വരൂ, ഈ അതിശയക്കനി നുകരാന്‍ ...
Published on Fri, 11/25/2011 - 20:36 ( 1 day 14 hours ago)
പി.വി. അരവിന്ദ്
മുന്‍ ലോകസുന്ദരി ഐശ്വര്യറായിയുടെ പ്രസവത്തെച്ചൊല്ലി കോടികളുടെ വാതുവെപ്പിന്റെ കഥ പരന്ന നാടാണിത്. അവിടെയൊരു കൊച്ചുപന്തയത്തിന്റെ സാധ്യത പരീക്ഷിക്കാം. പന്തയത്തുക പതിനായിരമോ അതിനുമുകളിലോ ആയിക്കോട്ടെ. ഒരു പാത്രത്തില്‍ മുറിച്ചുവെച്ച പത്ത് ചെറുനാരങ്ങകള്‍ തിന്നുതീര്‍ക്കണം. ഒറ്റ നിബന്ധനയേയുള്ളൂ. പറ്റാത്തത് തിന്നുകയാണെന്നുള്ള ഗോഷ്ടി മുഖത്തു വേണ്ട. വെല്ലുവിളി ഏറ്റെടുക്കാന്‍ പലരുമെത്തും. കണ്ണിറുക്കിയും മുഖംകോട്ടിയും ഏതാനും കഷണം തിന്നെന്നിരിക്കും. അധികം വൈകാതെ ഇത് പന്തിയല്ലെന്ന് കണ്ട് രംഗം വിടും.
നവരസപ്രകടനത്തിലല്ല പന്തയമെന്ന് വിധിയെഴുതി പന്തയക്കാരന് അടുത്തഘട്ടത്തിലേക്ക് കടക്കാം. ഒരു ലിറ്റര്‍ പാവക്ക നീര് നാരങ്ങാവെള്ളംപോലെ കുടിക്കണം. നവരസങ്ങളില്‍ ഭൂരിഭാഗത്തിനും പടിക്ക് പുറത്താണ് സ്ഥാനം. ആരെങ്കിലുമൊക്കെ കാണും ഒരുകൈ നോക്കാന്‍. നിബന്ധനയില്‍ ഇളവില്ലാത്തതിനാല്‍ അടിയറവിന് അധികനേരം വേണ്ടിവരില്ല. മിക്കപ്പോഴും ജയം പന്തയം വെച്ചയാള്ക്കൊപ്പമാകും. ഒരു കാര്യം. പന്തയപ്പറമ്പിന് നാലയലത്തൊന്നും കോഴിക്കോട് കാരശേãരി ആറ്റുപുറത്ത് ഹുസ്സന്‍ ഇല്ലെന്നുറപ്പാക്കിയാല് നന്ന്. കാരണം, ഇയാളുടെ കൈവശം ഒരു കൊച്ചുപഴമുണ്ട്. പേരിനൊപ്പം മഹാദ്ഭുതം പേറുന്ന ഒന്ന് ^മിറാക്കിള്‍ ഫ്രൂട്ട്. അദ്ഭുതക്കനിയെന്ന് മലയാള പരിഭാഷ. കയ്പ്പും പുളിപ്പും മധുരമാക്കുന്ന രസതന്ത്രം മേനിയിലൊളിപ്പിച്ച പൊന്‍കനി. അതൊന്ന് വായിലിട്ട് അലിയിക്കുകയേ വേണ്ടൂ. നാവില്‍ തട്ടുന്ന കയ്പ്പും പുളിപ്പുമെല്ലാം മധുരമായി മാറും. പത്തു മിനിറ്റു മുതല്‍ രണ്ടു മണിക്കൂറുവരെ നിലനില്ക്കും നാവിന്തുമ്പിലാ തേന്‍രുചി. ചെറുനാരങ്ങയല്ല, വിനാഗിരിവരെ ഹുസ്സന്‍ മൂളിപ്പാട്ടുംപാടി കഴിക്കും. പുളിയല്ല, പുപ്പുളിയാണെങ്കിലും പന്തയം തോല്‍ക്കുന്ന പ്രശ്നമില്ല.
പുളിപ്പിനോടും കയ്പ്പിനോടും മധുവൂറും വികാരം പങ്കിടുന്ന ഇതിന് അറബിക്ക കാപ്പിക്കുരുവിന്റെ ആകൃതിയും വലുപ്പവുമാണ്. ഘാനക്കാരനാണ് ഈ ചോരച്ചുവപ്പന്‍ പഴം. രണ്ടാണ്ടായി കാരശേãരിയിലെത്തിയിട്ട്. പശ്ചിമ ആഫ്രിക്കയിലെ ഈ കാട്ടുസസ്യം ഒരു സുഹൃത്തുവഴിയാണ് ഹുസ്സന്റെ കൈയിലെത്തുന്നത്. ഒത്ത വലിപ്പത്തിലൊരു ചട്ടിയില്‍ പോറ്റിവളര്‍ത്തി. വായിച്ചറിഞ്ഞ വിശേഷങ്ങള്‍ നേരിട്ടറിയാന്‍ കൌതുകത്തോടെ കാത്തിരുന്നു. പരിചരണത്തിന്റെയും കാലാവസ്ഥയുടെയും ആനുകൂല്യംപറ്റി ചെടി നാലടിയോളം വളര്‍ന്നു. രണ്ടാണ്ട് കഴിഞ്ഞതോടെ ചെടിയുടെ മേലാകെ പൂത്തുലഞ്ഞു. ഹുസ്സന്റെ ഉള്ളവും. അഴകേറും വെള്ളപ്പൂക്കള്‍ നിറഞ്ഞുനിന്നു. പൂക്കളില്‍ കുറച്ചെണ്ണം കായ്കളായി. ഒന്നര മാസം കഴിഞ്ഞതോടെ കായ്കള്‍ പലതും ചെഞ്ചായമണിഞ്ഞു. നന്നായി വിളഞ്ഞുപഴുത്ത കായ്കള്‍ പറിച്ച് മധുരപരീക്ഷണത്തിനൊരുങ്ങി. സുഹൃത്തുക്കളില്‍ പലരും പങ്കുകാരായി. പുളിക്ക് പേരുകേട്ട ബുഷ് ഓറഞ്ചിലായി പരീക്ഷണം. മിറാക്കിള്‍ ഫ്രൂട്ട് നുണഞ്ഞവര്‍ മധുരനാരങ്ങ കഴിക്കുന്ന ലാഘവത്തോടെ ബുഷ് ഓറഞ്ച് തിന്നു. എന്തു മധുരമാണിതിനെന്ന് ഇടക്കിടെ പറഞ്ഞു.
ഐക്യരാഷ്ട്ര സഭ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന് ശേഷം ഘാനയില്‍നിന്നുള്ള സവിശേഷ സംഭാവനകളിലൊന്നായി മിറാക്കിള്‍ ഫ്രൂട്ടിനെ ലോകം വിശേഷിപ്പിച്ചാല്‍ തെറ്റില്ല. നാവിന്റെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കുന്ന ഗ്ലൈക്കോ പ്രോട്ടീനായ മിറാക്കിളിന്റെ സാന്നിധ്യമാണ്് ഇതിന്റെ അദ്ഭുത വിശേഷങ്ങള്‍ക്ക് പിന്നിലെന്ന് സസ്യശാസ്ത്രം.
മധുരക്കൊതിയന്മാരായ പ്രമേഹരോഗികള്‍ക്കാണ് ഇതുകൊണ്ടേറെ ഗുണം. പുളിവെള്ളം പായസംപോലെ നുണയാം. അതിനാല്‍ മൂന്നുണ്ട് കാര്യം. പ്രമേഹരോഗിയുടെ മധുരക്കിനാവുകള്‍ പൂവണിയും. ശരീരത്തില്‍ പഞ്ചസാരയുടെ അളവു കൂടില്ല. പ്രകൃതിദത്തമായതിനാല്‍ ദോഷവുമില്ല. കാന്‍സര്‍ രോഗികളില്‍ രുചി വീണ്ടെടുക്കാനും ഇതുപയോഗിക്കുന്നുണ്ട്. കീമോതെറപ്പി വഴി നാവിന്റെ രുചി നഷ്ടപ്പെട്ടവര്‍ക്കാണ് ഇത് അമൃതതുല്യമാകുന്നത്. വായുടെ അരുചി മാറ്റി ആഹാരത്തോട് അഭിനിവേശമുണര്ത്താന് ഇവക്കാവും. ആയുര്‍വേദ ഔഷധങ്ങളുടെ കയ്പ്പിനെ തുരത്താന്‍ പ്രകൃതിദത്ത മാര്‍ഗമാണിത്.
നിത്യഹരിതഗണത്തില് വരുന്ന ഈ ചെടി ചട്ടിയിലും വെറുംനിലത്തും നടാം. ചട്ടിയില്‍ നാല്^ആറ് അടി ഉയരം വെക്കും. നിലത്ത് പരമാവധി 15 അടിവരെ പൊക്കമെത്തും. വളര്‍ച്ചയില്‍ മെല്ലെപ്പോക്കുകാരനാണിത്. ഇളംമധുരമുള്ള ആസ്വാദ്യകരമായ രുചിയാണ് പഴത്തിന്. തൊട്ടുമുമ്പേ കഴിച്ച ആഹാരവസ്തു രുചിയെ സ്വാധീനിക്കും. പുളിയുള്ളതോ മറ്റോ കഴിച്ചാണ് ഈ പഴം രുചിക്കുന്നതെങ്കില്‍ മധുരമേറും. വിത്തിനെ പൊതിഞ്ഞിരിക്കുന്ന മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. അദ്ഭുതക്കനിയുടെ അദ്ഭുതങ്ങളൊളിപ്പിച്ചിരിക്കുന്നത് ഇവിടെയാണ്.
രണ്ട് അടി ഉയരമെത്തുമ്പോള്തന്നെ മിക്ക മരങ്ങളും കായ്ക്കാന്‍ തുടങ്ങും. ആദ്യ ഒന്നുരണ്ടു വര്‍ഷം കായ്പിടിത്തം കുറയുമെങ്കിലും പിന്നീട് നന്നായി കായ്ക്കും. വര്‍ഷം മുഴുവന്‍ കായ്ക്കുന്നതാണ് പൊതുസ്വഭാവമെങ്കിലും രണ്ടു തവണ നന്നായി കായ്ക്കും. മറ്റു സമയങ്ങളില്‍ കായ്കളുടെ എണ്ണം കുറവായിരിക്കും. വിത്ത് നട്ടുള്ള വംശവര്‍ധനയാണ് പ്രധാനം. അവ കായ്ക്കാന്‍ രണ്ടര^മൂന്നു വര്‍ഷമെടുക്കും.
വാഴുന്നിടത്തിനും വേണം അതിന്റേതായ സവിശേഷതകള്‍. കുമ്മായപറ്റില്ലാത്തതാവണം പോട്ടിങ് മിശ്രിതം. മണ്ണില്‍ കുമ്മായം കലര്‍ന്നാല്‍ ചെടി നശിക്കും. അമ്ലഗുണമേറിയതാവണം മണ്ണ്. കാരണം, പുളിയോടാണ് പുള്ളിക്ക് ചങ്ങാത്തം. മണ്ണില്‍ നല്ല ജൈവാംശം വേണം. സൂക്ഷ്മമൂലകങ്ങളുടെ സാന്നിധ്യം ചെടിയുടെ വളര്‍ച്ച കൂട്ടും. വന്യവിളയാണെങ്കിലും അകത്തളത്തോട് പ്രിയമേറെയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെറിയതോതില്‍ വാണിജ്യകൃഷിയുണ്ട്. സംരക്ഷിതാന്തരീക്ഷത്തിലാണ് പരിപാലനം. ചെറിയ അളവില്‍ തണല്‍ വേണം. അതിശൈത്യത്തെ അസാധാരണമായി നേരിടാനുള്ള കെല്പുണ്ട്. ഇതിന്റെ ജാതകത്തില്‍ കുറിച്ചിട്ടത്ര ദോഷങ്ങളൊന്നും പരിപാലനത്തില്‍ കണ്ടില്ലെന്നാണ് ഹുസ്സന്റെ പക്ഷം. പഴം ചൂടാക്കിയോ അധികം തണുപ്പിച്ചോ സൂക്ഷിക്കാമെന്ന മോഹം നടപ്പില്ല. സവിശേഷഗുണം പമ്പ കടക്കുമെന്നതുതന്നെ കാര്യം. എങ്കിലും ഇവയുടെ പള്‍പ്പ് സംസ്കരിച്ച് ഗുളികരൂപത്തിലാക്കിയത് വിദേശവിപണിയിലുണ്ട്. ഗുണത്തിന്റെ കാര്യത്തില്‍ സംശയം ഇല്ലാതില്ല. പഴത്തിന്റെ സൂക്ഷിപ്പുകാലം കുറവാണെന്നതാണ് പ്രധാന ന്യൂനത. വാണിജ്യകൃഷി വികസിക്കാത്തതിന്റെ മുഖ്യകാരണവും അതാകാം. എങ്കിലും കൈയെത്തും ദൂരത്ത് ഒരു ചട്ടിയില്‍ ഇതിന് ഇരിപ്പിടമൊരുക്കുന്നത് അധികപ്പറ്റാവില്ല. ആദ്യം കായ്ച്ച പഴത്തിന്റെ ഏതാനും വിത്തുകള്‍ കിളിര്‍ത്തിട്ടുണ്ട്. ആവശ്യത്തിന് ഈര്‍പ്പമുള്ള ചെമ്മണ്ണിലാണ് വിത്തിട്ടത്. എട്ടാഴ്ചക്കകം 60 ശതമാനത്തിലേറെ വിത്തുകള്‍ മുളപൊട്ടി. വളര്‍ച്ചയിലെ മെല്ലെപ്പോക്കിനെക്കുറിച്ചറിയുന്നതിനാല് കാത്തിരിപ്പില്‍ മുഷിപ്പില്ല. എങ്കിലും ഇവയുടെ ഓരോ ഇല വിടരുന്നതും നോക്കിയിരിപ്പാണ് ഈ മരസ്നേഹി.
ഭക്ഷ്യസുരക്ഷ ആശങ്കയുയര്‍ത്തുന്ന ഇക്കാലത്ത് ആരോഗ്യഭക്ഷ്യവിപ്ലവത്തിന് നാന്ദിയാകുമോ ഇച്ചെടി. വെളുത്ത കൊലയാളിയെന്ന് ആരോഗ്യലോകം മുദ്രകുത്തിയ പഞ്ചസാരയുടെ അന്തകനാകാന്‍ ഈ കുഞ്ഞന്ചെടിക്ക് കെല്പില്ലെന്നാരുകണ്ടു. മധുരത്തിന് ബദലാകാന്‍ കാപ്പിരിക്കാട്ടില്നിന്നെത്തിയ അതിഥിയാണോ ഇതെന്നാരറിഞ്ഞു. പരീക്ഷണങ്ങള്‍ പുരോഗമിക്കട്ടെ.
വാനിലയും സ്റ്റീവിയയുമെല്ലാം കുറേപ്പേരുടെ കാശ് കവര്‍ന്നത് മറക്കാറായിട്ടില്ല. അത്തരമൊരു പേരുദോഷം മിറാക്കിള്‍ ഫ്രൂട്ടിനുണ്ടാകാന് സാധ്യതയില്ല. ഇവയുടെ ലഭ്യതക്കുറവുതന്നെയാണതിന് കാരണം. കിട്ടാനില്ലാത്തതിന് പണം മുടക്കേണ്ടല്ലോ.
കൂടുതല്‍ വിവരങ്ങള്‍ക്ക് 097453 32055
കൂടുതല്‍ വിവരങ്ങള്‍ക്ക് 097453 32055
കാര്ഷികത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ അറിയിക്കാന്‍: agrivividha@gmail.com
No comments:
Post a Comment