Wednesday, June 16, 2010

ഈന്തപ്പനയില്‍നിന്ന് ജൈവ ഇന്ധനം; ഒമാനില്‍ ഫാക്ടറി സ്ഥാപിക്കുന്നു

ഈന്തപ്പനയില്‍നിന്ന് ജൈവ ഇന്ധനം; ഒമാനില്‍ ഫാക്ടറി സ്ഥാപിക്കുന്നു


Thursday, June 17, 2010

മസ്‌കത്ത്: നൂറ്റാണ്ടുകളായി കോടിക്കണക്കിന് പേരുടെ വിശപ്പടക്കുന്ന ഈന്തപ്പന ഇനി വാഹനങ്ങള്‍ക്കും തുണയാകുന്നു. ഈന്തപ്പനയുടെ സത്ത ഉപയോഗിച്ച് ജൈവ ഇന്ധനമുണ്ടാക്കാനുള്ള പദ്ധതിക്ക് ഒമാനില്‍ തുടക്കം കുറിക്കുകയാണ്. സോഹാറില്‍ ഇതിനായി ഫാക്ടറി സ്ഥാപിക്കും. ഒമാനി നിക്ഷേപകന്‍ മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതിയും അദ്ദേഹത്തിന്റെ പങ്കാളികളായ ഒമാന്‍ ഗ്രീന്‍ എനര്‍ജി കമ്പനിയും ചേര്‍ന്നാണ് ഈ സംരംഭത്തിനിറങ്ങുന്നത്.

അമേരിക്കയില്‍ പാചക എണ്ണയില്‍നിന്ന് ഇന്ധനമുണ്ടാക്കാന്‍ ശ്രമം നടക്കുന്ന സാഹചര്യത്തിലാണ് അറേബ്യയില്‍ ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത് ഗുണകരമാകുമെന്ന തോന്നലുണ്ടായതെന്ന് മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതി പറഞ്ഞു. ഇതേത്തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ താന്‍ നിര്‍മിച്ച ജൈവ ഇന്ധനം ഏതാനും മാസം സ്വന്തം കാറില്‍ ഉപയോഗിച്ചെന്നും ഒരു പ്രശ്‌നവുമുണ്ടായില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈന്തപ്പനയില്‍ നിന്നുള്ള സത്ത എടുത്തശേഷം മറ്റു ചില വസ്തുക്കള്‍ ചേര്‍ത്താണ് വ്യാവസായിക പ്രക്രിയയിലൂടെ ഇന്ധനമാക്കി മാറ്റുക. ഇതിനായി ഉപയോഗിക്കുന്ന ഈന്തപ്പനകള്‍ കായ്ക്കുന്നതിന് പ്രശ്‌നമുണ്ടാവില്ലെന്നും മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതി വിശദീകരിച്ചു.

വാണിജ്യാടിസ്ഥാനത്തില്‍ ഈന്തപ്പനയില്‍നിന്ന് ജൈവ ഇന്ധനമുണ്ടാക്കുന്നതിനായി സോഹാറില്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഇദ്ദേഹത്തിന് ഒമാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഈ എഥനോള്‍ ഉല്‍പാദന സംരംഭത്തിന് 28 ദശലക്ഷം ഡോളറാണ് നിക്ഷേപം. ഇവിടെ പ്രതിദിനം ഒമ്പത് ലക്ഷം ലിറ്റര്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ഇതിന്റെ 80 ശതമാനവും കയറ്റുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതി പറഞ്ഞു. മാത്രമല്ല, ഒമാനിലുടനീളം ഈ ഇന്ധനത്തിന്റെ വില്‍പനക്കായി ഫില്ലിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. വളരെ വില കുറച്ചായിരിക്കും ഇതിന്റെ വില്‍പനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഇന്ധനം ഉപയോഗിക്കുന്നത് വഴി മോട്ടോര്‍ വാഹനങ്ങളില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് പുറത്തുവിടുന്നത് വളരെ കുറയുമത്രെ.

ആദ്യ ഘട്ടത്തില്‍ എട്ടു ലക്ഷം ഈന്തപ്പനകളാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തുക. പിന്നീടിത് ഒരു കോടി വരെയാക്കുമെന്നാണ് പറയുന്നത്. പദ്ധതിയുടെ പ്രചാരണത്തിനായി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതിയും സംഘവും തീരുമാനിച്ചിട്ടുണ്ട്.



ബി.എസ്. നിസാമുദ്ദീന്‍

മൂര്‍ത്തിയുടെ സ്വപ്നം; മാറുന്ന ലോകം പുതിയ ഇന്ത്യ

മൂര്‍ത്തിയുടെ സ്വപ്നം; മാറുന്ന ലോകം പുതിയ ഇന്ത്യ




Posted on: 13 Jun 2010







അഞ്ജന ശശി









27 വര്‍ഷം...!

95 രൂപ 3,32,80000 രൂപയായി

വളര്‍ന്ന വിസ്മയം!





ചില കണക്കുകള്‍ അങ്ങനെയാണ്. അത് നമ്മളെ അമ്പരപ്പിക്കും.



1981 ജൂലായ് 2. അന്നാണ് ഈ കണക്കിനുപിറകിലെ കഥ തുടങ്ങുന്നത്. ഒഴിഞ്ഞ കീശയും മനസ്സുനിറയെ ആശയങ്ങളുമായി സ്വപ്നങ്ങള്‍ക്കു നടുവിലായിരുന്നു അന്നയാള്‍. ആ ചെറുപ്പക്കാരന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാന്‍ തയ്യാറായി ആറുകൂട്ടുകാര്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. ആഗ്രഹങ്ങള്‍ക്ക് ചിറകുനല്‍കിയതാവട്ടെ ഭാര്യ സ്വരുക്കൂട്ടിവെച്ച പതിനായിരം രൂപയും. അന്ന് ആ ഫ്ലറ്റില്‍ പിറന്നുവീണ കമ്പനിയാണ് ഇന്ന് ലോകമറിയുന്ന 'ഇന്‍ഫോസിസ്'. കര്‍ണ്ണാടകയിലെ സാധാരണ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന നാഗവാര രാമറാവു നാരായണമൂര്‍ത്തി എന്ന എന്‍.ആര്‍. നാരായണമൂര്‍ത്തിക്ക് അത് സാഫല്യത്തിന്റെ നിമിഷമായിരുന്നു.

കമ്പ്യൂട്ടര്‍വത്കരണത്തിനെതിരെ സമരങ്ങളും മുറവിളികളും മുറയ്ക്ക് നടക്കുന്ന കാലം. രാഷ്ട്രീയക്കാരുടെ മുദ്രാവാക്യങ്ങളിലെ രൂക്ഷതയ്ക്ക് ദീര്‍ഘവീക്ഷണമുള്ള ആ ചെറുപ്പക്കാര്‍ ചെവിനല്‍കിയില്ല. വരാനിരിക്കുന്ന നാളുകള്‍ അവര്‍ മുന്‍കൂട്ടിക്കണ്ടു. രണ്ടുവര്‍ഷത്തിനുശേഷം സ്‌റ്റോക് മാര്‍ക്കറ്റിലെ സ്‌ക്രീനില്‍ ചരിത്രത്തിലാദ്യമായി ഇന്‍ഫോസിന്റെ പേര് ഡിജിറ്റുകളായി തെളിയുമ്പോള്‍ കേവലം പത്തുരൂപയായിരുന്നു കമ്പനിയുടെ ഓഹരി മുഖവില. 85 രൂപ പ്രീമിയം അടക്കം 95 രൂപ നിരക്കില്‍ അന്ന് നൂറ് ഓഹരി സ്വന്തമാക്കിയവര്‍ക്ക് ബോണസ് ഓഹരികളടക്കം ഇന്ന് ലഭിക്കുന്ന വിലയാണ് മൂന്നുകോടി മുപ്പത്തിരണ്ട് ലക്ഷത്തി എണ്‍പതിനായിരം രൂപ!



കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സോഫ്റ്റ് വെയര്‍ വില്പനയിലൂടെ 20,000ലധികം കോടിയുടെ വരുമാനം നേടി ഇന്‍ഫോസിസ് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും മൂര്‍ത്തിയുടെ പ്രവര്‍ത്തിയിലും വാക്കുകളിലും നിറയുന്നത് പതിവുപോലെ ലാളിത്യവും വിനയവും മാത്രം.





നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ ആത്മാര്‍ഥതയും സമര്‍പ്പണവും

ഒത്തുചേരുമ്പോള്‍ നടക്കാനാവാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ച

സംരംഭം. അതിന്റെ അമരത്ത് ലാളിത്യത്തിന്റെ പ്രതിരൂപമായി ഒരാള്‍

ഇരുപത്തിയേഴു കൊല്ലം കൊണ്ട് ഇന്‍ഫോസിസിന്റെ വളര്‍ച്ച

എന്‍.ആര്‍.നാരായണമൂര്‍ത്തി എന്ന സ്ഥിരോത്സാഹിയുടെ

സ്വപ്നങ്ങള്‍ക്കൊപ്പമായിരുന്നു. ഇപ്പോള്‍ ആ സ്വപ്നങ്ങളില്‍

മാറുന്ന ലോകവും പുതിയ ഇന്ത്യയും...







ഇന്‍ഫോസിസിന്റെ സി.ഇ.ഒ. പോലൊരു സ്ഥാനം അധികം പ്രായമാകുംമുമ്പുതന്നെ ഒഴിഞ്ഞുകൊടുക്കാനുള്ള തീരുമാനം വലിയൊരു ത്യാഗമല്ലേ?

സ്ഥാനമാറ്റം എന്റെ ജീവിതത്തെ ബാധിച്ചിട്ടില്ല. ചെറുപ്പക്കാര്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നമ്മുടെ നേതാക്കന്‍മാര്‍ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിക്കാറില്ല. 52ാമത്തെ വയസ്സിലാണ് ഞാന്‍ സ്ഥാനമൊഴിയുന്നത്. തുടര്‍ന്ന് നന്ദന്‍. പിന്നെ ക്രിസ് വന്നു. അങ്ങനെ ചെയ്യണമെന്നുതന്നെയാണ് ഞാന്‍ പറയുന്നത്. ഇന്ത്യപോലൊരു രാജ്യത്ത് നമ്മള്‍ കഠിനാധ്വാനം ചെയ്യണം. അതിന് ഒരുപാട് ഊര്‍ജ്ജം ആവശ്യമാണ്. ഈ ഊര്‍ജ്ജം വരുന്നത് യുവാക്കളില്‍നിന്നാണ്.



1981 ജൂലായ് രണ്ടിന് െ്രെപവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്ത ഇന്‍ഫോസിസ് 1992 ജൂണില്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. ഇന്ത്യയിലെ സമര്‍ഥരെയെല്ലാം വിദേശ രാജ്യങ്ങള്‍ തട്ടിയെടുക്കുന്ന അവസ്ഥയില്‍ നിന്ന്, ഇന്ത്യന്‍ യുവത്വത്തിന്റെ കഴിവ് ഉപയോഗിച്ച് കമ്പനിയുടെ 98 ശതമാനം വരുമാനവും ഇന്ത്യയ്ക്ക് പുറത്തുനിന്ന് നേടുന്ന കമ്പനിയായി വളര്‍ന്നു. ഇന്ത്യയിലെ ഏറ്റവും ആദരവ് അര്‍ഹിക്കുന്ന കമ്പനിയായി കഴിഞ്ഞവര്‍ഷം വാള്‍സ്ട്രീറ്റ് ജേണല്‍ തിരഞ്ഞെടുത്തത് ഇന്‍ഫോസിസിനെ ആയിരുന്നു. ഇന്ത്യന്‍ പതാക പറപ്പിക്കുന്ന ആഗോള കമ്പനിയാണ് ഇന്ന് ഇന്‍ഫോസിസ്. അമേരിക്കയില്‍ മാത്രം ഇന്‍ഫോസിസിന് 13 സെയില്‍സ് ഓഫീസുകളുണ്ട്. യൂറോപ്പിലും ജപ്പാനിലും കാനഡയിലും ഓസ്‌ട്രേലിയയിലും ഹോങ്കോങ്ങിലുമെല്ലാം ഇന്‍ഫോസിസ് വരവ് അറിയിച്ചു.



''ഇന്‍ഫോസിസ് ലോകവ്യാപകമായി വളര്‍ന്നിരിക്കുന്നു. അധികം താമസിയാതെ ന്യൂസിലാന്‍ഡിലും തുടങ്ങുന്നുണ്ട്.'' പറയുമ്പോള്‍ നാരായണമൂര്‍ത്തിയുടെ ശബ്ദത്തില്‍ സംതൃപ്തിയുടെ നിറവ.്

കഴിഞ്ഞവര്‍ഷം അമേരിക്കയിലെ ഒരു പ്രധാന തപാല്‍ കമ്പനി അവര്‍ ഉപയോഗിച്ചിരുന്ന ഐ.ടി. സിസ്റ്റം മാറ്റിസ്ഥാപിക്കാന്‍ ഇന്‍ഫോസിനെ സമീപിച്ചു. ഇന്‍ഫോസിസിലെ എഞ്ചിനീയര്‍മാര്‍ രൂപകല്‍പന ചെയ്ത പുതിയ സോഫ്റ്റ് വെയറുകള്‍ കമ്പനിയുടെ കമ്പ്യൂട്ടര്‍ ഞരമ്പുകളിലൂടെ പ്രവഹിച്ചുതുടങ്ങിയപ്പോള്‍ അതുവരെ പ്രതിദിനം രണ്ടുലക്ഷം ചെക്ക്‌പോയിന്റുകളില്‍ വിതരണത്തിനുണ്ടായിരുന്ന എട്ടുമണിക്കൂര്‍ കാലതാമസം വെറും 15 മിനിട്ടുകളായി ചുരുങ്ങി. തപാല്‍ കമ്പനിയുടെ നേട്ടം സമയനഷ്ടത്തില്‍നിന്നും പാഴ്‌ച്ചെലവുകളില്‍നിന്നുമുള്ള മോചനവും കൂടുതല്‍ വ്യാപാരവുമായിരുന്നു. ഏതു പ്രതിസന്ധിയില്‍നിന്നും കരകയറ്റാന്‍ സാധിക്കുന്ന സാങ്കേതികസഹായം ഇന്‍ഫോസിസിന് നല്കാന്‍ കഴിയുമെന്ന് ഇന്ന് ലോകത്തെ പടുകൂറ്റന്‍ കമ്പനികള്‍ കരുതുന്നതും ഇതുകൊണ്ടുതന്നെ.



കടബാധ്യതകളില്ലാത്ത കമ്പനിയെന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. അതിനെക്കുറിച്ച് മൂര്‍ത്തി പറയുന്നതിങ്ങനെ: ''നന്ദന്‍ നിലകാനി, എന്‍.എസ്. രാഘവന്‍, ക്രിസ് ഗോപാലകൃഷ്ണന്‍, എസ്.ഡി. ഷിബുലാല്‍, കെ. ദിനേഷ്, അശോക് അറോറ എന്നിവരാണ് തുടക്കത്തില്‍ എനിക്കൊപ്പം നിന്നത്. സുധ തന്ന പതിനായിരം രൂപയിലാണ് ഞങ്ങളുടെ തുടക്കം. പിന്നെയും പണം ആവശ്യമായിരുന്നു. എന്നാല്‍ ബാങ്കുകള്‍ ഞങ്ങളെ അടുപ്പിച്ചതേയില്ല. സാധാരണക്കാരന്റെ ബെഡ്‌റൂമില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പാവം കമ്പനിക്ക് എന്തു കൊളാറ്ററല്‍ സെക്യൂരിറ്റിയാണ് ബാങ്കുകള്‍ക്ക് നല്കാന്‍ കഴിയുക? കഷ്ടപ്പാടിന്റെ ആ ദിനങ്ങളില്‍ ഞങ്ങള്‍ തീരുമാനമെടുത്തു. ഭാവിയില്‍ ഞങ്ങള്‍ ആരില്‍നിന്നും സഹായം തേടില്ല എന്ന്. കഴിഞ്ഞ 27 വര്‍ഷങ്ങളായി ഒരു വായ്പയും ഞങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.''

പരിസ്ഥിതിയോട് ചേര്‍ന്നുനില്ക്കുന്നവയാണ് ഇന്‍ഫോസിന്റെ ക്യാമ്പസുകളോരോന്നും. മണ്ണും മരങ്ങളും ജലധാരകളും വള്ളിപ്പടര്‍പ്പുകളുടെ കുളിര്‍മയും ഒത്തുചേരുന്ന മനോഹരമായ അന്തരീക്ഷം. ആധുനിക മുഖച്ഛായയുമായി നില്ക്കുന്ന കെട്ടിടങ്ങള്‍ പച്ചപ്പില്‍ ലയിച്ചുചേരുന്നു. ക്യാമ്പസിനകത്തെ സഞ്ചാരത്തിന് ബാറ്ററി ഉപയോഗിക്കുന്ന കാറുകളും സൈക്കിളുകളും മാത്രം. ഗെയിറ്റിനുപുറത്ത് യന്ത്രത്തോക്കുകളുമായി നില്‍ക്കുന്ന സി.ഐ.എസ്.എഫ്. ജവാന്‍മാരെയും സെക്യൂരിറ്റി ചെക്കിങ്ങും കടന്ന് ക്യാമ്പസിനുള്ളിലേക്ക് കയറിക്കഴിഞ്ഞാല്‍ പിന്നെ എല്ലായിടത്തും പുഞ്ചിരിക്കുന്ന മുഖങ്ങളാണ്. ഇവിടെ അപരിചതത്വം അലിഞ്ഞില്ലാതാകുന്നു.



പ്രകൃതിമനോഹരങ്ങളായ ക്യാമ്പസുകള്‍. ഈ മാതൃക മനസ്സില്‍ കടന്നുവന്നതെങ്ങനെയാണ്?

1994ലാണ് ക്യാമ്പസ് എന്ന ആശയം വരുന്നത്. ആളുകള്‍ക്ക് വന്ന് തൊഴിലെടുക്കാന്‍ താല്‍പര്യമുണര്‍ത്തുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ആവശ്യമായിരുന്നു. പൊടിയും പുകയും നിറഞ്ഞ മലിനമായ അന്തരീക്ഷത്തിലൂടെ

യാത്രചെയ്‌തെത്തുന്ന ഒരാള്‍ക്ക് 'ഹായ് ഇവിടെ എന്തൊരു പച്ചപ്പാണ്, എന്തൊരു കുളിര്‍മയാണ്. എനിക്കിവിടെയെല്ലാം നടക്കാം, എന്റെ വാതിലുകളും ജനാലകളും ധൈര്യത്തോടെ തുറന്നിടാം, സുഖമായി ജോലി ചെയ്യാം' എന്നു തോന്നിയാല്‍ അത് വലിയകാര്യമാണ്.







ഇന്‍ഫോസിസിന്റെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് അത്ഭുതാവഹമാണ്. ലോകം അഗീകരിച്ച ഈ മാതൃക പ്ലാന്‍ ചെയ്തതെങ്ങനെയാണ്?

ഇന്‍ഫോസിസിന്റെ സ്വത്ത് ഇവിടെ ജോലിചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ ഇവിടെയുള്ളവരെ ബഹുമാനിക്കേണ്ടതും അവരോട് അന്തസ്സ് പുലര്‍ത്തേണ്ടതും ഞങ്ങളുടെ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവിടെ ജോലിചെയ്യുന്ന ഓരോരുത്തരും പരമാവധി കഴിവുകള്‍ വൈകുന്നേരമാകുമ്പോഴേക്കും ഉപയോഗിക്കണം. അത്യുത്സാഹത്തോടെയും തെളിഞ്ഞ ബുദ്ധിയോടെയും വേണം അവര്‍ അടുത്തദിവസം രാവിലെ ഇവിടെയെത്താന്‍. അതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും.



തിരുവനന്തപുരത്ത് ലോകനിലവാരമുള്ള ക്യാമ്പസ് യാഥാര്‍ഥ്യമായല്ലോ? ഞങ്ങള്‍ കേരളീയര്‍ അംഗീകരിക്കപ്പെട്ടതുപോലെ തോന്നുന്നു

മലയാളികള്‍ കഠിനാധ്വാനികളാണ്. ചുറ്റുപാടുകളോട് പെട്ടെന്ന് ഇണങ്ങിച്ചേരുന്നവര്‍. ലോകത്തെവിടെപോയാലും അവരെ കാണാം. കേരളീയര്‍ പ്രൊഫഷണലുകാണെന്നതില്‍ യാതൊരു സംശയവും വേണ്ട. ഇന്‍ഫോസിസില്‍ മലയാളികള്‍ ധാരാളമുണ്ട്. ഇപ്പോഴത്തെ സി.ഇ.ഒ. ക്രിസ് ഗോപാലകൃഷ്ണന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷിബുലാല്‍ തുടങ്ങി ഒരുപാടുപേര്‍. ക്രിസിനെപറ്റി പറയേണ്ട ആവശ്യമില്ല. എല്ലാവര്‍ക്കും ആ ടാലന്റ് അറിയാം. ഷിബുലാല്‍ വളരെ ബ്രില്യന്റ് ആണ്. ഇന്‍ഫോസിസിന്റെ തുടക്കംമുതല്‍ താങ്ങുംതണലുമായി ഇവര്‍ എന്റെകൂടെയുണ്ട്. പത്തുലക്ഷത്തിനുമേല്‍ വരിക്കാരുള്ള രണ്ടുപത്രങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്നതില്‍ എനിക്ക് അദ്ഭുതം തോന്നുന്നു. മലയാളികളുടെ ഒരു പ്രത്യേകത ഇതാണ്. അവര്‍ ലോകത്തെ അറിയാനും അറിയിക്കാനും ശ്രമിക്കുന്നു.



****



തിരക്കുകള്‍ക്കിടയില്‍ കുടുംബബന്ധങ്ങള്‍ ഇഴപൊട്ടാതെ ചേര്‍ത്തുനിര്‍ത്തുന്നതിന് മൂര്‍ത്തി മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നത് ഭാര്യ സുധാമൂര്‍ത്തിക്കാണ്. ഇന്‍ഫോസിസിന്റെ മൂലധനം കൊടുത്തത് മുതല്‍ ഓരോ വീഴ്ചയിലും വിജയത്തിലും അവര്‍ മൂര്‍ത്തിക്കൊപ്പം നിന്നു. കര്‍ണ്ണാടക സംസ്ഥാനത്ത് ഒന്നാംറാങ്കോടെ എഞ്ചിനീയറിങ് വിജയിച്ച സുധാമൂര്‍ത്തി പലപ്പോഴും മൂര്‍ത്തിയുടെ തിരക്കുകള്‍ക്കിടയില്‍ സാധാരണ വീട്ടമ്മയായി മാറി. ഇന്ന് ഇന്‍ഫോസിസ് ഫൗണ്ടേഷനുവേണ്ടി രാജ്യത്തെ പാവപ്പെട്ടവര്‍ക്കിടയില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നതില്‍ അവര്‍ ആനന്ദം കണ്ടെത്തുന്നു. വൈകുന്നേരം നാരായണമൂര്‍ത്തിയുടെ ഫ്ലറ്റില്‍ ചെല്ലുമ്പോള്‍ നിറഞ്ഞ സ്വാഗതവുമായി വാതില്‍ക്കല്‍ത്തന്നെ സുധാമൂര്‍ത്തിയുണ്ട്. മൂര്‍ത്തിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ മനസ്സുതുറന്നു.

''മൂര്‍ത്തി ഒരുപാട് മാറി. ഒരിക്കല്‍ എന്നെ പ്രണയിച്ചിരുന്ന നാണം കുണുങ്ങിയായ മൂര്‍ത്തിയില്‍നിന്ന് ഏറെ വളര്‍ന്നു. എന്നാല്‍ അദ്ദേഹം കൂടുതല്‍കൂടുതല്‍ വിനയാന്വിതനായിരിക്കുന്നു.'' മുകളിലെ മുറിയിലിരുന്ന് ജോലിചെയ്യുന്ന മൂര്‍ത്തിയെ വിവരം അറിയിച്ചശേഷം സുധ തന്റെ തിരക്കുകളിലേക്ക് യാത്രപറഞ്ഞിറങ്ങി.



നല്ലൊരു കുടുംബനാഥനാണോ?

ആദ്യമെല്ലാം കുറെ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ കമ്പനി വളരാന്‍ തുടങ്ങിയതോടെ അധിക ശ്രദ്ധ നല്‍കാന്‍ പറ്റാതായി. എന്നാല്‍ എല്ലാവരും വളരെ സഹകരിച്ചു. എന്നെ എന്റെ ജോലിചെയ്യാന്‍ അനുവദിച്ചു. സുധയുടെ ഭാഗത്തുനിന്നുള്ള സഹകരണമാണ് എന്റെ ശരിയായ വിജയം. കുട്ടികളും പൂര്‍ണമായും കൂടെനിന്നു.



മക്കള്‍ രണ്ടും വ്യത്യസ്ത പാതയിലാണല്ലോ?

അതെ. അവര്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മകന്‍ റോഹന്‍ അവസാനവര്‍ഷ ഗവേഷണ വിദ്യാര്‍ഥിയാണ്. മകള്‍ അക്ഷത വെഞ്ച്വര്‍ കാപിറ്റല്‍ രംഗത്തും.



ഇന്‍ഫോസിസ് ഫൗണ്ടേഷന്‍?

വളരെ നല്ലൊരു സംരംഭമാണത്. സുധയാണ് അതിന്റെ ചെയര്‍പേഴ്‌സണ്‍. 1997ല്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന് രൂപം നല്‍കി. ഇന്‍ഫോസിസിന്റെ ലാഭത്തില്‍നിന്നും ഒരു നിശ്ചിത തുക എല്ലാവര്‍ഷവും ഫൗണ്ടേഷന് നല്‍കും. അത് പാവപ്പെട്ടവര്‍ക്കുവേണ്ടി മാത്രമുള്ളതാണ്.



****

ചെറുപ്പത്തിന്റെ ചൂടില്‍ കമ്യൂണിസം തലയ്ക്കുപിടിച്ച് രാഷ്ട്രീയക്കാരന്റെ കുപ്പായമിടാനായിരുന്നു നാരായണ മൂര്‍ത്തിയ്ക്ക് താല്‍പര്യം. എന്നാല്‍ അക്കാലത്തുണ്ടായ ഒരു സംഭവം മൂര്‍ത്തിയുടെ ജീവിതവീക്ഷണത്തെ മാറ്റിമറിച്ചു.

1974ല്‍ പാരീസിലായിരുന്ന മൂര്‍ത്തി ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന വഴി ബള്‍ഗേറിയയുടെയും യുഗോസ്ലാവ്യയുടെയും (ഇന്നത്തെ സൈബീരിയ) അതിര്‍ത്തിയിലെ ചരിത്രനഗരമായ നിസ്സില്‍ എത്തിപ്പെടുന്നു. നിസ്സില്‍നിന്നും ഇസ്താംബൂളിലേക്കുള്ള ട്രെയിന്‍ യാത്രയായിരുന്നു ലക്ഷ്യം. യാത്രക്കാരായി മൂര്‍ത്തിയെക്കൂടാതെ ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. മൂര്‍ത്തി പെണ്‍കുട്ടിയോട് ഫ്രഞ്ച് ഭാഷയില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരു പോലീസുകാരന്‍ സ്ഥലത്തെത്തി. ബള്‍ഗേറിയയിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരെയാണ് അവരുടെ സംഭാഷണമെന്ന കുറ്റം ചുമത്തി നിമിഷങ്ങള്‍ക്കുള്ളില്‍ മൂര്‍ത്തിയെ റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി ഒരു കുടുസ്സുമുറിയില്‍ തള്ളി. ഭക്ഷണവും വെള്ളവുമില്ലാതെ തണുപ്പിന്റെ കാഠിന്യത്തില്‍ ഇരുട്ടറയില്‍. 76 മണിക്കൂറുകള്‍ക്കുശേഷം വാതില്‍ തുറന്നു. പക്ഷേ വീണ്ടും പീഢനം. ഗാര്‍ഡിന്റെ റൂമിലാണെന്നുമാത്രം. ഇത്തവണ 21 മണിക്കൂര്‍ തടവ്. അങ്ങനെ 108 മണിക്കൂര്‍. മോചനമെത്തിയപ്പോഴേക്കും മൂര്‍ത്തിയുടെ മനസ്സിലെ കമ്യൂണിസ്റ്റ് സങ്കല്‍പ്പങ്ങള്‍ നിസ്സിലെ കൊടുംതണുപ്പിലും കത്തിച്ചാമ്പലായിരുന്നു.



കമ്യൂണിസ്റ്റില്‍നിന്നും ക്യാപിറ്റലിസ്റ്റിലേക്കുള്ള പരിവര്‍ത്തനം?

കമ്യൂണിസത്തിന് ഒരു പ്രശ്‌നവും അടിസ്ഥാനപരമായി പരിഹരിക്കാനാവില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. തൊഴില്‍മേഖലകളും കൂടുതല്‍ തൊഴിലുകളും ഉണ്ടാക്കുക എന്നതുമാത്രമാണ് ദാരിദ്ര്യത്തെ നേരിടാനുള്ള പോംവഴി. വ്യവസായമേഖലകള്‍ പുതുതായി ഉണ്ടാവണം. മുതലാളിത്ത വ്യവസ്ഥിതിയില്‍ മാത്രമേ സംരംഭകരെ ലഭിക്കൂ. എന്റെ ജീവിതത്തില്‍നിന്നു ഞാന്‍ പഠിച്ച കാര്യമാണിത്. ക്യാപിറ്റലിസ്റ്റ് സോഷ്യലിസ്റ്റ് എന്നതാണ് കുറച്ചുകൂടി ശരി.



വര്‍ഷങ്ങള്‍ക്കുമുമ്പ് വിശപ്പിലും ദാഹത്തിലും തണുപ്പിലും പെട്ട് മണിക്കൂറുകള്‍ വലഞ്ഞ ആ മൂര്‍ത്തിയില്‍നിന്നും ഇന്നത്തെ മൂര്‍ത്തിയിലേക്കുള്ള ദൂരം?

ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ട് ഇവിടെയെത്താന്‍. അന്ന് ഞാന്‍ തെറ്റുചെയ്തിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ ഗാര്‍ഡ് ആത്മാര്‍ത്ഥമായി മാപ്പുചോദിച്ചു. അയാള്‍ പറഞ്ഞു. ''ഇന്ത്യ ഞങ്ങളുടെ സുഹൃത്ത് രാജ്യമാണ്. നിങ്ങള്‍ ഒരിന്ത്യക്കാരനായതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ സ്വതന്ത്രനാക്കുന്നത്.''

ഒരിന്ത്യക്കാരനായതില്‍ വളരെ അഭിമാനിച്ച നിമിഷമായിരുന്നു അത്. ഇന്ത്യയില്‍ നിന്നുകൊണ്ടുതന്നെ ഇന്ത്യക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഈ സംഭവം എനിക്കുപ്രേരണയായി. ബാക്കിയെല്ലാം കൂട്ടായ്മയുടെ വിജയം.

ബിപി എണ്ണച്ചോര്‍ച്ചയില്‍ നിന്ന് ഭോപ്പാല്‍ ദുരന്തത്തിലേക്ക്‌

ബിപി എണ്ണച്ചോര്‍ച്ചയില്‍ നിന്ന് ഭോപ്പാല്‍ ദുരന്തത്തിലേക്ക്‌




Posted on: 15 Jun 2010









അമേരിക്കയുടെ തെക്ക് മെക്‌സിക്കോ ഉള്‍ക്കടലില്‍ ബ്രിട്ടീഷ് പെട്രോളിയം (ബിപി) കുഴിച്ച എണ്ണക്കിണറില്‍ നിന്ന് ഉയര്‍ന്ന ഒരു വമ്പന്‍ മീഥേന്‍ വാതകക്കുമിള പൊട്ടിത്തെറിച്ചപ്പോള്‍ കിണറില്‍ നിന്ന് ക്രൂഡോയില്‍ ശേഖരിച്ചു കൊണ്ട് നിന്ന ഡീപ് വാട്ടര്‍ ഹൊറൈസണ്‍ എന്ന ഓയില്‍ റിഗ്ഗിലെ 11 തൊഴിലാളികള്‍ മരണമടഞ്ഞു, കുറേപ്പേര്‍ക്ക് പരിക്കേറ്റു, റിഗ് കടലിനടിയില്‍ മുങ്ങി. ഇതിനിടയില്‍ പൊട്ടിവീണ എണ്ണ മുകളിലേക്ക് കൊണ്ടുവരുന്ന റൈസര്‍ പൈപ്പില്‍ നിന്നും എണ്ണക്കിണറിനുമേല്‍ സ്ഥാപിച്ച വാല്‍വിലൂടെയും ലക്ഷക്കണക്കിന് ലിറ്റര്‍ ക്രൂഡോയില്‍ ജലോപരിതലത്തിലേക്ക് പ്രവഹിച്ചുതുടങ്ങി. ഇത് ഒടുവില്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണച്ചോര്‍ച്ചയായി മാറി.



അകടമുണ്ടായ ഏപ്രില്‍ 20 മുതല്‍ ചോര്‍ച്ച താല്‍ക്കാലികമായി അടച്ച ജൂണ്‍ ആദ്യവാരം വരെ എത്ര കോടി ലിറ്റര്‍ ക്രൂഡോയില്‍ മെക്‌സിക്കോ ഉള്‍ക്കടലിനുമേല്‍ പാടയായി പരന്നു എന്നതിനെപ്പറ്റി എസ്റ്റിമേറ്റുകള്‍ മാത്രമേ ഇപ്പോഴുള്ളു. ഈ വിഷപ്പാടയുടെ ഫലമായി കടലിലും കരയിലും വായുവിലുമായി വളരുന്ന എത്ര ദശലക്ഷം ജീവജാലങ്ങള്‍ മരിച്ചുവെന്നും ഭാവിയില്‍ മരിക്കുമെന്നും കണക്കുകള്‍ എന്നെങ്കിലും ഉണ്ടാവുമോ എന്നറിയില്ല. കോടികളുടെ നഷ്ടം എന്ന് ഭാവിയിലെ സ്ഥിതിവിവരക്കണക്കുകള്‍ പറയുമ്പോള്‍ ഈ ജീവനുകള്‍ക്കൊക്കെ എന്ത് മൂല്യനിര്‍ണയ മാനദണ്ഡം വെച്ചാവും സാമ്പത്തികമായ വിലയിടുക?



എന്തായാലും എണ്ണച്ചോര്‍ച്ച കൊണ്ട് ലൂസിയാന മുതല്‍ ഫ്‌ളോറിഡ വരെയുള്ള തെക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് മത്സ്യ ബന്ധനവും ജല ഗതാഗതവും വിനോദസഞ്ചാരവും വഴി കിട്ടേണ്ട എത്ര പണം നഷ്ടമായി എന്നതിനെപ്പറ്റി ഉടനടി വിശ്വസനീയമായ കണക്കുകള്‍ ലഭിക്കും എന്ന് ഉറപ്പാണ്. സെന്റിമീറ്ററുകള്‍ കട്ടിയില്‍ കടലിനുമീതെ പരന്നൊഴുകുന്ന എണ്ണപ്പാടയുടെ വ്യാപനം തടയാനും എണ്ണ തന്നെ വിഘടിപ്പിക്കാനും എന്തു ചിലവാകുമെന്ന കണക്ക് അതിനും മുമ്പ് തന്നെ ലഭിക്കും.





21-ാം നൂറ്റാണ്ടില്‍ ഇതേവരെയുണ്ടായതില്‍ വെച്ച് ഏറ്റവും ഗുരുതരമായ വ്യവസായദുരന്തം വളരെ പ്രസക്തമായ കുറേ ചോദ്യങ്ങള്‍ ഉയര്‍ത്തിത്തുടങ്ങി എന്നതാണ് ഈ കാര്‍മേഘപാളികള്‍ക്കിടയിലും കാണാവുന്ന രജതരേഖ. ബിപിയുടെ എണ്ണക്കിണറില്‍ നിന്ന് ക്രൂഡോയില്‍ നിയന്ത്രണമില്ലാതെ ദിവസങ്ങളോളം കുത്തിയൊഴുകിയപ്പോള്‍ യു എസ്സ് ഗവണ്മന്റ് ഒന്നും ചെയ്യാതെ നോക്കി നിന്നു എന്ന ആക്ഷേപമുണ്ടായി. പക്ഷേ യു എസ്സ്. ഗവണ്മന്റ് എന്തു ചെയ്യാനായിരുന്നു? സമുദ്രോപരിതലത്തില്‍ നിന്നും ഒരു മൈല്‍ ആഴത്തിലുള്ള തറയില്‍ കിലോമീറ്ററുകള്‍ താഴ്ചയില്‍ എണ്ണ കുഴിക്കാനുള്ള സാങ്കേതിക വിദ്യ യു എസ്സ് ഗവണ്മന്റിന്റെ പക്കലില്ല. അത്തരമൊരു എണ്ണക്കിണറില്‍ അത്യാഹിതമുണ്ടായാല്‍ അത് പരിഹരിക്കാനുള്ള സാങ്കേതിക വിദ്യയും. ആ വിദ്യയും എണ്ണ വ്യവസായത്തിലേ ഭീമന്മാര്‍ക്കേ വികസിപ്പിക്കാനാവൂ. ശതകോടി ഡോളറുകള്‍ വര്‍ഷവും ലാഭം കൊയ്യുന്ന ഈ എനര്‍ജി ഇന്‍ഡസ്ട്രി സൂപ്പര്‍ മേജേഴ്‌സ് ഒന്നും തങ്ങളുടെ ആര്‍ത്തി വരുത്തിവെച്ചേക്കാവുന്ന അത്യാഹിതങ്ങള്‍ നേരിടാന്‍ വേണ്ടി കാര്യമായ ഗവേഷണ വികസനങ്ങള്‍ എന്തെങ്കിലും സാങ്കേതിക രംഗത്ത് നടത്തിയിരുന്നോ എന്നതാണ് ഒരു ചോദ്യം.





ഇതിന്റെയൊക്കെ ചിലവ് ആര് വഹിക്കും എന്നതാണ് മറ്റൊരു ചോദ്യം? 1989-ലെ കുപ്രസിദ്ധമായ എക്‌സണ്‍ വാല്‍ഡസ് എണ്ണച്ചോര്‍ച്ചയ്ക്ക് ശേഷം കമ്പനികളുടെ ബാധ്യതാ ക്യാപ്പ് (അത്യാഹിതങ്ങള്‍ക്ക് പരിഹാരമായി വ്യവസായങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന പരമാവധി തുകയെത്രയെന്ന് കോടതിയും നിയമനിര്‍മാണ സഭകളുമൊക്കെ നിശ്ചയിച്ച പരിധിയാണ് ബാധ്യതാ ക്യാപ്) 7.5 കോടി ഡോളറായിരുന്നു. ഇത്തവണത്തെ എണ്ണച്ചോര്‍ച്ചയുടെ പരിഹാരനടപടികള്‍ക്ക് അതിലുമെത്രയോ മടങ്ങ് വേണ്ടിവരുമെന്ന് ഏത് കൊച്ചുകുട്ടിക്കും മനസ്സിലാകും. അപ്പോള്‍ ബാക്കി പണം മുഴുവന്‍ യുഎസ്് ഗവണ്മന്റ് വഹിക്കുമോ? അതോ ബിപി ബ്രിട്ടീഷ് കമ്പനിയായി രജിസ്റ്റര്‍ ചെയ്തതായതിനാല്‍ ബ്രിട്ടീഷ് ഗവണ്മന്റ്? ഇതെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ബിപിയുടെ ചെയര്‍മാന്‍ കാള്‍-ഹെന്‍ട്രിക്ക് സ്വാന്‍ബര്‍ഗിനെ യു എസ് പ്രസിഡന്റ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു (വന്നുകാണാന്‍ ഉത്തരവിട്ടു എന്നും പറയാം) എന്നത് വ്യവസായലോകത്ത് വലിയ ശങ്ക പരത്തിയിട്ടുണ്ട്. അത്യാഹിതത്തോട് പ്രതികരിക്കാനായി ചിലവായ പണം 6.99 കോടി ഡോളറിന്റെ ബില്‍ ബിപിക്ക് വാഷിങ്ടണ്‍ അയച്ചത് കഴിഞ്ഞ ആഴ്ചയാണ്.



ബാധ്യതാ പരിധി 1000 കോടി ഡോളര്‍ ആക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായി സെനറ്റ് പരിസ്ഥിതി പൊതുമരാമത്ത് സമിതി സമ്മേളനവും ചേരുന്നുണ്ട്. ബിപിയുടെ തോന്ന്യാസത്തെപ്പറ്റി വാഷിങ്ടണില്‍ നിന്നുള്ള രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ പുതിയ യുകെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ ആശങ്കാകുലനാക്കിയത്രെ. ബ്രിട്ടീഷ് കമ്പനിയായ ബിപിക്ക് വേണ്ടി കാമറൂണ്‍ തന്നെ ഒബാമയോട് സംസാരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ശിക്ഷയെന്ന നിലയില്‍ യുഎസ്സിനു വേണമെങ്കില്‍ ബിപിയെ അമേരിക്കന്‍ തീരക്കടലുകളില്‍ എണ്ണ കുഴിക്കുന്നതില്‍ നിന്നും വിലക്കാം. ഭാവി ഗവണ്മന്റ് കോണ്‍ട്രാക്ടുകളില്‍ നിന്ന് നിരോധിക്കാം. അമേരിക്കന്‍ സൈന്യത്തിന് പ്രതിവര്‍ഷം 200 കോടി ഡോളറിന്റെ എണ്ണ നല്‍കുന്നത് ബിപിയാണ്.



എണ്ണക്കിണറിന്റെ മുഖത്ത് നിന്ന് ക്രൂഡും മറ്റ് ദ്രവപദാര്‍ത്ഥങ്ങളും സുരക്ഷിതമായ രീതിയില്‍പുറത്തേക്ക് വരാനനുവദിക്കുന്ന ബ്ലോഔട്ട് പ്രിവന്റര്‍ വാല്‍വ് തകരാറായത് മൂലമാണ് ഗള്‍ഫിലെ എണ്ണചോര്‍ച്ച ഇത്ര രൂക്ഷമായത്. ഈ വാല്‍വിന്റെ പ്രവര്‍ത്തന ക്ഷമത സംബന്ധിച്ച് കമ്പനി നിയമപരമായി എടുക്കാന്‍ ബാധ്യസ്ഥമായിരുന്ന മുന്‍കരുതലുകളും സുരക്ഷാ പരിശോധനകളും എടുക്കാതിരുന്നത് മൂലമാണ് അപകടമുണ്ടായതെന്ന് പിന്നീട് നടന്ന പ്രാഥമിക അന്വേഷണങ്ങള്‍ വെളിവാക്കി. ഇത് പരിശോധിക്കേണ്ടിയിരുന്ന ഗവണ്മന്റ് റഗുലേറ്ററി ഏജന്‍സിയിലെ ഉദ്യോസ്ഥരെല്ലാം തങ്ങള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട കമ്പനികളുടെ ഗസ്റ്റുകളെപ്പോലെ ജീവിക്കുകയാണെന്ന് ഇതിനുമുമ്പേ തെളിഞ്ഞതായിരുന്നു (എന്നിട്ട് എന്തെടുത്തു എന്ന് ഇപ്പോള്‍ ചിലരെല്ലാം ചോദിക്കുന്നുണ്ട്).



എണ്ണ ചോര്‍ച്ച രൂക്ഷമായപ്പോള്‍ ബിപി ആദ്യം ഒരു ലോഹ മകുടമുണ്ടാക്കി ലീക്കിന് മുകളില്‍ ഉറപ്പിച്ച് ഓട്ട അടക്കാനായിരുന്നു ശ്രമിച്ചത്. പക്ഷേ അന്തരീക്ഷമര്‍ദത്തിന്റെ 150 ഇരട്ടി മര്‍ദമുള്ള കടല്‍ത്തട്ടില്‍ അതിലുമെത്രയോ മടങ്ങ് മര്‍ദത്തില്‍ നിന്ന് മോചനം തേടി വന്ന എണ്ണപ്രവാഹം ഈ കൂടിനെ തട്ടിയെറിഞ്ഞു. അതിനുശേഷമാണ് പ്ലാസ്റ്റിക്, ലോഹ പാഴ്‌വസ്തുക്കള്‍ എന്നിവ ഡ്രില്ലിങ്ങ് മഡിനോടൊപ്പം എണ്ണക്കിണറിലേക്ക് പമ്പ് ചെയ് ടോപ് കില്‍ രീതിയില്‍ ചോര്‍ച്ച അടച്ചത്. ഇതിനിടയില്‍ത്തന്നെ പുറത്തേക്ക് കുതിക്കുന്ന എണ്ണ പാടയായി പരക്കുന്നത് തടയാന്‍ അതിലേക്ക് വിഘടന രാസവസ്തുക്കള്‍ (ഡിസ്‌പേഴ്‌സന്റ്‌സ്) സ്‌പ്രേ ചെയ്യുന്നുമുണ്ടായി.



ഈ എണ്ണക്കമ്പനികളുടെയെല്ലാം ഓഹരി വാങ്ങാന്‍ പോകുന്നവര്‍ക്ക് കമ്പനികളും ലാഭനഷ്ട കണക്കുകളും റിസ്‌ക് സാധ്യതകളും ചരിത്രവും ഭൂമിശാസ്ത്രവും തൊട്ട് എത്രയോ വിവരങ്ങള്‍ വിവരങ്ങളുടെ പൊതുവേദിയില്‍ ലഭ്യമാണ്. ലഭ്യമല്ലാത്തത് അവരുടെ ചരിത്രത്തില്‍ എത്ര എണ്ണ ചോര്‍ച്ചകളുണ്ടായി, എത്ര റിഗ സ്‌ഫോടങ്ങളില്‍ തൊഴിലാളികള്‍ മരണപ്പെട്ടു അതിന് എന്ത് നഷ്ടപരിഹാരം നല്‍കി, എത്ര എണ്ണ ചോര്‍ന്നു എന്നൊക്കെയുള്ള കണക്കുകളാണ്. ഒരു ഓയില്‍ കമ്പനിയുടെ കാര്യത്തിലും ഇത് കിട്ടില്ല. സുരക്ഷാ പ്രശ്‌നങ്ങളെപ്പറ്റിയുള്ള മാന്‍ഡേറ്ററിയായ ചോദ്യങ്ങള്‍ക്ക് താഴെ റിഗ്ഗുകളില്‍ നിന്ന് വീണ് പരിക്കു പറ്റിയതിന്റെയും ടാങ്കറിന്റെ ക്രേനിന്റെ അടിയില്‍പ്പെട്ട തൊഴിലാളികളുടെ കണക്കും അവര്‍ക്ക് കൊടുത്ത നഷ്ടപരിഹാരങ്ങളുടെ കണക്കുകളുമുണ്ടാകും. ഓയില്‍ കമ്പനികള്ില്‍ സേഫ്റ്റി ഓഡിറ്റ് ഇല്ലാത്തതിനെപ്പറ്റി ഈ സാഹചര്യത്തില്‍ സംസാരങ്ങള്‍ നടക്കുന്നുണ്ട്.





പക്ഷേ ചിലവായ പണം മുഴുവന്‍ ബിപിയുടെ കോളറിന് പിടിച്ചുവാങ്ങാനാണ് ഒബാമയുടെ ഉദ്ദേശമെങ്കിലും അത് നടക്കാന്‍ നാട്ടിലെ നിയമങ്ങളനുവദിക്കുമോ? എന്തൊക്കെ പറഞ്ഞാലും അമേരിക്കന്‍ ജനാധി്പത്യത്തിന്റെ നെടുംതൂണുകളായ അവിടുത്തെ ജുഡിഷ്യറിയും എക്‌സിക്യുട്ടീവും ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം മൂലധനസ്‌നേഹിയായ നിലപാടാണെടുത്തിട്ടുള്ളത്. ഇതിനു മുമ്പ് അമേരിക്ക കണ്ട ഏറ്റവും വലിയ എണ്ണച്ചോര്‍ച്ച എക്‌സണ്‍ കമ്പനിയുടെ ടാങ്കര്‍ വാല്‍ഡസ് അലാസ്‌കന്‍ തീരത്തടിച്ചപ്പോഴാണ്. അന്ന് അലാസ്‌കയുടെ തെളിഞ്ഞ കടല്‍ത്തീരങ്ങളിലടിഞ്ഞ ക്രൂഡോയിലിന്റെ അവശിഷ്ടങ്ങളിന്നുമുണ്ട്. അന്നത്തെ ദുരന്തത്തിന് അലാസ്‌കയിലെ കോടതി എക്‌സണ് 480 കോടി ഡോളര്‍ പിഴയിട്ടപ്പോള്‍…സുപ്രീം കോടതി അത് 250 കോടിയായി കുറക്കുകയായിരുന്നു. ആ തുക എക്‌സന്റെ ഒരു ദിവസത്തെ വരുമാനത്തിലും കുറവ് മാത്രമായിരുന്നു. എന്തായാലും എക്‌സണ്‍ ദുരന്തത്തിനുശേഷം വൃത്തിയാക്കാന്‍ വേണ്ട ചിലവ് മുഴുവന്‍ കമ്പനി വഹിക്കണമെന്ന് കൃത്യമാക്കിയിട്ടുണ്ട്.……



എന്തായാലും എണ്ണചോചര്‍ച്ച പ്രശ്‌നം ഇത്തരം ദുരന്തങ്ങളുടെ ഉത്തരവാദിത്വം സംബന്ധിച്ച് അമേരിക്കയില്‍ വ്യവസായവും ഗവണ്മന്റും തമ്മിലുള്ള ഗൗരവമുള്ള ചര്‍ച്ചക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കാം. ഈ വ്യവസായദുരന്തത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വ്യവസായദുരന്തം നടന്ന നമ്മുടെ നാട്ടിലും വ്യവസായങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റി ഉച്ചത്തില്‍ ചില ചര്‍ച്ചകള്‍ നടക്കേണ്ടതാണ്. ഭോപ്പാല്‍ ദുരന്തത്തിനുത്തരവാദികളെ (?) ട്രാഫിക്ക് ആക്‌സിഡന്റിലെ പ്രതികളെപ്പോലെ നിയമവും നീതിപീഠവും വെറുതെ വിട്ടത് നമ്മുടെ രാഷ്ട്രീയക്കാരിലൊന്നും ഒരു ചലനവുമുണ്ടാക്കാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.



ബിപി എണ്ണച്ചോര്‍ച്ചയിലായാലും ഭോപ്പാല്‍ വാതകച്ചോര്‍ച്ചയിലായാലും ഫാക്ടറികളില്‍ ബന്ധപ്പെട്ടവര്‍ നിയമാനുസൃതം എടുക്കേണ്ടിയിരുന്ന മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കില്‍ അപകടങ്ങള്‍ ഒഴിവാകുമായിരുന്നു. അപകടമുണ്ടായ രണ്ടിടത്തും ഉടന്‍ മുന്‍കരുതല്‍ പോലെ സുപ്രധാനമായ ചില തുടര്‍നടപടികളെടുത്തിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ലഘൂകരിക്കാമായിരുന്നു. ഇത് രണ്ടും നടക്കാതെ പോയതിന് ഉത്തരവാദി കമ്പനി മാത്രമല്ല അവരെ പരിശോധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തേണ്ട ഗവണ്മന്റ് ഏജന്‍സിയുടെ കൂടി ചുമതലയായിരുന്നു. വിരല്‍ ചൂണ്ടലിന്റെ നീണ്ട പരമ്പരയുടെ ഒടുവില്‍ ഉത്തരവാദിത്തത്തിന്റെ ' ബോള്‍' എവിടെ ചെന്നവസാനിക്കുമെന്നും നിശ്ചയിക്കേണ്ടതുണ്ട്.



നഷ്ടപരിഹാരം ചര്‍ച്ച ചെയ്യാന്‍ ബിപിയുടെ ചെയര്‍മാനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുന്ന ഒബാമയായാലും നാട്ടുകാരുടെ കോപത്തില്‍ നിന്ന് രക്ഷിക്കാന്‍ യൂനിയന്‍ കാര്‍ബൈഡിന്റെ ചെയര്‍മാനെ നാട്ടിലെത്തിച്ച അന്നത്തെ കോണ്‍ഗ്രസ്സ് നേതൃത്വമായാലും ഇത്തരം ഘട്ടത്തില്‍ പെരുമാറേണ്ടതുപോലെയാണോ പെരുമാറുന്നതെന്നതാണ് മറ്റൊരു ചോദ്യം. രാഷ്ട്രത്തലവന്മാരെ സ്വീകരിക്കാന്‍ പ്രോട്ടോക്കോളുകള്‍ ഉള്ളതുപോലെ ഇത്തരം ഘട്ടങ്ങളില്‍ രാഷ്ട്രത്തലവന്മാര്‍ എങ്ങിനെ പെരുമാറണമെന്നതിനും ഒരു പ്രോട്ടോക്കോള്‍ ഉണ്ടാകണമെന്നാണ് തോന്നുന്നത്.



രാജ്യാന്തര കോര്‍പറേഷനുകള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാണിക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുന്ന ഉത്തരവാദിത്തം അമേരിക്കന്‍ കമ്പനികള്‍ അന്യരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെയും കാണിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം ഭോപ്പാല്‍ ദുരന്തത്തിന്റെ ആത്യന്തിക ഉത്തരവാദി എന്നു പറയാവുന്ന വാറന്‍ ആന്‍ഡേഴ്‌സണെ ഇന്ത്യന്‍ നിയമപ്രകാരം വിചാരണ ചെയ്യാന്‍ അവരനുവദിക്കുമോ എന്നുതന്നെയാണ് ചോദ്യത്തിന്റെ അര്‍ത്ഥം.



സംഭവിച്ച കാര്യങ്ങളുടെ കണക്കു പറയല്‍ മാത്രമല്ല ഇത്. ബിപി ദുരന്തം മറ്റൊരു വിധത്തിലും ഇന്ത്യയില്‍ പ്രസക്തമാണ്. ബിപിയെന്നാല്‍ ബിയോണ്‍ഡ് പെട്രോളിയം എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതായത് പെട്രോളിയത്തിനുമപ്പുറത്ത് ഊര്‍ജസ്രോതസ്സുകള്‍ തേടുന്നവര്‍ എന്ന്. ഇന്നത്തെ സാഹചര്യത്തില്‍ പെട്രോളിയത്തിനുമപ്പുറത്തെ ഊര്‍ജമെന്ന് പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുക ആണവോര്‍ജമാണ് - സൗരോര്‍ജവും ബയോഗ്യാസുമല്ല. അത് തന്നെയാണ് ഇവിടെ പ്രസക്ത വിഷയവും. 123 കരാറിന്റെയും ആണവ ബാധ്യതാ ബില്ലിന്റെയുമൊക്കെ നാളുകളില്‍ ബിപി പ്രതിനിധാനം ചെയ്യുന്ന ഊര്‍ജവ്യവസായത്തിന്റെ ഭാഗമായ റിയാക്ടര്‍ നിര്‍മാണക്കമ്പനികള്‍ ഇന്ത്യയിലേക്ക് വരുന്നതും അവര്‍ വന്‍ലാഭം മോഹിച്ച് ചുളുവിലക്ക് തട്ടിപ്പ് റിയാക്ടറുകള്‍ ഉണ്ടാക്കി വെച്ച് പോകുന്നതും നമ്മള്‍ ആലോചിക്കണം. പത്തോ നൂറോ പേര്‍ക്ക് പ്രസരണമേല്‍ക്കുന്ന ന്യൂക്ലിയര്‍ ചോര്‍ച്ച മാത്രമായിരിക്കില്ല, ഒരു പക്ഷേ മെഗാടണ്‍ ശേഷിയുള്ള അണുവിസ്‌ഫോടനത്തിനു സമമായ മെല്‍റ്റ് ഡൗണ്‍ തന്നെയായിരിക്കും ഇവരുടെ തത്വദീക്ഷയില്ലാത്ത ആര്‍ത്തിയുടെ ഫലം.



നടക്കാതെ പോകട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാന്‍ മാത്രം കഴിയുന്ന അത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കോടിക്കണക്കിന് ഡോളര്‍ പ്രതിഫലം വാങ്ങി രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്ക് കമ്മീഷന്‍ നല്‍കി നമുക്ക് റിയാക്ടറുകളുണ്ടാക്കിത്തരുന്ന ബഹുരാഷ്ട്ര കമ്പനികള്‍ ആവശ്യത്തിന് മുന്‍കരുതലുകള്‍ എടുക്കുമോ? അല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ആപത്ത് ലഘൂകരിക്കാന്‍ പ്രാപ്തിയുള്ള പ്രതികരണത്തിന്റെ പ്രോട്ടോക്കോള്‍ അവര്‍ തയ്യാറാക്കുമോ?



ആഗോളമുതലാളിത്തത്തെയും അമേരിക്കന്‍ സാമ്രാജ്യത്തേയുമൊക്കെ പറ്റി തിയറി പറഞ്ഞ് ഹര്‍ത്താല്‍ നടത്തുന്നതിനു മുമ്പേ നമ്മള്‍ ചോദിച്ചു തുടങ്ങേണ്ടത് ഈ ചോദ്യങ്ങളാണ്.