Saturday, December 8, 2012

ഇടവിളയായി ആദായ പുഷ്‌പങ്ങള്‍

ഇടവിളയായി ആദായ പുഷ്‌പങ്ങള്‍
http://www.mathrubhumi.com/agriculture/story-323229.html


തെങ്ങിന് ഇടവിളയായി ഹെലിക്കോണിയ നട്ടുവളര്‍ത്തിയാല്‍ അത്. നല്ലൊരു വരുമാന മാര്‍ഗമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് മേഴ്‌സിജോണി എന്ന വീട്ടമ്മ. ഒരാഴ്ച കുറഞ്ഞത് അയ്യായിരം രൂപയുടെ ഹെലിക്കോണിയാ പൂക്കള്‍ ഇവരിന്ന് വിറ്റഴിക്കുന്നു. 

ഗുരുവായൂര്‍ മുനിസിപ്പല്‍ പ്രദേശത്തുതാമസിക്കുന്ന മേഴ്‌സി ഹോബിയെന്ന നിലയില്‍ 2006-ലാണ് പുഷ്പകൃഷി തുടങ്ങിയത്. തെങ്ങിന്‍ തോപ്പില്‍ കുറേസ്ഥലത്ത് ഹെലിക്കോണിയ നട്ടുവളര്‍ത്തി. അവ പൂവിട്ടതോടെ വില്പനസാധ്യത അന്വേഷിച്ചെങ്കിലും വജയിച്ചില്ല. എന്നാല്‍ രണ്ടുമൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കഥ മാറി. തൃശ്ശൂര്‍ നഗരത്തില്‍നിന്ന് പുഷ്പവ്യാപാരികള്‍ ഹെലിക്കോണിയ പൂക്കള്‍ വാങ്ങാനെത്തി. അവരുടെ ഡിമാന്റനുസരിച്ച് പൂക്കള്‍ നല്‍കാനാവാത്ത സ്ഥിതിയായി. ഇതിനിടെ ഭര്‍ത്താവായ ജോണി ഗള്‍ഫ് സേവനം അവസാനിപ്പിച്ചു മടങ്ങിയെത്തി. രണ്ടുപേരും ചേര്‍ന്ന് ഒന്നര ഏക്കര്‍ തെങ്ങിന്‍ തോപ്പ് മുഴുവന്‍ഹെലിക്കോണിയ നട്ട് ആദായം പതിന്‍മടങ്ങായി.

തെങ്ങിന്‍തോപ്പില്‍ 24 ഇനം ഹെലിക്കോണിയകളാണ് ഇവരിന്ന് നട്ടുവളര്‍ത്തുന്നത്. തെങ്ങുകള്‍ക്കിടയില്‍ കൂനകൂട്ടി ഒന്നര മീറ്ററോളം അകലത്തിലാണ് ഹെലിക്കോണിയയുടെ കിഴങ്ങുകളോ കന്നുകളോ നടുക. ഈര്‍പ്പം നല്ലതോതില്‍ ആവശ്യമുള്ള വിളയാണെങ്കിലും വെള്ളക്കെട്ടുണ്ടായാല്‍ കിഴങ്ങുകള്‍ അഴുകാനിടയുണ്ട്. അതുകൊണ്ട് തുള്ളി നനയാണ് അനുയോജ്യമെന്ന് മേഴ്‌സി അഭിപ്രായപ്പെടുന്നു. തോട്ടത്തിലെ ഹെലിക്കോണിയകളുടെ ചുവടൊക്കെ സ്വിപ്പ് സംവിധാനം ഉപയോഗിച്ച് നനയ്ക്കുന്നുണ്ട്. പുതയിടാനും നിഷ്‌കര്‍ഷിക്കുന്നു. കൃഷിയിടത്തിലെ അവശിഷ്ടങ്ങളും ഗൃഹാവശിഷ്ടങ്ങളും മണ്ണിരക്കമ്പോസ്റ്റാക്കുന്നുണ്ട്. ഇതാണ് ഹെലിക്കോണിയയ്ക്ക് പ്രധാന വളം. പുറമെ സാധാരണ കമ്പോസ്റ്റും ചാണകവും നല്‍കുന്നു. നട്ട് ഒന്നര രണ്ട് മാസംകൊണ്ട് പൂവിടല്‍ ആരംഭിക്കും. 3 മുതല്‍ 4 വര്‍ഷം വരെയേ ഒരു ഹെലിക്കോണിയ ചെടി ലാഭകരമായ തോതില്‍ പൂക്കള്‍ തരികയുള്ളൂ. അപ്പോഴേയ്ക്ക് അവയുടെ ചുവട്ടില്‍ ധാരാളമായുണ്ടാകുന്ന ചെറിയ കന്നുകള്‍ വളര്‍ന്ന് പൂത്ത് തുടങ്ങിയിരിക്കും. ഇങ്ങനെ കുറ്റിവിളയായി ഹെലിക്കോണിയ വളര്‍ത്തുന്നു. ഒന്നര ഏക്കറില്‍ നിന്ന് അയ്യായിരത്തോളം രൂപയുടെ പൂക്കള്‍ ഓരോ ആഴ്ചയും വിളവെടുക്കും. തൃശ്ശൂരില്‍ നിന്നുള്ള പുഷ്പവ്യാപാരികള്‍ കൃഷിയിടത്തിലെത്തിത്തന്നെ പൂക്കള്‍ വാങ്ങുന്നുണ്ട്. നല്ല ഇനങ്ങളുടെ പൂക്കള്‍ക്ക് 25 രൂപവരെ വില കിട്ടും. കന്നുകള്‍ക്ക് നല്ല പ്രിയമാണ്, നല്ല ഇനങ്ങളുടെ കന്ന് 500 രൂപയ്ക്കുവരെ വില്‍ക്കാനാകുന്നു.

മേഴ്‌സി, വീട്ടുവളപ്പില്‍ ആന്തൂറിയം ചെടികളും വളര്‍ത്തുന്നുണ്ട്. ട്രോപ്പിക്കല്‍ റെഡ് ഇനത്തില്‍പ്പെട്ട 3000-ഓളം ചെടികളെ ഗ്രീന്‍ഹൗസില്‍ പരിപാലിക്കുന്നു. ആവി നനയാണ് ഇവയ്ക്കുനല്‍കുക. മണ്ണിരക്കമ്പോസ്റ്റിനു പുറമെ, ഇതിന്റെ സത്തും കടലപ്പിണ്ണാക്കും പുളിപ്പിച്ച് നേര്‍പ്പിച്ചതും വളമായി നല്‍കുന്നു. മാസത്തില്‍ കുറഞ്ഞത് 400 പൂക്കള്‍ വിളവെടുക്കാം. വലിപ്പമനുസരിച്ച് 8 മുതല്‍ 12 രൂപവരെ പൂവിന് ലഭിക്കും.

നാഗരികര്‍ക്കിടയില്‍ പ്രിയമേറിവരുന്ന പൂച്ചെടിയാണു മിനി ആന്തൂറിയം. വ്യത്യസ്തങ്ങളായ പലവര്‍ണങ്ങളില്‍ ഇതു കാണപ്പെടുന്നു. ഇവയുടെ തൈകളും മേഴ്‌സി വില്‍ക്കുന്നുണ്ട്. കൂടാതെ പലയിനം ഓര്‍ക്കിഡുകളുടെ തൈകളും.

ഗുരുവായൂരില്‍ ഒരു സസ്യനഴ്‌സറിക്ക് മേഴ്‌സി ജോണി അടുത്തിടെ തുടക്കം കുറിച്ചു. മേഴ്‌സിയുടെ മാതൃക പിന്‍തുടര്‍ന്ന് ഈ പ്രദേശത്തെ ഒട്ടേറെ വീട്ടമ്മമാര്‍ പുഷ്പകൃഷിയില്‍ ചുവടുവെച്ചിട്ടുണ്ട്. 

Wednesday, October 3, 2012

കേരകൃഷിയുടെ രക്ഷയ്ക്ക് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍

കേരകൃഷിയുടെ രക്ഷയ്ക്ക് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍

Posted on: 03 Oct 2012
ബി.രാജേഷ്‌കുമാര്‍


നാളികേരത്തിന്റെ സ്വന്തം നാടാണ് കേരളം.നാളികേര ഉത്പാദനത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനവും ഉത്പാദനക്ഷമതയില്‍ രണ്ടാം സ്ഥാനവും നമുക്ക് സ്വന്തം. കേരകൃഷി കേരളത്തിലെ കര്‍ഷകജീവിതത്തിന്റെ നട്ടെല്ലാകേണ്ടതാണെങ്കിലും കൃഷിയിടങ്ങളിലും വിപണിയിലും വിളയുന്നതിലേറെയും നഷ്ടത്തിന്റെയും നിരാശയുടെയും കഥകള്‍ മാത്രം. വെളിച്ചെണ്ണ വിപണിയിലെ തിരിച്ചടികള്‍ നാളികേരവിലയെ സാരമായി ബാധിക്കുന്നത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മാറാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

കേരളത്തിന്റെ കല്പവൃക്ഷമാണ് തെങ്ങ്. എല്ലാഭാഗങ്ങളും ഉപയോഗപ്പെടുത്താവുന്ന അപൂര്‍വ വൃക്ഷം. പക്ഷേ കേരകൃഷി ഉപജീവനമാക്കിയ 42 ലക്ഷത്തോളം പേര്‍ പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന കാഴ്ചയാണിന്ന്. തെങ്ങ് ചതിക്കില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. പക്ഷേ ആഴത്തില്‍ ചിന്തിച്ചാല്‍ ഒന്നു വ്യക്തമാകും, തെങ്ങിനെ നമ്മള്‍ ചതിക്കുകയായിരുന്നുവെന്ന്. അനന്തസാധ്യതകള്‍ ഉണ്ടായിട്ടും അതുപയോഗപ്പെടുത്താനാവാതെ മാറി നിന്നതിന്റെ തിക്തഫലം കാര്‍ഷികരംഗത്തിന് മാത്രമല്ല, വ്യവസായ, സാമ്പത്തിക മേഖലകള്‍ക്കും തിരിച്ചടിയായി. ഈ പശ്ചാത്തലത്തില്‍ മൂല്യവര്‍ധിത നാളികേരോത്പന്നങ്ങളുടെ ഉത്പാദനത്തിനും വിപണനത്തിനും വിപുലമായ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് നാളികേര വികസന ബോര്‍ഡ്.

കൊപ്ര, വെളിച്ചെണ്ണ, പാചകം.... കേരളത്തിന്റെ നാളികേര ഉപയോഗത്തിന്റെ സിംഹഭാഗവും ഇങ്ങനെ. വിളഞ്ഞ നാളികേരം കേരളത്തില്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് രണ്ട് ശതമാനമാണെന്നാണ് നാളികേര വികസന ബോര്‍ഡിന്റെ കണക്ക് . വെളിച്ചെണ്ണവില ഇടിഞ്ഞാല്‍ തേങ്ങാ വിലയും താഴോട്ടാവും. അഞ്ച് രൂപയില്‍ താഴേക്കുവരെ തേങ്ങാവില കൂപ്പുകുത്തുമ്പോള്‍ കര്‍ഷകന്‍ കണ്ണീര്‍ക്കയത്തില്‍ പിടയുന്ന കാഴ്ചയാണ് വര്‍ത്തമാന കേരളത്തില്‍. വെളിച്ചെണ്ണയുടെ വില നിശ്ചയിക്കുന്ന കുത്തക കമ്പനികള്‍ കേരളത്തിന് കനത്ത ആഘാതം സൃഷ്ടിക്കുമ്പോള്‍ ശ്രീലങ്ക, തായ്‌ലന്റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കര്‍ഷകരാവട്ടെ വൈവിധ്യമാര്‍ന്ന നാളികേരോത്പന്നങ്ങളിലൂടെ സാമ്പത്തിക ഭദ്രത നിലനിര്‍ത്തുന്നു.

നാളികേര ഉത്പാദനത്തില്‍ കേരളത്തേക്കാള്‍ പിന്നിലായ ചില രാജ്യങ്ങളുടെ പോലും കയറ്റുമതിയില്‍ നിന്നുള്ള വരുമാനം, ഇന്ത്യയുടെ നാളികേരോത്പന്നങ്ങളുടെ കയറ്റുമതി വരുമാനത്തിന്റെ പല മടങ്ങാണ്. ഈ രാജ്യങ്ങളിലൊന്നും വെളിച്ചെണ്ണയുടെ വിലയിടിവ് തേങ്ങയുടെ വിലയെ ബാധിക്കാറില്ല. കാരണം ലളിതം. തേങ്ങയില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് നാളികേരവിലയെയും കൃഷിക്കാരുടെ വരുമാനത്തെയും നിര്‍ണിയിക്കുന്നത്.

കൊപ്രയ്ക്ക് താങ്ങുവില നിശ്ചയിച്ചത് കൊണ്ടോ നാഫെഡ് കൊപ്ര സംഭരിച്ചതിനാലോ മാത്രം വിലസ്ഥിരതയെന്ന ലക്ഷ്യം പൂര്‍ണമായി നേടാനാകില്ലെന്ന് നാളികേര വികസനബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ് പറയുന്നു. പതിനെട്ട് കോടിയോളം തെങ്ങുകളുള്ള കേരളത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണവും വിപണനവും വഴി മാത്രമേ തേങ്ങയ്ക്ക് സ്ഥിരവിലയും കര്‍ഷകര്‍ക്ക് സ്ഥിരവരുമാനവും ഉണ്ടാകൂയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ രീതിയിലുളള നീക്കങ്ങള്‍ക്ക് നാമേറെ വൈകിയെന്നതാണ് തിരിച്ചടികള്‍ ഇത്ര രൂക്ഷമാകാന്‍ കാരണം. നാളികേരോത്പാദനത്തിന്റെ ഇരുപത്തിയഞ്ച് ശതമാനമെങ്കിലും കരിക്കായും വിളഞ്ഞ നാളികേരത്തിന്റെ നാല്‍പത് ശതമാനമെങ്കിലും കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും പുറമെയുള്ള ഉത്പന്നങ്ങളുമാക്കാന്‍ കഴിയുകയും ചെയ്താല്‍ വിലസ്ഥിരത നേടാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൊപ്ര, വെളിച്ചണ്ണ, മറ്റ് മൂല്യവര്‍ധിത നാളികേരോത്പന്നങ്ങള്‍ എന്നിവയ്ക്കായി തൊണ്ണൂറോളം യൂണിറ്റുകള്‍ മാത്രമാണ് കേരളത്തില്‍ ഉള്ളത്.

പ്രകൃതിയുടെ വരദാനമെന്ന് വിശേഷിപ്പിക്കാവുന്ന കരിക്കിന്‍ വെള്ളത്തിന് ആഗോളതലത്തില്‍ തന്നെ വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പോഷകസമൃദ്ധമെന്നതിന് പുറമെ പരിശുദ്ധിയുടെ പ്രതീകവുമായ കരിക്കിന്‍ വെള്ളത്തിന്റെ മാര്‍ക്കറ്റ് ഇനിയും ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ആകെ ഉത്പാദിപ്പിക്കുന്ന 580 കോടി നാളികേരത്തിന്റെ നാലിലൊന്നുപോലും കരിക്കെന്ന നിലയില്‍ വിപണനം നടത്താന്‍ കഴിയുന്നില്ല. കേരളത്തിന്റെ ദാഹം ശമിപ്പിക്കാന്‍ തമിഴ്‌നാടിന്റെ കരിക്ക് വേണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കരിക്കിന്‍ വെള്ളം പായ്ക്കറ്റിലാക്കി വിപണിയിലെത്തിക്കുന്ന ഒരു യൂണിററ് മാത്രമാണ് നിലവില്‍ കേരളത്തിലുള്ളത്. ബഹുരാഷ്ട്ര കമ്പനികള്‍ പോലും കരിക്കിന്‍വെള്ളത്തിനായി കേരളത്തിലേക്ക് ഉററുനോക്കുമ്പോള്‍ അവസരങ്ങളുപയോഗപ്പെടുത്താനാകാതെ നാം പകച്ചുനില്‍ക്കുന്നു.

കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്ര, ഗുജറാത്ത്, ഒറീസ്സ എന്നീ സംസ്ഥാനങ്ങളില്‍ കരിക്കിന്‍വെള്ളം ബോട്ടിലിലാക്കി ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ പലതുണ്ട്.തമിഴ്‌നാട്ടില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതിയുമുണ്ട്. ബഹുരാഷ്ട്ര കമ്പനികള്‍ തമ്മില്‍ വരും നാളുകളില്‍ ഇളനീരിനായുള്ള മത്സരം തന്നെ ഉണ്ടാവുമെന്നാണ് വിപണിയില്‍ നിന്നുള്ള വര്‍ത്തമാനം.

ബ്രിട്ടന്‍, നെതര്‍ലന്‍ഡ്, കാനഡ, മെക്‌സിക്കോ, യു.എ.ഇ, ജപ്പാന്‍, കൊറിയ, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് നാളികേരോത്പന്ന കയറ്റുമതിക്ക് അനന്തസാധ്യതകളാണുള്ളത്. കരിക്കിന്‍വെള്ളവും നാളികേരവും സംസ്‌കരിച്ച് വില്‍പ്പനയും കയറ്റുമതിയും നടത്തുന്ന അഞ്ഞൂറിലേറെ കമ്പനികള്‍ ശ്രീലങ്കയിലും ആയിരത്തിലേറെയെണ്ണം ഫിലിപ്പൈന്‍സിലുമുണ്ട്.

ചെത്തിയൊരുക്കി സംസ്‌കരിച്ച (മിനിമല്‍ പ്രോസസ്സിംഗ്) കരിക്കുകള്‍ക്കും കയറ്റുമതി സാധ്യത ഏറെയാണ്. ഇങ്ങനെ സംസ്‌കരിക്കുന്ന കരിക്ക് 24 ദിവസം വരെ അഞ്ചു മുതല്‍ ഏഴു വരെ ഡിഗ്രി സെല്‍ഷ്യസ് ശീതീകരിച്ച അവസ്ഥയില്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്.
മധുരപലഹാര നിര്‍മാണത്തിനും ഭക്ഷ്യവ്യവസായത്തിനും ഏറെ പ്രാധാന്യമുള്ള തൂള്‍ത്തേങ്ങ, പായ്ക്ക് ചെയ്ത തേങ്ങാപ്പാല്‍, കൊഴുപ്പകറ്റിയ ശേഷമുള്ള സ്‌കിംഡ് തേങ്ങാപ്പാല്‍, പശുവിന്‍ പാലിന് പകരം ഉപയോഗിക്കാവുന്ന കുപ്പിയിലാക്കിയ തേങ്ങാപ്പാല്‍, തേങ്ങാപ്പാലില്‍ നിന്ന് ജലാംശം അകറ്റിയ തേങ്ങപ്പാല്‍ പൊടി, വിറ്റമിന്‍ ഇ സമ്പുഷ്ടമായ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, കോക്കനട്ട് ഐസ്‌ക്രീം, കോക്കനട്ട് ഷുഗര്‍ തുടങ്ങിയവ ഏറെ പ്രാധാന്യമുള്ള മൂല്യവര്‍ധിത കേരോത്പന്നങ്ങളാണ്.

ഒരു ലക്ഷം തേങ്ങ സംസ്‌കരിക്കുന്ന യൂണിറ്റില്‍ ഏഴര ടണ്‍ വെര്‍ജിന്‍ വെളിച്ചെണ്ണ, 9 ടണ്‍ തൂള്‍ തേങ്ങ, 11500 ലിറ്റര്‍ തേങ്ങാവെള്ളം, 16.5 ടണ്‍ സ്‌കിം മില്‍ക്ക്, 11.5 ടണ്‍ ചിരട്ട എന്നിവ ലഭിക്കുമെന്നാണ് നാളികേര വികസന ബോര്‍ഡിന്റെ കണക്ക്.ചിരട്ടയില്‍ നിന്ന് ചിരട്ടപ്പൊടി, ചിരട്ടക്കരി, ആക്ടിവേറ്റഡ് കാര്‍ബണ്‍ എന്നിവയും നിര്‍മിക്കാം.
മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട്, ബാംഗ്‌ളൂരിലെ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറി എന്നിവയുമായി ചേര്‍ന്നാണ് ഗുണമേന്മയുള്ള പല മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. കരിക്കിന്‍വെള്ളവും കാമ്പും കലര്‍ത്തിയ കരിക്ക് പാനീയം (കോക്കനട്ട് ലസ്സി), കോക്കനട്ട് ഹണി, ഗാഢ തേങ്ങാവെള്ളം ഉപയോഗിച്ചുള്ള കോക്കനട്ട് സ്‌പ്രെഡ് എന്നിവയ്ക്കും വിപണിയില്‍ അനന്തസാധ്യതകളുണ്ട്.

തേങ്ങാവെള്ളത്തില്‍ നിന്നും തേങ്ങാപ്പാലില്‍ നിന്നും തയ്യാറാക്കാവുന്ന സസ്യവളര്‍ച്ചാ ഹോര്‍മോണായ കൊക്കോഗ്രോ, തേങ്ങാപ്പാല്‍ യോഗര്‍ട്ട്, തേങ്ങ പഞ്ചസാര (പാം ഷുഗര്‍), പുളിപ്പിച്ച തേങ്ങാവെള്ളം ഉപയോഗിച്ച് നിര്‍മിക്കുന്ന നാളികേര വിനാഗിരി ... ഉത്പന്ന നിര അങ്ങനെ നീളുകയാണ്. പുറമെ തെങ്ങിന്‍ തടിയില്‍ നിന്നുള്ള ഉത്പന്നങ്ങളും.
മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ സാങ്കേതികവിദ്യയും 25 ശതമാനം സാമ്പത്തിക സഹായവും നാളികേരവികസനബോര്‍ഡ് നല്‍കുന്നുണ്ടെന്ന് ചെയര്‍മാന്‍ ടി.കെ. ജോസ് പറഞ്ഞു. ചെറുകിട കര്‍ഷക, കാര്‍ഷിക ബിസിനസ് കണ്‍സോര്‍ഷ്യത്തില്‍ നിന്നും 10 ശതമാനം വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടിങ്ങും ലഭ്യമാണ് . കര്‍ഷകരുടെ ഉത്പാദകകമ്പനികള്‍ക്ക് നബാര്‍ഡിന്റെയും വിവിധ പദ്ധതികളില്‍ സഹായം ലഭ്യമാണ്. പുതിയ സംരംഭങ്ങള്‍ക്ക് വിപണന പ്രചാരണ ചെലവിന്റെ 50 ശതമാനം തുകയും ബോര്‍ഡ് നല്‍കുന്നുണ്ട്. ഇതിന് പുറമെ സംസ്ഥാനസര്‍ക്കാരും 25 ശതമാനം തുക സബ്‌സിഡിയായി നല്‍കും. ഇത്തരം നടപടികളുടെ ഭാഗമായി നിരവധി സംരംഭകര്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിനും വിതരണത്തിനും താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്.

നാളികേര ഉത്പാദകസംഘങ്ങളും, അവയുടെ ഫെഡറേഷനുകളും മൂല്യവര്‍ധിത ഉത്പാദനരംഗത്തേക്ക് കടന്നാല്‍ ഏറെ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ പിന്തുണ നല്‍കുകയും വേണം. നാളികേരോത്പന്നങ്ങളുടെ അന്തരാഷ്ട്ര വിപണി കണ്ടെത്തുന്നതിനും ബോര്‍ഡ് സഹായം നല്‍കുന്നുണ്ട്. അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ഉത്പന്ന നിര്‍മാണ മേഖലയിലേക്ക് കടന്ന് കേരകൃഷിരംഗത്തിന്റെ രക്ഷക്ക് അടിയന്തിരശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്.

Mathrubhumi - Agriculture - കേരകൃഷിയുടെ രക്ഷയ്ക്ക് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ -

Mathrubhumi - Agriculture - കേരകൃഷിയുടെ രക്ഷയ്ക്ക് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ -:

'via Blog this'