Wednesday, June 16, 2010

ബിപി എണ്ണച്ചോര്‍ച്ചയില്‍ നിന്ന് ഭോപ്പാല്‍ ദുരന്തത്തിലേക്ക്‌

ബിപി എണ്ണച്ചോര്‍ച്ചയില്‍ നിന്ന് ഭോപ്പാല്‍ ദുരന്തത്തിലേക്ക്‌




Posted on: 15 Jun 2010









അമേരിക്കയുടെ തെക്ക് മെക്‌സിക്കോ ഉള്‍ക്കടലില്‍ ബ്രിട്ടീഷ് പെട്രോളിയം (ബിപി) കുഴിച്ച എണ്ണക്കിണറില്‍ നിന്ന് ഉയര്‍ന്ന ഒരു വമ്പന്‍ മീഥേന്‍ വാതകക്കുമിള പൊട്ടിത്തെറിച്ചപ്പോള്‍ കിണറില്‍ നിന്ന് ക്രൂഡോയില്‍ ശേഖരിച്ചു കൊണ്ട് നിന്ന ഡീപ് വാട്ടര്‍ ഹൊറൈസണ്‍ എന്ന ഓയില്‍ റിഗ്ഗിലെ 11 തൊഴിലാളികള്‍ മരണമടഞ്ഞു, കുറേപ്പേര്‍ക്ക് പരിക്കേറ്റു, റിഗ് കടലിനടിയില്‍ മുങ്ങി. ഇതിനിടയില്‍ പൊട്ടിവീണ എണ്ണ മുകളിലേക്ക് കൊണ്ടുവരുന്ന റൈസര്‍ പൈപ്പില്‍ നിന്നും എണ്ണക്കിണറിനുമേല്‍ സ്ഥാപിച്ച വാല്‍വിലൂടെയും ലക്ഷക്കണക്കിന് ലിറ്റര്‍ ക്രൂഡോയില്‍ ജലോപരിതലത്തിലേക്ക് പ്രവഹിച്ചുതുടങ്ങി. ഇത് ഒടുവില്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണച്ചോര്‍ച്ചയായി മാറി.



അകടമുണ്ടായ ഏപ്രില്‍ 20 മുതല്‍ ചോര്‍ച്ച താല്‍ക്കാലികമായി അടച്ച ജൂണ്‍ ആദ്യവാരം വരെ എത്ര കോടി ലിറ്റര്‍ ക്രൂഡോയില്‍ മെക്‌സിക്കോ ഉള്‍ക്കടലിനുമേല്‍ പാടയായി പരന്നു എന്നതിനെപ്പറ്റി എസ്റ്റിമേറ്റുകള്‍ മാത്രമേ ഇപ്പോഴുള്ളു. ഈ വിഷപ്പാടയുടെ ഫലമായി കടലിലും കരയിലും വായുവിലുമായി വളരുന്ന എത്ര ദശലക്ഷം ജീവജാലങ്ങള്‍ മരിച്ചുവെന്നും ഭാവിയില്‍ മരിക്കുമെന്നും കണക്കുകള്‍ എന്നെങ്കിലും ഉണ്ടാവുമോ എന്നറിയില്ല. കോടികളുടെ നഷ്ടം എന്ന് ഭാവിയിലെ സ്ഥിതിവിവരക്കണക്കുകള്‍ പറയുമ്പോള്‍ ഈ ജീവനുകള്‍ക്കൊക്കെ എന്ത് മൂല്യനിര്‍ണയ മാനദണ്ഡം വെച്ചാവും സാമ്പത്തികമായ വിലയിടുക?



എന്തായാലും എണ്ണച്ചോര്‍ച്ച കൊണ്ട് ലൂസിയാന മുതല്‍ ഫ്‌ളോറിഡ വരെയുള്ള തെക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് മത്സ്യ ബന്ധനവും ജല ഗതാഗതവും വിനോദസഞ്ചാരവും വഴി കിട്ടേണ്ട എത്ര പണം നഷ്ടമായി എന്നതിനെപ്പറ്റി ഉടനടി വിശ്വസനീയമായ കണക്കുകള്‍ ലഭിക്കും എന്ന് ഉറപ്പാണ്. സെന്റിമീറ്ററുകള്‍ കട്ടിയില്‍ കടലിനുമീതെ പരന്നൊഴുകുന്ന എണ്ണപ്പാടയുടെ വ്യാപനം തടയാനും എണ്ണ തന്നെ വിഘടിപ്പിക്കാനും എന്തു ചിലവാകുമെന്ന കണക്ക് അതിനും മുമ്പ് തന്നെ ലഭിക്കും.





21-ാം നൂറ്റാണ്ടില്‍ ഇതേവരെയുണ്ടായതില്‍ വെച്ച് ഏറ്റവും ഗുരുതരമായ വ്യവസായദുരന്തം വളരെ പ്രസക്തമായ കുറേ ചോദ്യങ്ങള്‍ ഉയര്‍ത്തിത്തുടങ്ങി എന്നതാണ് ഈ കാര്‍മേഘപാളികള്‍ക്കിടയിലും കാണാവുന്ന രജതരേഖ. ബിപിയുടെ എണ്ണക്കിണറില്‍ നിന്ന് ക്രൂഡോയില്‍ നിയന്ത്രണമില്ലാതെ ദിവസങ്ങളോളം കുത്തിയൊഴുകിയപ്പോള്‍ യു എസ്സ് ഗവണ്മന്റ് ഒന്നും ചെയ്യാതെ നോക്കി നിന്നു എന്ന ആക്ഷേപമുണ്ടായി. പക്ഷേ യു എസ്സ്. ഗവണ്മന്റ് എന്തു ചെയ്യാനായിരുന്നു? സമുദ്രോപരിതലത്തില്‍ നിന്നും ഒരു മൈല്‍ ആഴത്തിലുള്ള തറയില്‍ കിലോമീറ്ററുകള്‍ താഴ്ചയില്‍ എണ്ണ കുഴിക്കാനുള്ള സാങ്കേതിക വിദ്യ യു എസ്സ് ഗവണ്മന്റിന്റെ പക്കലില്ല. അത്തരമൊരു എണ്ണക്കിണറില്‍ അത്യാഹിതമുണ്ടായാല്‍ അത് പരിഹരിക്കാനുള്ള സാങ്കേതിക വിദ്യയും. ആ വിദ്യയും എണ്ണ വ്യവസായത്തിലേ ഭീമന്മാര്‍ക്കേ വികസിപ്പിക്കാനാവൂ. ശതകോടി ഡോളറുകള്‍ വര്‍ഷവും ലാഭം കൊയ്യുന്ന ഈ എനര്‍ജി ഇന്‍ഡസ്ട്രി സൂപ്പര്‍ മേജേഴ്‌സ് ഒന്നും തങ്ങളുടെ ആര്‍ത്തി വരുത്തിവെച്ചേക്കാവുന്ന അത്യാഹിതങ്ങള്‍ നേരിടാന്‍ വേണ്ടി കാര്യമായ ഗവേഷണ വികസനങ്ങള്‍ എന്തെങ്കിലും സാങ്കേതിക രംഗത്ത് നടത്തിയിരുന്നോ എന്നതാണ് ഒരു ചോദ്യം.





ഇതിന്റെയൊക്കെ ചിലവ് ആര് വഹിക്കും എന്നതാണ് മറ്റൊരു ചോദ്യം? 1989-ലെ കുപ്രസിദ്ധമായ എക്‌സണ്‍ വാല്‍ഡസ് എണ്ണച്ചോര്‍ച്ചയ്ക്ക് ശേഷം കമ്പനികളുടെ ബാധ്യതാ ക്യാപ്പ് (അത്യാഹിതങ്ങള്‍ക്ക് പരിഹാരമായി വ്യവസായങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന പരമാവധി തുകയെത്രയെന്ന് കോടതിയും നിയമനിര്‍മാണ സഭകളുമൊക്കെ നിശ്ചയിച്ച പരിധിയാണ് ബാധ്യതാ ക്യാപ്) 7.5 കോടി ഡോളറായിരുന്നു. ഇത്തവണത്തെ എണ്ണച്ചോര്‍ച്ചയുടെ പരിഹാരനടപടികള്‍ക്ക് അതിലുമെത്രയോ മടങ്ങ് വേണ്ടിവരുമെന്ന് ഏത് കൊച്ചുകുട്ടിക്കും മനസ്സിലാകും. അപ്പോള്‍ ബാക്കി പണം മുഴുവന്‍ യുഎസ്് ഗവണ്മന്റ് വഹിക്കുമോ? അതോ ബിപി ബ്രിട്ടീഷ് കമ്പനിയായി രജിസ്റ്റര്‍ ചെയ്തതായതിനാല്‍ ബ്രിട്ടീഷ് ഗവണ്മന്റ്? ഇതെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ബിപിയുടെ ചെയര്‍മാന്‍ കാള്‍-ഹെന്‍ട്രിക്ക് സ്വാന്‍ബര്‍ഗിനെ യു എസ് പ്രസിഡന്റ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു (വന്നുകാണാന്‍ ഉത്തരവിട്ടു എന്നും പറയാം) എന്നത് വ്യവസായലോകത്ത് വലിയ ശങ്ക പരത്തിയിട്ടുണ്ട്. അത്യാഹിതത്തോട് പ്രതികരിക്കാനായി ചിലവായ പണം 6.99 കോടി ഡോളറിന്റെ ബില്‍ ബിപിക്ക് വാഷിങ്ടണ്‍ അയച്ചത് കഴിഞ്ഞ ആഴ്ചയാണ്.



ബാധ്യതാ പരിധി 1000 കോടി ഡോളര്‍ ആക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായി സെനറ്റ് പരിസ്ഥിതി പൊതുമരാമത്ത് സമിതി സമ്മേളനവും ചേരുന്നുണ്ട്. ബിപിയുടെ തോന്ന്യാസത്തെപ്പറ്റി വാഷിങ്ടണില്‍ നിന്നുള്ള രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ പുതിയ യുകെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ ആശങ്കാകുലനാക്കിയത്രെ. ബ്രിട്ടീഷ് കമ്പനിയായ ബിപിക്ക് വേണ്ടി കാമറൂണ്‍ തന്നെ ഒബാമയോട് സംസാരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ശിക്ഷയെന്ന നിലയില്‍ യുഎസ്സിനു വേണമെങ്കില്‍ ബിപിയെ അമേരിക്കന്‍ തീരക്കടലുകളില്‍ എണ്ണ കുഴിക്കുന്നതില്‍ നിന്നും വിലക്കാം. ഭാവി ഗവണ്മന്റ് കോണ്‍ട്രാക്ടുകളില്‍ നിന്ന് നിരോധിക്കാം. അമേരിക്കന്‍ സൈന്യത്തിന് പ്രതിവര്‍ഷം 200 കോടി ഡോളറിന്റെ എണ്ണ നല്‍കുന്നത് ബിപിയാണ്.



എണ്ണക്കിണറിന്റെ മുഖത്ത് നിന്ന് ക്രൂഡും മറ്റ് ദ്രവപദാര്‍ത്ഥങ്ങളും സുരക്ഷിതമായ രീതിയില്‍പുറത്തേക്ക് വരാനനുവദിക്കുന്ന ബ്ലോഔട്ട് പ്രിവന്റര്‍ വാല്‍വ് തകരാറായത് മൂലമാണ് ഗള്‍ഫിലെ എണ്ണചോര്‍ച്ച ഇത്ര രൂക്ഷമായത്. ഈ വാല്‍വിന്റെ പ്രവര്‍ത്തന ക്ഷമത സംബന്ധിച്ച് കമ്പനി നിയമപരമായി എടുക്കാന്‍ ബാധ്യസ്ഥമായിരുന്ന മുന്‍കരുതലുകളും സുരക്ഷാ പരിശോധനകളും എടുക്കാതിരുന്നത് മൂലമാണ് അപകടമുണ്ടായതെന്ന് പിന്നീട് നടന്ന പ്രാഥമിക അന്വേഷണങ്ങള്‍ വെളിവാക്കി. ഇത് പരിശോധിക്കേണ്ടിയിരുന്ന ഗവണ്മന്റ് റഗുലേറ്ററി ഏജന്‍സിയിലെ ഉദ്യോസ്ഥരെല്ലാം തങ്ങള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട കമ്പനികളുടെ ഗസ്റ്റുകളെപ്പോലെ ജീവിക്കുകയാണെന്ന് ഇതിനുമുമ്പേ തെളിഞ്ഞതായിരുന്നു (എന്നിട്ട് എന്തെടുത്തു എന്ന് ഇപ്പോള്‍ ചിലരെല്ലാം ചോദിക്കുന്നുണ്ട്).



എണ്ണ ചോര്‍ച്ച രൂക്ഷമായപ്പോള്‍ ബിപി ആദ്യം ഒരു ലോഹ മകുടമുണ്ടാക്കി ലീക്കിന് മുകളില്‍ ഉറപ്പിച്ച് ഓട്ട അടക്കാനായിരുന്നു ശ്രമിച്ചത്. പക്ഷേ അന്തരീക്ഷമര്‍ദത്തിന്റെ 150 ഇരട്ടി മര്‍ദമുള്ള കടല്‍ത്തട്ടില്‍ അതിലുമെത്രയോ മടങ്ങ് മര്‍ദത്തില്‍ നിന്ന് മോചനം തേടി വന്ന എണ്ണപ്രവാഹം ഈ കൂടിനെ തട്ടിയെറിഞ്ഞു. അതിനുശേഷമാണ് പ്ലാസ്റ്റിക്, ലോഹ പാഴ്‌വസ്തുക്കള്‍ എന്നിവ ഡ്രില്ലിങ്ങ് മഡിനോടൊപ്പം എണ്ണക്കിണറിലേക്ക് പമ്പ് ചെയ് ടോപ് കില്‍ രീതിയില്‍ ചോര്‍ച്ച അടച്ചത്. ഇതിനിടയില്‍ത്തന്നെ പുറത്തേക്ക് കുതിക്കുന്ന എണ്ണ പാടയായി പരക്കുന്നത് തടയാന്‍ അതിലേക്ക് വിഘടന രാസവസ്തുക്കള്‍ (ഡിസ്‌പേഴ്‌സന്റ്‌സ്) സ്‌പ്രേ ചെയ്യുന്നുമുണ്ടായി.



ഈ എണ്ണക്കമ്പനികളുടെയെല്ലാം ഓഹരി വാങ്ങാന്‍ പോകുന്നവര്‍ക്ക് കമ്പനികളും ലാഭനഷ്ട കണക്കുകളും റിസ്‌ക് സാധ്യതകളും ചരിത്രവും ഭൂമിശാസ്ത്രവും തൊട്ട് എത്രയോ വിവരങ്ങള്‍ വിവരങ്ങളുടെ പൊതുവേദിയില്‍ ലഭ്യമാണ്. ലഭ്യമല്ലാത്തത് അവരുടെ ചരിത്രത്തില്‍ എത്ര എണ്ണ ചോര്‍ച്ചകളുണ്ടായി, എത്ര റിഗ സ്‌ഫോടങ്ങളില്‍ തൊഴിലാളികള്‍ മരണപ്പെട്ടു അതിന് എന്ത് നഷ്ടപരിഹാരം നല്‍കി, എത്ര എണ്ണ ചോര്‍ന്നു എന്നൊക്കെയുള്ള കണക്കുകളാണ്. ഒരു ഓയില്‍ കമ്പനിയുടെ കാര്യത്തിലും ഇത് കിട്ടില്ല. സുരക്ഷാ പ്രശ്‌നങ്ങളെപ്പറ്റിയുള്ള മാന്‍ഡേറ്ററിയായ ചോദ്യങ്ങള്‍ക്ക് താഴെ റിഗ്ഗുകളില്‍ നിന്ന് വീണ് പരിക്കു പറ്റിയതിന്റെയും ടാങ്കറിന്റെ ക്രേനിന്റെ അടിയില്‍പ്പെട്ട തൊഴിലാളികളുടെ കണക്കും അവര്‍ക്ക് കൊടുത്ത നഷ്ടപരിഹാരങ്ങളുടെ കണക്കുകളുമുണ്ടാകും. ഓയില്‍ കമ്പനികള്ില്‍ സേഫ്റ്റി ഓഡിറ്റ് ഇല്ലാത്തതിനെപ്പറ്റി ഈ സാഹചര്യത്തില്‍ സംസാരങ്ങള്‍ നടക്കുന്നുണ്ട്.





പക്ഷേ ചിലവായ പണം മുഴുവന്‍ ബിപിയുടെ കോളറിന് പിടിച്ചുവാങ്ങാനാണ് ഒബാമയുടെ ഉദ്ദേശമെങ്കിലും അത് നടക്കാന്‍ നാട്ടിലെ നിയമങ്ങളനുവദിക്കുമോ? എന്തൊക്കെ പറഞ്ഞാലും അമേരിക്കന്‍ ജനാധി്പത്യത്തിന്റെ നെടുംതൂണുകളായ അവിടുത്തെ ജുഡിഷ്യറിയും എക്‌സിക്യുട്ടീവും ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം മൂലധനസ്‌നേഹിയായ നിലപാടാണെടുത്തിട്ടുള്ളത്. ഇതിനു മുമ്പ് അമേരിക്ക കണ്ട ഏറ്റവും വലിയ എണ്ണച്ചോര്‍ച്ച എക്‌സണ്‍ കമ്പനിയുടെ ടാങ്കര്‍ വാല്‍ഡസ് അലാസ്‌കന്‍ തീരത്തടിച്ചപ്പോഴാണ്. അന്ന് അലാസ്‌കയുടെ തെളിഞ്ഞ കടല്‍ത്തീരങ്ങളിലടിഞ്ഞ ക്രൂഡോയിലിന്റെ അവശിഷ്ടങ്ങളിന്നുമുണ്ട്. അന്നത്തെ ദുരന്തത്തിന് അലാസ്‌കയിലെ കോടതി എക്‌സണ് 480 കോടി ഡോളര്‍ പിഴയിട്ടപ്പോള്‍…സുപ്രീം കോടതി അത് 250 കോടിയായി കുറക്കുകയായിരുന്നു. ആ തുക എക്‌സന്റെ ഒരു ദിവസത്തെ വരുമാനത്തിലും കുറവ് മാത്രമായിരുന്നു. എന്തായാലും എക്‌സണ്‍ ദുരന്തത്തിനുശേഷം വൃത്തിയാക്കാന്‍ വേണ്ട ചിലവ് മുഴുവന്‍ കമ്പനി വഹിക്കണമെന്ന് കൃത്യമാക്കിയിട്ടുണ്ട്.……



എന്തായാലും എണ്ണചോചര്‍ച്ച പ്രശ്‌നം ഇത്തരം ദുരന്തങ്ങളുടെ ഉത്തരവാദിത്വം സംബന്ധിച്ച് അമേരിക്കയില്‍ വ്യവസായവും ഗവണ്മന്റും തമ്മിലുള്ള ഗൗരവമുള്ള ചര്‍ച്ചക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കാം. ഈ വ്യവസായദുരന്തത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വ്യവസായദുരന്തം നടന്ന നമ്മുടെ നാട്ടിലും വ്യവസായങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റി ഉച്ചത്തില്‍ ചില ചര്‍ച്ചകള്‍ നടക്കേണ്ടതാണ്. ഭോപ്പാല്‍ ദുരന്തത്തിനുത്തരവാദികളെ (?) ട്രാഫിക്ക് ആക്‌സിഡന്റിലെ പ്രതികളെപ്പോലെ നിയമവും നീതിപീഠവും വെറുതെ വിട്ടത് നമ്മുടെ രാഷ്ട്രീയക്കാരിലൊന്നും ഒരു ചലനവുമുണ്ടാക്കാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.



ബിപി എണ്ണച്ചോര്‍ച്ചയിലായാലും ഭോപ്പാല്‍ വാതകച്ചോര്‍ച്ചയിലായാലും ഫാക്ടറികളില്‍ ബന്ധപ്പെട്ടവര്‍ നിയമാനുസൃതം എടുക്കേണ്ടിയിരുന്ന മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കില്‍ അപകടങ്ങള്‍ ഒഴിവാകുമായിരുന്നു. അപകടമുണ്ടായ രണ്ടിടത്തും ഉടന്‍ മുന്‍കരുതല്‍ പോലെ സുപ്രധാനമായ ചില തുടര്‍നടപടികളെടുത്തിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ലഘൂകരിക്കാമായിരുന്നു. ഇത് രണ്ടും നടക്കാതെ പോയതിന് ഉത്തരവാദി കമ്പനി മാത്രമല്ല അവരെ പരിശോധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തേണ്ട ഗവണ്മന്റ് ഏജന്‍സിയുടെ കൂടി ചുമതലയായിരുന്നു. വിരല്‍ ചൂണ്ടലിന്റെ നീണ്ട പരമ്പരയുടെ ഒടുവില്‍ ഉത്തരവാദിത്തത്തിന്റെ ' ബോള്‍' എവിടെ ചെന്നവസാനിക്കുമെന്നും നിശ്ചയിക്കേണ്ടതുണ്ട്.



നഷ്ടപരിഹാരം ചര്‍ച്ച ചെയ്യാന്‍ ബിപിയുടെ ചെയര്‍മാനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുന്ന ഒബാമയായാലും നാട്ടുകാരുടെ കോപത്തില്‍ നിന്ന് രക്ഷിക്കാന്‍ യൂനിയന്‍ കാര്‍ബൈഡിന്റെ ചെയര്‍മാനെ നാട്ടിലെത്തിച്ച അന്നത്തെ കോണ്‍ഗ്രസ്സ് നേതൃത്വമായാലും ഇത്തരം ഘട്ടത്തില്‍ പെരുമാറേണ്ടതുപോലെയാണോ പെരുമാറുന്നതെന്നതാണ് മറ്റൊരു ചോദ്യം. രാഷ്ട്രത്തലവന്മാരെ സ്വീകരിക്കാന്‍ പ്രോട്ടോക്കോളുകള്‍ ഉള്ളതുപോലെ ഇത്തരം ഘട്ടങ്ങളില്‍ രാഷ്ട്രത്തലവന്മാര്‍ എങ്ങിനെ പെരുമാറണമെന്നതിനും ഒരു പ്രോട്ടോക്കോള്‍ ഉണ്ടാകണമെന്നാണ് തോന്നുന്നത്.



രാജ്യാന്തര കോര്‍പറേഷനുകള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാണിക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുന്ന ഉത്തരവാദിത്തം അമേരിക്കന്‍ കമ്പനികള്‍ അന്യരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെയും കാണിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം ഭോപ്പാല്‍ ദുരന്തത്തിന്റെ ആത്യന്തിക ഉത്തരവാദി എന്നു പറയാവുന്ന വാറന്‍ ആന്‍ഡേഴ്‌സണെ ഇന്ത്യന്‍ നിയമപ്രകാരം വിചാരണ ചെയ്യാന്‍ അവരനുവദിക്കുമോ എന്നുതന്നെയാണ് ചോദ്യത്തിന്റെ അര്‍ത്ഥം.



സംഭവിച്ച കാര്യങ്ങളുടെ കണക്കു പറയല്‍ മാത്രമല്ല ഇത്. ബിപി ദുരന്തം മറ്റൊരു വിധത്തിലും ഇന്ത്യയില്‍ പ്രസക്തമാണ്. ബിപിയെന്നാല്‍ ബിയോണ്‍ഡ് പെട്രോളിയം എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതായത് പെട്രോളിയത്തിനുമപ്പുറത്ത് ഊര്‍ജസ്രോതസ്സുകള്‍ തേടുന്നവര്‍ എന്ന്. ഇന്നത്തെ സാഹചര്യത്തില്‍ പെട്രോളിയത്തിനുമപ്പുറത്തെ ഊര്‍ജമെന്ന് പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുക ആണവോര്‍ജമാണ് - സൗരോര്‍ജവും ബയോഗ്യാസുമല്ല. അത് തന്നെയാണ് ഇവിടെ പ്രസക്ത വിഷയവും. 123 കരാറിന്റെയും ആണവ ബാധ്യതാ ബില്ലിന്റെയുമൊക്കെ നാളുകളില്‍ ബിപി പ്രതിനിധാനം ചെയ്യുന്ന ഊര്‍ജവ്യവസായത്തിന്റെ ഭാഗമായ റിയാക്ടര്‍ നിര്‍മാണക്കമ്പനികള്‍ ഇന്ത്യയിലേക്ക് വരുന്നതും അവര്‍ വന്‍ലാഭം മോഹിച്ച് ചുളുവിലക്ക് തട്ടിപ്പ് റിയാക്ടറുകള്‍ ഉണ്ടാക്കി വെച്ച് പോകുന്നതും നമ്മള്‍ ആലോചിക്കണം. പത്തോ നൂറോ പേര്‍ക്ക് പ്രസരണമേല്‍ക്കുന്ന ന്യൂക്ലിയര്‍ ചോര്‍ച്ച മാത്രമായിരിക്കില്ല, ഒരു പക്ഷേ മെഗാടണ്‍ ശേഷിയുള്ള അണുവിസ്‌ഫോടനത്തിനു സമമായ മെല്‍റ്റ് ഡൗണ്‍ തന്നെയായിരിക്കും ഇവരുടെ തത്വദീക്ഷയില്ലാത്ത ആര്‍ത്തിയുടെ ഫലം.



നടക്കാതെ പോകട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാന്‍ മാത്രം കഴിയുന്ന അത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കോടിക്കണക്കിന് ഡോളര്‍ പ്രതിഫലം വാങ്ങി രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്ക് കമ്മീഷന്‍ നല്‍കി നമുക്ക് റിയാക്ടറുകളുണ്ടാക്കിത്തരുന്ന ബഹുരാഷ്ട്ര കമ്പനികള്‍ ആവശ്യത്തിന് മുന്‍കരുതലുകള്‍ എടുക്കുമോ? അല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ആപത്ത് ലഘൂകരിക്കാന്‍ പ്രാപ്തിയുള്ള പ്രതികരണത്തിന്റെ പ്രോട്ടോക്കോള്‍ അവര്‍ തയ്യാറാക്കുമോ?



ആഗോളമുതലാളിത്തത്തെയും അമേരിക്കന്‍ സാമ്രാജ്യത്തേയുമൊക്കെ പറ്റി തിയറി പറഞ്ഞ് ഹര്‍ത്താല്‍ നടത്തുന്നതിനു മുമ്പേ നമ്മള്‍ ചോദിച്ചു തുടങ്ങേണ്ടത് ഈ ചോദ്യങ്ങളാണ്.

No comments:

Post a Comment