരാളാണ് പി.എസ്.തങ്കപ്പന്‍. വ്യവസായവകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരുന്ന എന്‍.എച്ച്.രാജ്കുമാര്‍ ആരംഭിച്ച രഞ്ജന്‍ മോട്ടോര്‍ കമ്പനിയാണ് അറ്റ്‌ലാന്റ പുറത്തിറക്കിയത്. വ്യവസായവകുപ്പില്‍ എന്‍ജിനിയറായിരുന്ന പി.എസ്.തങ്കപ്പനെ ഡെപ്യൂട്ടേഷനില്‍ രാജ്കുമാര്‍ രഞ്ജന്‍ മോട്ടോര്‍ കമ്പനിയിലേക്ക് കൊണ്ടുവരികയായിരുന്നു.

വന്‍തോതില്‍ സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നതിനുള്ള രഞ്ജന്‍ മോട്ടോര്‍ കമ്പനിയുടെ തീരുമാനത്തെത്തുടര്‍ന്ന് ഇതിനായുള്ള ലൈസന്‍സിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടി ഡല്‍ഹിയില്‍പ്പോയി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് പി.എസ്.തങ്കപ്പനാണ്.

ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായിരുന്നു. കേരള വിശ്വകര്‍മ്മസഭയുടെ മുഖ്യസ്ഥാപകരില്‍ ഒരാളും ആദ്യ ജനറല്‍ സെക്രട്ടറിയുമാണ്. ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടേറിയറ്റംഗം, ട്രേഡ്‌യൂണിയന്‍ കോഓര്‍ഡിനേഷന്‍ സെന്റര്‍ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സ്‌പെഷല്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആദ്യ ഇന്ത്യന്‍ സ്‌കൂട്ടറിന്റെ മുഖ്യശില്പി


ചാത്തന്നൂര്‍: ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സ്‌കൂട്ടറായ അറ്റ്‌ലാന്റയുടെ സുവര്‍ണജൂബിലിവര്‍ഷത്തില്‍ ഇതിന്റെ മുഖ്യശില്പികളില്‍ ഒരാളായ പി.എസ്.തങ്കപ്പന്‍ വിടവാങ്ങി. അറ്റ്‌ലാന്റ സ്‌കൂട്ടര്‍ നിര്‍മ്മാണത്തിലും കമ്പനിയായ രഞ്ജന്‍ മോട്ടോറിന്റെ വളര്‍ച്ചയിലും പി.എസ്.തങ്കപ്പന്‍ വഹിച്ച പങ്ക് വലുതാണ്. കൊല്ലം ചാത്തന്നൂര്‍ കാരംകോട് സ്വദേശിയായ പി.എസ്.തങ്കപ്പന്‍(80) വെള്ളിയാഴ്ചയാണ് മരിച്ചത്. വിശ്വകര്‍മ്മ സമുദായപ്രവര്‍ത്തനത്തിലും ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായിരുന്നു. എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.


വ്യവസായ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരുന്ന എന്‍.എച്ച്.രാജ്കുമാര്‍ സ്ഥാപിച്ച രഞ്ജന്‍ മോട്ടോര്‍ കമ്പനി 1961ലാണ് ആദ്യ സ്വദേശനിര്‍മ്മിത സ്‌കൂട്ടറായ അറ്റ്‌ലാന്റ പുറത്തിറക്കിയത്. ഇത് മലയാളി എന്‍ജിനിയറായ പി.എസ്.തങ്കപ്പന്റെ കൂടി നേട്ടമായിരുന്നു. 1957ല്‍ ജപ്പാനില്‍ പരിശീലനം കഴിഞ്ഞ് വന്നപ്പോഴാണ് രാജ്കുമാര്‍ സ്‌കൂട്ടര്‍ നിര്‍മ്മിക്കണമെന്ന ആശയം മുന്നോട്ടുവച്ചത്. അങ്ങനെയാണ് 'അറ്റ്‌ലാന്റ'യുടെ രൂപകല്പനയുണ്ടായത്. പൊതുമേഖലയില്‍ ആരംഭിക്കാന്‍ കഴിയാത്തതിനാല്‍ അഞ്ചുലക്ഷം രൂപമുതല്‍മുടക്കുമായിട്ടാണ് രഞ്ജന്‍മോട്ടോര്‍ കമ്പനി സ്ഥാപിച്ചത്. കമ്പനിയുടെ രണ്ടുലക്ഷം രൂപയുടെ ഓഹരി എടുത്തുകൊണ്ട് സഹായിച്ചത് തിരുവിതാംകൂര്‍ രാജകുടുംബമാണ്.

വ്യവസായ വകുപ്പില്‍ എന്‍ജിനിയറായിരുന്ന പി.എസ്.തങ്കപ്പന്റെ വൈദഗ്ദ്ധ്യം കണ്ടറിഞ്ഞ രാജ്കുമാര്‍ ഡെപ്യൂട്ടേഷനില്‍ കമ്പനിയിലേക്ക് കൊണ്ടുവന്നു. സ്‌കൂട്ടര്‍ നിര്‍മ്മാണത്തിനായുള്ള ഡൈനാമോയും കാര്‍ബറേറ്ററും മാത്രമാണ് വിദേശത്തുനിന്ന് കൊണ്ടുവന്നത്. അറ്റ്‌ലാന്റയുടെ ബോഡി നിര്‍മ്മാണത്തിനായിട്ടുള്ള ഫൈബര്‍ ഗ്ലാസ്, പിസ്റ്റണ്‍ തുടങ്ങി മറ്റ് എല്ലാ ഭാഗങ്ങളും നിര്‍മ്മിച്ചത് കമ്പനിയില്‍ തന്നെയാണ്. അറ്റ്‌ലാന്റയുടെ നിര്‍മ്മാണം വിജയകരമായതോടെ വന്‍തോതില്‍ സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ലൈസന്‍സിനായി ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് പി.എസ്.തങ്കപ്പനാണ്. പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പി.എസ്.തങ്കപ്പന്‍ ചെന്നത് അറ്റ്‌ലാന്റയിലാണ്. ലൈസന്‍സ് നല്‍കുന്നതിനായുള്ള സാങ്കേതികസമിതി മുമ്പാകെ അറ്റ്‌ലാന്റയുടെ നിര്‍മ്മാണ രീതികളും പ്രവര്‍ത്തനവും വിശദീകരിച്ചത് തങ്കപ്പനാണ്. സാങ്കേതികസമിതിയിലെ ഒരു അംഗത്തെയുംകൊണ്ട് അറ്റ്‌ലാന്റയില്‍ ഇന്ത്യാഗേറ്റിന് മുന്നിലൂടെ സവാരിയും നടത്തി. 1500 രൂപയായിരുന്നു അറ്റ്‌ലാന്റയുടെ വില. രഞ്ജന്‍ മോട്ടോര്‍ കമ്പനി 1971ല്‍ എന്‍ജിനിയര്‍മാരുടെ സഹകരണസംഘമായ എന്‍കോസ് ഏറ്റെടുത്തിരുന്നു. ഇതാണ് പിന്നീട് കേരള ഓട്ടോമൊബൈല്‍സ് ആയി മാറിയത്.

ഇതോടെ അറ്റ്‌ലാന്റയും ചരിത്രത്തിലേക്ക് വഴിമാറി. വിദേശനിര്‍മ്മിത സ്‌കൂട്ടറുകളായ വെസ്പയും ലാംബിയും നിരത്തുകള്‍ അടക്കിവാഴുമ്പോഴാണ് ഒരു മലയാളിയുടെ കൂടി പ്രയത്‌നത്താല്‍ ആദ്യ സ്വദേശി സ്‌കൂട്ടര്‍ ആയ അറ്റ്‌ലാന്റ പുറത്തിറങ്ങുന്നത്. കേരള ആര്‍ട്ടിസാന്‍സ് കോര്‍പ്പറേഷന്റെ ആദ്യ മാനേജിങ് ഡയറക്ടറായിരുന്നു പി.എസ്.തങ്കപ്പന്‍.

ആദ്യ ഇന്ത്യന്‍ സ്‌കൂട്ടറിന് 50 വയസ്സ്